ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ വേദികളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും പാകിസ്താനൊപ്പം ദുബായിലും മല്‍സരങ്ങള്‍ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏകദിന ഫോര്‍മാറ്റിലാണ് അടുത്ത ചാംപ്യന്‍സ് ട്രോഫിയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് പ്രത്യേകതകളുള്ള ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. ഒന്നാമത്തേത് പുതിയ കോച്ച് ഗൗതം ഗംഭീറിനു കീഴില്‍ ടീമിന്റെ ആദ്യത്തെ അഗ്നിപരീക്ഷയായിരിക്കും ഇതെന്നതാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരടക്കമുള്ള ടീമിലെ ചില സീനിയര്‍ താരങ്ങളുടെ അവസാനത്തെ ഐസിസി ടൂര്‍ണമെന്‍റാവും ഇതെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ തൃപ്തിപ്പെടുത്തില്ലെന്നും ഉറപ്പാണ്.

രോഹിത്തിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയായിരിക്കും ചാംപ്യന്‍സ് ട്രോഫിക്കു വേണ്ടി ഇന്ത്യ അയക്കുന്നത്. ആരൊക്കെയാവും സംഘത്തിലുണ്ടാവുമെന്നു ഏറെക്കുറെ ചിത്രവും തെളിഞ്ഞു കഴിഞ്ഞു. എന്നാല്‍ ഫസ്റ്റ് ചോയ്‌സ് കളിക്കാരില്ലാതെ ഒരു രണ്ടാംനിര ടീമിനെ ടൂര്‍ണമെന്റില്‍ പരീക്ഷിച്ചാല്‍ എങ്ങനെയിരിക്കും? കിരീടം നേടാന്‍ ശേഷിയുള്ള ഇന്ത്യയുടെ രണ്ടാംനിര പ്ലെയിങ് ഇലവനില്‍ ആരൊക്കെയുണ്ടെന്നു നോക്കാം.
ടോപ്പ് ത്രീ
ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ ഓപ്പണിങ് കൈകാര്യം ചെയ്യുക റുതുരാജ് ഗെയ്ക്വാദും വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനുമായിരിക്കും. ഒരു സമയത്തു ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരില്‍ ഒരാളായിരുന്ന ഇഷാന്‍ ഇപ്പോള്‍ ടീം പ്ലാനുകളുടെ ഭാഗമല്ല.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറാവാതെ മാറിനിന്നതോടെ ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റില്‍ താരം ഉള്‍പ്പെട്ടിരിക്കുകയാണ്. അതിനു ശേഷം ദേശീയ ടീമിലും ഇഷാന് ഇടം ലഭിച്ചിട്ടില്ല. അടുത്ത ചാംപ്യന്‍സ് ട്രോഫിയിലും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയില്ല.
റുതുരാജാവട്ടെ ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. പക്ഷെ ഒരു ടീമിലും അദ്ദേഹത്തിനു സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് റുതുരാജ്. ടി20ക്കും ഏകദിനത്തിനും അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. ഏകദിനത്തില്‍ ആങ്കര്‍ റോളുകളില്‍ തിളങ്ങാന്‍ റുതുരാജിനു സാധിക്കും.
മൂന്നാം നമ്പറില്‍ കളിക്കുക യുവ ഇടംകൈയന്‍ ബാറ്ററായ സായ് സുദര്‍ശനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടുന്ന അദ്ദേഹം ഏകദിനത്തില്‍ ഇതിനകം ഇന്ത്യക്കായി അരങ്ങേറിക്കഴിഞ്ഞു. മൂന്നു കളിയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 127 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
മധ്യനിരയില്‍ ഇവര്‍
ഇന്ത്യന്‍ മധ്യനിര ബാറ്റിങിലേക്കു വന്നാല്‍ നാല് മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ശ്രേയസ് അയ്യര്‍, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി എന്നിവരാണ്.
ഇഷാന്‍ കിഷനെപ്പോലെ ആഭ്യന്തര ക്രിക്കറ്റിനെ വില കുറച്ചു കണ്ടതിന്റെ പേരില്‍ പണി കിട്ടിയ താരമാണ് ഒരു സമയത്തു മൂന്നു ഫോര്‍മാറ്റിലും ടീമിലുണ്ടായിരുന്ന ശ്രേയസ്. നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യന്‍ ടീമിലില്ല. എന്നാല്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ നയിക്കുക ശ്രേയസായിരിക്കും.

അഞ്ചാം നമ്പറിലുള്ള സഞ്ജുവാണ് ടീമിനു വേണ്ടി വിക്കറ്റ് കാക്കുക. ചാംപ്യന്‍സ് ട്രോഫി ടീമിലെ സ്ഥാനത്തിനു വേണ്ടി അദ്ദേഹം മല്‍സരരംഗത്തുണ്ടെങ്കിലും റിഷഭ് പന്തിനായിരിക്കും പ്രഥമ പരിഗണന. കൂടാതെ ബാക്കപ്പായി കെഎല്‍ രാഹുലും വന്നേക്കും. സഞ്ജു കഴിഞ്ഞാല്‍ ആറാമനായി നിതീഷാണ് ബെസ്റ്റ്. ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായി വളര്‍ന്നു വരുന്ന താരമാണ് അദ്ദേഹം.
ലോവര്‍ ഓര്‍ഡര്‍, ബൗളിങ് നിര
ഇന്ത്യന്‍ ടീമില്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും മിസ്റ്ററി സ്പിന്നറായിട്ടുള്ള വരുണ്‍ ചക്രവര്‍ത്തിയുമായിരിക്കും. പേസ് ബൗളിങ് നിരയില്‍ പരിചയ സമ്പന്നായ ഭുവനേശ്വേര്‍ കുമാറിനോടൊപ്പം ടി നടരാജന്‍, ആവേശ് ഖാന്‍ എന്നിവരുമുണ്ടാവും. ദീര്‍ഘകാലം ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ച ഭുവി ഇപ്പോള്‍ ടീമിനു പുറത്താണ്.
ഇന്ത്യന്‍ പ്ലെയിങ് 11
റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, സായ് സുദര്‍ശന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ആവേശ് ഖാന്‍.