Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: ലോഹിത്തിന് ലാസ്റ്റ് ചാന്‍സ്!! നായകനായി ഇനിയില്ല? കടിഞ്ഞാണ്‍ ഗില്ലിലേക്ക്

ദുബായ്: രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കുന്ന അവസാന മല്‍സരമായി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മാറുമെന്നു റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കലാശപ്പോര് ദുബായില്‍ നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തിന്റെ ഫലം എന്തു തന്നെയായാലും ഏകദിനത്തില്‍ അദ്ദേഹം ഇനി നായകസ്ഥാനത്തു തുടരില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.

ഫൈനലിനു ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ബിസിസിഐയുടെ നീക്കം. എന്നാല്‍ വിരമിക്കലിനെ കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ല. പക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയാല്‍ വെറുമൊരു താരമായി തുടര്‍ന്നും രോഹിത് കളിക്കുമോയെന്നതു കണ്ടു തന്നെ അറിയുകയും വേണം.

ROHIT SHARMA

ലക്ഷ്യം 2027ലെ ലോകകപ്പ്

ചാംപ്യന്‍സ് ട്രോഫിക്കു പിന്നാലെ 2027ല്‍ നടക്കാനിരിക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിനു വേണ്ടി ഇന്ത്യയെ തയ്യാറാക്കി നിര്‍ത്താനാണ് ബിസിസിഐയുടെ നീക്കം. ഇതിന്റെ ആദ്യ പടിയായിട്ടാണ് രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റുന്നത്. 37 കാരനായ ഹിറ്റ്മാന് അടുത്ത ലോകകപ്പില്‍ കൂടി കളിക്കാന്‍ കഴിയില്ലെന്നുറപ്പായിരിക്കുകയാണ്.

ഇതേ തുടര്‍ന്നാണ് നേതൃമാറ്റത്തെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം തന്നെ ഇതുമായി ബന്ധപ്പെട്ട് രോഹിത്തുമായി മുഖ്യ കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയും നടത്തിയിരുന്നു.

തന്നില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നുണ്ടെന്നാണ് രോഹിത് ഇപ്പോഴും വിശ്വസിക്കുന്നത്. മുന്നോട്ടുള്ള തന്റെ പ്ലാനുകളെക്കുറിച്ച് ആശയവിനിമയം നടത്താന്‍ അദ്ദേഹത്തോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിരമിക്കുകയെന്നത് രോഹിത് എടുക്കേണ്ട കോളാണ്. എന്നാല്‍ ഫൈനല്‍ കഴിഞ്ഞാല്‍ അദ്ദേഹം നായകസ്ഥാനത്തു തുടരുന്നതു സംബന്ധിച്ച് വീണ്ടുമൊരു ചര്‍ച്ച കൂടി നടത്തും.

അടുത്ത ലോകകപ്പിനു തയ്യാറെടുക്കാന്‍ സ്ഥിരമായി ഒരു ക്യാപ്റ്റനെ ടീമിനു ആവശ്യമാണെന്നതു രോഹിത്തിനു സ്വയം മനസ്സിലാവും. വിരാട് കോലിയുമായും ചര്‍ച്ചകള്‍ നടത്തിയതാണ്. പക്ഷെ അദ്ദേഹത്തിന്റെ കാര്യത്തില്‍ അത്രത്തോളം ആശങ്കകളില്ലെന്നും ബിസിസിഐ വക്താവ് വെളിപ്പെടുത്തി.

ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത്തിന്റെ തീരുമാനത്തിനായി ബിസിസിഐ കാത്തിരിക്കും. അദ്ദേഹം വിരമിക്കല്‍ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്നു ബോര്‍ഡ് പരിശോധിക്കും. കഴിഞ്ഞ ജൂലൈയില്‍ രോഹിത് ടി20 ലോകകപ്പ് നേടിയതും ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലിലേക്കു ടീമിനെ നയിച്ചതും കുറച്ചു കാണാന്‍ സാധിക്കില്ലെന്നും ബിസിസിഐ വക്താവ് കൂട്ടിച്ചേര്‍ത്തു.

നയിക്കാന്‍ ഗില്‍

രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്കു ഫേവറിറ്റ് യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡും ഇതു അടിവരയിടുകയും ചെയ്യുന്നു. ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണ് അടുത്തിടെ വൈസ് ക്യാപ്റ്റന്റെ ചുമതല നല്‍കിയിരിക്കുന്നത്.

SHUBMAN GILL

ഇംഗ്ലണ്ടുമായി സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. കൂടാതെ ചാംപ്യന്‍സ് ട്രോഫിയിലും ഇതേ ദൗത്യമാണ് അദ്ദേഹത്തിനു ടീം നല്‍കിയിട്ടുള്ളത്. ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരത്തിനിടെ രോഹിത് ശര്‍മയ്ക്കു പരിക്കേറ്റ് അല്‍പ്പസമയം ഗ്രൗണ്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ താല്‍ക്കാലിക ക്യാപ്റ്റന്റെ റോളും ഗില്‍ ഏറ്റെടുത്തിരുന്നു.

ടി20യില്‍ ഒരു പരമ്പരയില്‍ ഗില്‍ ഫുള്‍ ടൈം ക്യാപ്റ്റനായി കഴിഞ്ഞു. സിംബാബ് വെയുമായി കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലായിരുന്നു ഇത്. ഈ പരമ്പര ഇന്ത്യ 4-1നു വിജയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ നായകനെന്ന നിലയില്‍ ഗില്ലിന്റെ മിടുക്കിന്റെ കാര്യത്തില്‍ സംശയവുമില്ല.

Story first published: Friday, March 7, 2025, 13:46 [IST]
Other articles published on Mar 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+