For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ധോണി 3, രോഹിത് 2, കോലി 0! ഇത് കോലിയുടെ ദുര്‍വിധിയല്ല; വില്ലന്‍ ധോണി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടിയിരിക്കുകയാണ്. ഫൈനലില്‍ ന്യൂസീലന്‍ഡിനെ നാല് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കരിയറിലേക്ക് അടുത്ത പൊന്‍തൂവലായി ചാമ്പ്യന്‍സ് ട്രോഫി മാറിയിരിക്കുകയാണ്. രോഹിത്തിന് കീഴില്‍ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഐസിസി ട്രോഫിയാണിത്. ടി20 ലോകകപ്പിന് പിന്നാലെ തന്നെ രോഹിത്തിന് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ഇന്ത്യക്കായിരിക്കുകയാണ്.

മൂന്ന് ഐസിസി ട്രോഫി നേടിയ എംഎസ് ധോണിക്ക് തൊട്ടുപിന്നിലേക്കെത്താന്‍ രോഹിത്തിനായി. വിരമിക്കല്‍ പ്രഖ്യാപിക്കാത്ത രോഹിത് അടുത്ത ഏകദിന ലോകകപ്പില്‍ കൂടി ഇന്ത്യയെ നയിക്കാനാണ് സാധ്യത. രോഹിത്തിന് കീഴില്‍ മൂന്ന് ഐസിസി ട്രോഫിയെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ധോണി മൂന്നും രോഹിത് രണ്ടും ഐസിസി കിരീടങ്ങള്‍ നേടിയപ്പോഴും നായകനായി ഒരു ഐസിസി ട്രോഫി പോലും നേടാന്‍ ഇന്ത്യക്കായിട്ടില്ല.

ക്യാപ്റ്റനെന്ന നിലയില്‍ വലിയ പ്രകടനം നടത്തിയിട്ടും ഭാഗ്യം തുണക്കാത്ത നായകനായി വിരാട് കോലി മാറി. ഇപ്പോഴിതാ രോഹിത്തിന് കീഴില്‍ ഇന്ത്യ രണ്ടാം കിരീടം നേടിയതോടെ വിരാട് കോലിയുടെ ആരാധകര്‍ നിരാശ പ്രകടിപ്പിക്കുകയാണ്. കോലിക്ക് ഐസിസി കിരീടം നേടാന്‍ സാധിക്കാത്തതിന് കാരണം ധോണിയാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.

ധോണിയുടെ അനാവശ്യ ഇടപെടല്‍ കാരണമായി

വിരാട് കോലിക്ക് ഐസിസി കിരീടം നേടാന്‍ സാധിക്കാത്തതിന് കാരണം ധോണിയുടെ അനാവശ്യ ഇടപെടലുകളായിരുന്നുവെന്നാണ് ആരാധക പക്ഷം. കോലി മികച്ച നായകനായിരുന്നു. എന്നാല്‍ പ്രധാന തീരുമാനങ്ങളെല്ലാം ധോണിയായിരുന്നു ടീമിലെടുത്തിരുന്നത്. ടീം തിരഞ്ഞെടുപ്പിലടക്കം ധോണിയുടെ സ്വാധീനമുണ്ടായിരുന്നു. ധോണിക്ക് കീഴില്‍ സ്വാതന്ത്ര്യത്തോടെ നയിക്കാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. ഇത് കപ്പിലേക്കെത്താന്‍ തടസമായി.

2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്കും ധോണിയാണ് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ധോണി സ്റ്റംപിങ് അവസരവും റണ്ണൗട്ടവസരവും പാഴാക്കിയെന്നും ബാറ്റിങ്ങിലും മികവ് കാട്ടിയില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിക്ക് ഇന്നത്തെ സാഹചര്യം ലഭിച്ചിരുന്നെങ്കില്‍ ഐസിസി കിരീടം നേടുന്ന ക്യാപ്റ്റനായി കോലിയും മാറുമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

കോലിക്ക് പിന്തുണ ലഭിച്ചില്ല

നിലവിലെ നായകനായ രോഹിത് ശര്‍മക്ക് ലഭിച്ചപോലെയുള്ള പിന്തുണ വിരാട് കോലിക്ക് ലഭിച്ചില്ലെന്നും ആരാധകര്‍ ആരോപിക്കുന്നു. പരിശീലകര്‍ കോലിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയില്ല. അനില്‍ കുംബ്ലെയും കോലിയും തമ്മില്‍ മികച്ച ബന്ധമായിരുന്നില്ല. പിന്നാലെ എത്തിയ രവി ശാസ്ത്രി കോലിക്ക് സ്വാതന്ത്ര്യം നല്‍കിയെങ്കിലും ടീമിനുള്ളില്‍ ഭിന്നത രൂക്ഷമായിരുന്നു. അന്ന് രോഹിത് ശര്‍മയും കോലിയും രണ്ട് പക്ഷത്ത് നിന്നതും തിരിച്ചടിയായി മാറി.

rohit sharma

ഇന്ന് രോഹിത് ശര്‍മ ക്യാപ്റ്റനായപ്പോള്‍ കോലി വലിയ പിന്തുണയോടെ കൂടെ നിന്നു. എന്നാല്‍ കോലി ക്യാപ്റ്റനായിരിക്കെ രോഹിത് ഇത്തരമൊരു പിന്തുണ നല്‍കിയില്ല. 2021ലെ ലോകകപ്പിലെ ഇന്ത്യയുടെ നിറം മങ്ങിയ പ്രകടനം കോലിയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇന്നത്തെ സാഹചര്യം കോലിക്ക് ലഭിക്കാത്തത് അന്ന് വലിയ ടൂര്‍ണമെന്റ് ജയിക്കാത്തതിന് കാരണമായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കോലി സ്വാര്‍ത്ഥതയില്ലാത്ത താരം

വിരാട് കോലി സ്വാര്‍ത്ഥനല്ലാത്ത താരമാണെന്നും രാജ്യത്തിന്റെ നേട്ടങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, രണ്ട് ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെ നേടാന്‍ കോലിക്കായി. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ക്യാപ്റ്റനാണ് കോലി. എന്നാല്‍ സീനിയര്‍ ടീമിനൊപ്പം ഐസിസി കിരീടത്തിലേക്കെത്താന്‍ നായകനായി അദ്ദേഹത്തിന് സാധിക്കാതെ പോയി. ടെസ്റ്റില്‍ കോലിക്ക് മുകളില്‍ വലിയ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ഓസ്‌ട്രേലിയയിലടക്കം മികവ് കാട്ടാന്‍ കോലിക്ക് സാധിച്ചുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Story first published: Tuesday, March 11, 2025, 14:09 [IST]
Other articles published on Mar 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+