ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ജീവന്‍മരണ പോരില്‍ ഇംഗ്ലണ്ടിനെ ത്രില്ലറില്‍ എട്ടു റണ്ണിനു വീഴ്ത്തി അഫ്ഗാനിസ്താന്റെ കിടിലന്‍ തിരിച്ചുവരവ്. തോല്‍ക്കുന്ന ടീം പുറത്താവുമെന്ന ഘട്ടത്തില്‍ നടന്ന മല്‍സരത്തില്‍ അഫ്ഗാന്‍ നല്‍കിയ 326 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ഇംഗ്ലണ്ട് ഉജ്വലമായി ബാറ്റ് വീശിയെങ്കിലും കൈയെത്തുംദൂരത്ത് ജയം കൈവിട്ടു. അവസാന ഓവറിലെ അഞ്ചാമത്തെ ബോളില്‍ 317 റണ്‍സിനു അവര്‍ ഓള്‍ഔട്ടായി.
സൂപ്പര്‍ താരം ജോ റൂട്ടിന്റെ (120) സെഞ്ച്വറിക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. 111 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഈ വിജയത്തോടെ അഫ്ഗാന്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തിയപ്പോള്‍ തുടരെ രണ്ടാം തോല്‍വിയോടെ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ബിയില്‍ സെമിക്കായുള്ള പോരാട്ടം സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ (ഇരുവര്‍ക്കും 3 പോയിന്റ്), അഫ്ഗാന്‍ (2) എന്നിവര്‍ തമ്മിലായിരിക്കും.

ഇംഗ്ലണ്ടിന്റെ റണ്‍ചേസ്
326 റണ്‍സ് പിന്തുര്‍ന്ന ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നില്ല. ആറിനടത്ത് റണ്‍ചേസില്‍ അവര്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നെങ്കിലും വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ഏഴോവര്‍ ആവുമ്പോഴേക്കും അവര്‍ക്കു രണ്ടു വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ബെന്‍ ഡക്കെറ്റ്- ജോ റൂട്ട് സഖ്യം 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് തിരിച്ചുവന്നു.
ചാമ്പ്യന്‍സ് ട്രോഫി: രോഹിത്തടക്കം 2 പേര്‍ പുറത്ത്!! ഗില്‍ നയിക്കും, കിവീസിനെതിരായ ഇന്ത്യന്‍ 11
ഡക്കെറ്റും (38) ഹാരി ബ്രൂക്കും (25) പുറത്തായ ശേഷം അഞ്ചാം വിക്കറ്റില്‍ റൂട്ടും നായകന്‍ ജോസ് ബട്‌ലറും 83 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇംഗ്ലണ്ടിനു വീണ്ടും വിജയം സ്വപ്‌നം കാണാന്‍ തുടങ്ങി. പക്ഷെ ബട്‌ലറും (38), ലിയാം ലിവിങ്സ്റ്റണും (10) അടുത്തടുത്ത് പുറത്തായപ്പോള്‍ ഇംഗ്ലണ്ട് വീണ്ടും വിറച്ചു. എന്നാല്‍ ഏഴാം വിക്കറ്റില്‍ റൂട്ട്- ജാമി ഒവേര്‍ട്ടന്‍ ജോടി ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് കളിയിലേക്കു ഒരിക്കല്‍ക്കൂടി തിരിച്ചുവന്നു.
ജയത്തിലേക്കു നീങ്ങവെയാണ് ടീം സ്‌കോര്‍ 287ല്‍ വച്ച് റൂട്ട് പുറത്തായത്. കളിയിലെ ടേണിങ് പോയിന്റും ഇതായിരുന്നു. ഒവേര്‍ട്ടന്‍ (32) പൊരുതിയെങ്കിലും അദ്ദേഹം 309ല്‍ വീണതോടെ പിടിമുറുക്കിയ അഫ്ഗാന്‍ ജയവും പിടിച്ചെടുക്കുകയായിരുന്നു. അഫ്ഗാനു വേണ്ടി അസ്മത്തുള്ള ഒമര്‍സായ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് നബിക്കു രണ്ടു വിക്കറ്റും ലഭിച്ചു.
സദ്രാന്റെ വെടിക്കെട്ട്
ഓപ്പണറായി ഇറങ്ങിയ ഇബ്രാഹിം സദ്രാന്റെ (177) റെക്കോര്‍ഡ് ബാറ്റിങ് പ്രകടനമാണ് ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 325 റണ്‍സ് അവര്‍ നേടിയത്. 146 ബോളില്‍ 12 ഫോറും ആറു സിക്‌സറുമുള്‍പ്പെട്ടതാണ് സദ്രാന്റെ ഇന്നിങ്‌സ്. ചാംപ്യന്‍സ് ട്രോഫിയുടം ചരിത്രത്തില്‍ ഒരു താരത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്.

മാത്രമല്ല ഏകദിന ലോകകപ്പലും ചാംപ്യന്‍സ് ട്രോഫിയിലും സെഞ്ച്വറി നേടിയ ആദ്യ അഫ്ഗാന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും ഇതോടെ സദ്രാന്‍ സ്വന്തമാക്കി. അദ്ദേഹത്തെക്കൂടാതെ അസ്മത്തുള്ള ഒമര്‍സായ് (41), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (40), മുഹമ്മദ് നബി (40) എന്നിവരാണ് അഫ്ഗാന്റെ മറ്റു സ്‌കോറര്‍മാര്‍.
ഒരു ഘട്ടത്തില്‍ അഫ്ഗാന്‍ 250 റണ്‍സ് പോലും എത്തുമോയെന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളിലെ വെടിക്കെട്ട് അവരെ 325 വരെയെത്തിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ലിയാം ലിവിങ്്‌സറ്റണ്‍ രണ്ടു വിക്കറ്റും നേടി
നേരത്തേ ആദ്യ മല്‍സരത്തില്‍ ഔസ്‌ട്രേലിയയോടു അഞ്ചു വിക്കറ്റിനു ഇംഗ്ലണ്ട് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശേഷം 351 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് ഇംഗ്ലണ്ട് അപ്രതീക്ഷിത തോല്‍വിയിലേക്കു വീണത്.
അതേസമയം, സൗത്താഫ്രിക്കയോടു ആദ്യ കളിയില്‍ 107 റണ്‍സിന്റെ കനത്ത പരാജയമാണ് അഫ്ഗാസ്താനു നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ആറു വിക്കറ്റിനു 315 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ പൊരുതാന്‍ പോലുമാവാതെ അഫ്ഗാന്‍ ടീാം വെറും 208 റണ്‍സില്‍ കൂടാരം കയഫറുകയായിരുന്നു.
പ്ലെയിങ് 11
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കെറ്റ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്.
അഫ്ഗാനിസ്താന്‍- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ്കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദിഖുള്ള അതെല്‍, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി(ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, ഗുല്‍ബദിന്‍ നയ്ബ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫറൂഖി.