Champions Trophy 2025: ഇന്ത്യക്കും ഗംഭീറിനും കിട്ടിയത് മുട്ടന്‍ പണി! കപ്പടിക്കാന്‍ പാടുപെടും
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് വരാനിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി അടുത്ത വര്‍ഷം പാകിസ്താനില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം കളിക്കുമോയെന്നതു ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെയാണെങ്കിലും പാകിസ്താനു പുറത്തു വച്ച് ഇന്ത്യയുടെ മല്‍സരങ്ങള്‍ നടത്താന്‍ തന്നെയാണ് സാധ്യത. പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ആദ്യത്തെ അഗ്നിപരീക്ഷ കൂടിയായിരിക്കും ഈ ടൂര്‍ണമെന്റ്. ഇന്ത്യന്‍ ടീമിനോടൊപ്പം അദ്ദേഹത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ചാംപ്യന്‍സ് ട്രോഫി ഏറെ നിര്‍ണായകമായി മാറുകയും ചെയ്യും.
എന്നാല്‍ ടൂര്‍ണമെന്റിനു മുമ്പ് മുട്ടന്‍ പണിയാണ് ഇന്ത്യന്‍ ടീമിനു കിട്ടിയിട്ടുള്ളത്. ഏകദിന ഫോര്‍മാറ്റിലാണ് ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. പക്ഷെ ഈ കാലയളയവില്‍ ടൂര്‍ണമെന്റിനു തയ്യാറെടുക്കാനും ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനും ഇന്ത്യക്കു വേണ്ടത്ര മല്‍സരങ്ങള്‍ ലഭിക്കില്ലെന്നതാണ് പ്രധാന പ്രശ്‌നം. ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റിലായതിനാല്‍ തന്നെ ഇന്ത്യക്കു കൂടുതല്‍ ഏകദിനങ്ങള്‍ കളിക്കേണ്ടത് പ്രധാനമാണ്.

പക്ഷെ അടുത്ത ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ആറു മാസത്തിനിടെ ഇന്ത്യക്കു ഇനി വെറും അഞ്ചു ഏകദിനങ്ങള്‍ മാത്രമേയുള്ളൂവെന്നതാണ് നിരാശാജനകമായ കാര്യം. ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ ഇനി രണ്ടു കളികളാണ് ശേഷിക്കുന്നത്. ഈ പരമ്പരയ്ക്കു ശേഷം ഈ വര്‍ഷം ഇന്ത്യക്കു ഇനി ഏകദിന മല്‍സരങ്ങളില്ല. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യക്കു ഇനി ഏകദിന പരമ്പരയുള്ളത്. ചാംപ്യന്‍സ് ട്രോഫിക്കു തൊട്ടുമുമ്പാണിത്.
ഇംഗ്ലണ്ടുമായി നാട്ടില്‍ മൂന്നു ഏകദിനങ്ങളുടെ പരമ്പരയാണ് കളിക്കുക. അതിനു പിന്നാലെ ചാംപ്യന്‍സ് ട്രോഫിയുമെത്തും. മതിയായ ഏകദിന മല്‍സരങ്ങള്‍ അടുത്ത ആറു മാസത്തിനിടെ ഇല്ലെന്നത് കോച്ച് ഗംഭീറിനെയും ക്യാപ്റ്റന്‍ രോഹിത്തിനെയും അലട്ടുന്ന കാര്യം തന്നെയാണ്. ഈ കാരണത്താല്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്ന ലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കാന്‍ രോഹിത്തിനോടും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോടും ഗംഭീര്‍ ആവശ്യപ്പെട്ടത്. നേരത്തേ ഇരുവരും ഈ പരമ്പരയില്‍ വിശ്രമം ചോദിച്ചിരുന്നു. പക്ഷെ ഗംഭീറിന്റെ ആവശ്യപ്രകാരം കളിക്കാന്‍ സമ്മതം മൂളുകയായിരുന്നു.

ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് ഇന്ത്യ കൂടുതലായും കളിക്കുന്നത് ടെസ്റ്റ് പരമ്പരകളാണെന്നതാണ് രസകരമായ കാര്യം. ഇപ്പോള്‍ നടക്കുന്ന ലങ്കന്‍ പര്യടനത്തിനു ശേഷം അടുത്ത മാസം ബംഗ്ലാദേശുമായി നാട്ടില്‍ ടെസ്റ്റ്, ടി20 പരമ്പരകളാണ് ഇന്ത്യക്കുള്ളത്. രണ്ടു ടെസ്റ്റുകളും മൂന്നു ടി20കളുമാണ് ഇതിലുള്‍പ്പെടുന്നത്. അതിനു ശേഷം സൗത്താഫ്രിക്കയിലക്കു പറക്കുന്ന ഇന്ത്യ അവിടെ ടി20 പരമ്പരയില്‍ കളിക്കും. അതിനു ശേഷം ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കൡക്കാനെത്തും.
ഈ പരമ്പരയ്ക്കു ശേഷം വര്‍ഷാവസാനത്തോടെ ഇന്ത്യ ഓസ്‌ട്രേലിയയിലേക്കു പറക്കും. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതിനു ശേഷം ഇംഗ്ലണ്ട് ടീം വൈറ്റ് ബോള്‍ പരമ്പരകള്‍ക്കായി ഇന്ത്യയിലേക്കു വരികയും ചെയ്യും. അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. അതിനു ശേഷമാണ് ചാംപ്യന്‍സ് ട്രോഫിയുള്ളത്.
ഏകദിനത്തില്‍ ഇന്ത്യന്‍ ടീ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ലങ്കയ്‌ക്കെതിരേ നടന്ന അവസാനത്തെ മല്‍സരം തെളിയിക്കുന്നത്. ഏറ്റവും ശക്തമായ ടീമിനെ ഇറക്കിയിട്ടും 231 റണ്‍സ് പോലും ചേസ് ചെയ്തു ജയിക്കാന്‍ ഇന്ത്യക്കായില്ല. ജയിക്കാമായിരുന്ന മല്‍സരത്തില്‍ ഇന്ത്യക്കു ടൈ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു. അതിനാല്‍ തന്നെ ഇനി ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളും ഒരേ പ്രാധാന്യത്തോടെ സമീപിക്കാനും ഏറ്റവും മികച്ച പ്രകടനം നടത്താനും ഇന്ത്യ ശ്രമിക്കേണ്ടതുണ്ട്, മാത്രമല്ല ചാംപ്യന്‍സ് ട്രോഫിക്കുള്ള കോമ്പിനേഷനും ഇതിനിടെ ഇന്ത്യക്കു കണ്ടെത്തുകയും വേണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications