ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചപ്പോള്‍ ന്യൂസീലന്‍ഡ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും ഒരേ ഗ്രൂപ്പില്‍ നിന്നാണ് ഫൈനലിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകളും പുറത്തായി. ഗ്രൂപ്പ് എയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു.
ശക്തമായ താരനിരയോടെ എത്തുന്ന ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യ കഴിഞ്ഞ മത്സരങ്ങളെല്ലാം ദുബായിലാണ് കളിച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പിച്ചില്‍ സ്വാഭാവികമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ന്യൂസീലന്‍ഡ് ഇതിനോടകം ഇന്ത്യയോട് ദുബായില്‍ കളിച്ച ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പിച്ചിന്റെ മുന്‍തൂക്കം കാര്യമായി അവകാശപ്പെടാനാവില്ലെന്ന് തന്നെ പറയാം.
ഇന്ത്യ ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ഇത്തവണ കിരീടം ഇന്ത്യ നേടുമോയെന്ന് പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ജ്യോതിഷി സുമിത് ബജാജ്. ഇതിനോടകം പല പ്രവചനങ്ങളും നടത്തി ഞെട്ടിച്ചിട്ടുള്ള സുമിത് ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫി ജേതാവിനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് തന്നെ
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം നേടുമെന്നാണ് സുമിത് ബജാജിന്റെ പ്രവചനം. എക്‌സിലൂടെയാണ് സുമിത് ബജാജ് തന്റെ പ്രവചനം നടത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഉണ്ടാക്കിയതല്ല എന്നാല്‍ ഇന്ത്യക്കായി ഉണ്ടാക്കിയതാണ് എന്നാണ് സുമിത് കുറിച്ചിരിക്കുന്നത്. ഇന്ത്യ കപ്പ് നേടുമെന്നാണ് സുമിത് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡാണ് ന്യൂസീലന്‍ഡിനുള്ളത്. രണ്ട് തവണ ഇന്ത്യയെ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിട്ടുണ്ട്.

അത് ഇത്തവണയും ആവര്‍ത്തിക്കുമോ അതോ ഇന്ത്യ വിജയത്തിലേക്ക് എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് കരുത്തുറ്റ താരനിരയുണ്ട്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ബാറ്റിങ് നിര ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ശരാശരി പ്രകടനം മാത്രമാണ് നടത്തിയത്. എന്നാല്‍ ബൗളിങ് കരുത്തില്‍ ജയിക്കാന്‍ സാധിച്ചു. പക്ഷെ ഫൈനലില്‍ ബാറ്റിങ് നിര ഫോമിലേക്കെത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.
ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകം
ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ നാല് സ്പിന്നര്‍മാരുമായാണ് ഇന്ത്യ കളിച്ചത്. ഒമ്പത് വിക്കറ്റുകളും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. ഇത്തവണയും ഇന്ത്യ സ്പിന്‍ കരുത്തില്‍ വിശ്വസിക്കാനാണ് സാധ്യത. ഫൈനലില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ തന്നെയാവും കളിക്കാന്‍ ഇറക്കുക. കുല്‍ദീപ് യാദവിന്റെ കളത്തിനുള്ളിലെ ശരീര ഭാഷയില്‍ നായകനും പരിശീലകനും എതിര്‍പ്പുണ്ട്. എന്നാല്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായതിനാല്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ കളിപ്പിച്ചേക്കും.
ഫൈനലിലും സ്പിന്നര്‍മാരില്‍ ഇന്ത്യ പ്രതീക്ഷ വെക്കുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. ന്യൂബോളില്‍ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് നേടണം. രചിന്‍ രവീന്ദ്ര സെഞ്ച്വറിയോടെ മിന്നും ഫോമിലാണ് വരുന്നത്. രചിനെ പൂട്ടാന്‍ ഷമിക്കോ ഹര്‍ദിക്കിനോ സാധിക്കാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടതായി വരുമെന്ന കാര്യം ഉറപ്പാണ്.
ടോപ് ഓഡര്‍ ഫ്‌ളോപ്പാവരുത്
ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ടോപ് ഓഡര്‍ ഫ്‌ളോപ്പായിരുന്നു. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരെല്ലാം ചെറിയ സ്‌കോറില്‍ മടങ്ങി. എന്നാല്‍ ഫൈനലില്‍ ഇത്തരമൊരു തകര്‍ച്ച ഇന്ത്യക്കുണ്ടാവരുത്. ഉണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ മികവ് കാട്ടുകയും 300ലധികം സ്‌കോറിലേക്ക് ഇന്ത്യ ഉയരുകയും ചെയ്യണം.
അല്ലാത്ത പക്ഷം ഇന്ത്യക്ക് കളി ജയിക്കുക പ്രയാസമായിരിക്കും. ഇന്ത്യയുടെ സ്പിന്‍ കെണിയെ മറികടക്കാന്‍ കിവീസ് പദ്ധതികളോടെയാവും ഇറങ്ങുക. പോരാട്ടത്തിനൊടുവില്‍ അന്തിമ ജയം ആര്‍ക്കാവുമെന്നതാണ് കണ്ടറിയേണ്ടത്.