Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: 152 കിമി വേഗം!! ഇന്ത്യയെ തീര്‍ക്കാന്‍ ബംഗ്ലാ 'അക്തര്‍', തുടക്കം പാളുമോ?

ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ നാളെ (വ്യാഴം) ആദ്യ അങ്കത്തിന് ഇറങ്ങുകയാണ്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ ഇന്ത്യയെ ഞെട്ടിക്കാന്‍ ഒരു വജ്രായുധത്തെ ബംഗ്ലാദേശ് ടീം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ ഷുഐബ് അക്തറെന്നു വിളിപ്പേരുള്ള യുവ പേസ് ബൗളിങ് സെന്‍സേഷന്‍ നഹീദ് റാണയാണ് ഈ താരം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 150 കിമിക്കു മുകളില്‍ വേഗതയില്‍ പന്തെറിഞ്ഞ ആദ്യത്തെ ബംഗ്ലാദേശ് ബൗളറായി അദ്ദേഹം അടുത്തിടെ മാറിയിരുന്നു. ഇനി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരേയും തീപ്പൊരി പ്രകടനത്തിനു കച്ച മുറുക്കുകയാണ് റാണ. 22കാരനായ പേസറില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഷാന്റേയ്ക്കും വലിയ പ്രതീക്ഷകളാണുള്ളത്.

NAJMUL SHANTO

ഇന്ത്യയെ തോല്‍പ്പിക്കാം

ഇന്ത്യക്കെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ സാധിക്കുമെന്നു ആത്മവിശ്വാസമുള്ളതായി നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ വ്യക്തമാക്കി. വളരെ സന്തുലിതമായ ടീമാണ് തങ്ങളുടേതെന്നും ഇന്ത്യയെ വീഴ്ത്താന്‍ ഇതു ബംഗ്ലാദേശിനെ സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യക്കെതിരേ വളരെ നല്ല ഓര്‍മകളാണ് ഞങ്ങള്‍ക്കുള്ളത്. അവര്‍ക്കെതിരേ ടീമിനു നല്ല സാധ്യതയുണ്ടെന്നും താന്‍ വിശ്വസിക്കുന്നതായി മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഷാന്റോ പറഞ്ഞു. തന്റെ പേസര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലുമെല്ലാം അദ്ദേഹം വളരെയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

ഞങ്ങള്‍ക്കു വളരെ മികച്ച ചില ഫാസ്റ്റ് ബൗളര്‍മാരുണ്ട്. റാണ (നഹീദ് റാണ) കളിക്കുകയാണെങ്കില്‍ അവന്‍ സ്വന്തം ജോലി നന്നായി ചെയ്യും. സ്പിന്‍, പേസ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍ക്കു വളരെ നല്ല ബാലന്‍സുണ്ടെന്നും ഷാന്റോ വിശദീകരിക്കുകയും ചെയ്തു.

അതേസമയം, ബംഗ്ലാദേശിനായി ആറു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മാത്രമേ റാണ കളിച്ചിട്ടുള്ളൂ. ടെസ്റ്റില്‍ 20ഉം ഏകദിനത്തില്‍ നാലും വിക്കറ്റുകളാണ് പേസറുടെ സമ്പാദ്യം. മികച്ച വേഗതയില്‍ പന്തെറിയാനുള്ള മിടുക്കാണ് റാണയെ സ്‌പെഷ്യലാക്കി മാറ്റുന്നത്. ബംഗ്ലാദേശ് പേസ് ബൗളിങിലെ കുന്തമുനയായി ഭാവിയില്‍ മാറാന്‍ റാണയ്ക്കു സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

NAHID RANA

ബുംറുയുടെ അഭാവം

പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിക്കായി ദുബായില്‍ എത്തിയിരിക്കുന്നത്. പുറംഭാഗത്തിനേറ്റ പരിക്കു കാരണമാണ് അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നത്. പക്ഷെ ബംഗ്ലാദേശ് ടീം ഏതെങ്കിലും താരത്തെക്കുറിച്ച് വ്യക്തിപരമായി ചിന്തിക്കുന്നില്ലെന്നു നജ്മുല്‍ ഹുസൈന്‍ ഷാന്റോ വ്യക്തമാക്കി.

ജസ്പ്രീത് ബുംറയെക്കുറിച്ചോ, മറ്റു ഏതെങ്കിലും താരത്തെയോ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല. ബിപിഎല്ലില്‍ (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) ചില ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചിരുന്നു. ഞങ്ങള്‍ പൊരുത്തപ്പെടേണ്ടത് ആവശ്യമാണ്. പാകിസ്താനിലേതു പോലെ വലിയ സ്‌കോര്‍ പിറക്കുന്ന വേദിയാവില്ല ദുബായിലേത്.

ഞങ്ങളെ പിന്തുണയ്ക്കുന്ന ഒരുപാട് പേരുണ്ട്. ആളുകള്‍ വരുമെന്നും ഞങ്ങളെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നതായി ഷാന്റോ കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായി നോക്കിയാല്‍ ദുബായിലെ പിച്ചുകളില്‍ വലിയ സ്‌കോറുകള്‍ പിറക്കാറില്ലെന്നു കാണാം. ഇവിടുത്തെ ശരാശരി ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 218 റണ്‍സാണ്.

ബംഗ്ലാദേശിന്റെ ചാംപ്യന്‍സ് ട്രോഫി ടീം

നജ്മുല്‍ ഹുസയ്ന്‍ ഷാന്റോ (ക്യാപ്റ്റന്‍), സൗമ്യ സര്‍ക്കാര്‍, തന്‍സിദ് ഹസന്‍, തൗഹിദ് റിദോയ്, മുഷ്ഫിഖുര്‍ റഹിം, മുഹമ്മദ് മഹമ്മുദുള്ള, ജാക്കര്‍ അലി അനിഖ്, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, പര്‍വേസ് ഹൊസൈന്‍ എമോണ്‍, നസും അഹമ്മദ്, തന്‍സിം ഹസന്‍ സാകിബ്, നഹീദ് റാണ.

Story first published: Wednesday, February 19, 2025, 18:31 [IST]
Other articles published on Feb 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+