ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പടയോട്ടം തടയാന്‍ ഓസ്‌ട്രേലിയക്കുമായില്ല. ആദ്യ സെമി ഫൈനലില്‍ കംഗാരുപ്പടയെ നാലു വിക്കറ്റിനു തകര്‍ത്ത് രോഹിത് ശര്‍മയും സംഘവും കപ്പിന് കൈയെത്തുംദൂരത്തു എത്തിയിരിക്കുകയാണ്. ചേസ് മാസ്റ്റര്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ഓസീസ് നല്‍കിയ 265 റണ്‍സിന്റെ വിജയലക്ഷ്യം 48.1 ഓവറില്‍ ആറു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു.
2023ലെ ഐസിസി ഏകദിന ലോകകപ്പിന്റെ ഫൈനലിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഇന്ത്യയും ഓസീസും ആദ്യമായി കൊമ്പുകോര്‍ത്ത പോരാട്ടം കൂടിയായിരുന്നു ഇത്. അന്നേറ്റ പരാജയത്തിനുള്ള കണക്കുതീര്‍ക്കല്‍ കൂടിയാണ് ഇത്തവണ ഇന്ത്യന്‍ ടീം നടത്തിയത്. പക്ഷെ ഓസീസ് ടീമിന്റെ ആരാധകര്‍ ഇതൊരു പ്രതികാരമായി കാണുന്നില്ല. തങ്ങളുടെ ദുര്‍ബലമായ ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത് അത്ര വലിയ കാര്യമല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓസീസിന്റെ പ്രധാന ടീമല്ല
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ ഇത്തവണ ഇറക്കിയത് പ്രധാന ടീമിനെയല്ല, മറിച്ച് സി ടീമിനെയാണെന്നാണ് അവരുടെ ആരാധകരുടെ വാദം. അതുകൊണ്ടു തന്നെ സെമി ഫൈനലില്‍ ഇന്ത്യ നേടിയിരിക്കുന്ന ഈ വിജയത്തില്‍ അത്ര ആഹ്ലാദിക്കേണ്ട കാര്യമില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിക്കുന്നു.
ഓസ്ട്രലിയക്കെതിരേയുളള സെമി ഫൈനല്‍ വിജയത്തില്‍ ഇന്ത്യന്‍ ടീം അഹങ്കരിക്കാന്‍ വരട്ടെ. ഇത്തവണ സി ടീമിനെയാണ് ഓസീസ് ഇറക്കിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറണ്ടി വന്നു. പേസാക്രമണത്തിലെ മറ്റു രണ്ടു പ്രധാന താരങ്ങളയ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമായി. ഈ മൂന്നു പേരുമില്ലാതെ ഓസീസ് ബൗളിങ് എത്ര മാത്രം ദുര്‍ബലമാണെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ സെമിയില്‍ ഇന്ത്യന്‍ ടീം ജയിച്ചതില്‍ വലിയ അദ്ഭുതമില്ലെന്നും ഓസീസ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ടീമിനോടു മുട്ടാന്‍ കഴിയുമോ?
പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസ്‌ട്രേലിയയുടെ പ്രധാന ടീമിനോടു ഏറ്റുമുട്ടാന്‍ ഇന്ത്യന്‍ ടീമിനു ധൈര്യമുണ്ടോ? കമ്മിന്‍സിനെ കൂടാതെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങി പേസ് ത്രയത്തിലെ ആരും ഇത്തവണ ടീമിലില്ല. ഇവരില്ലാത്ത ഓസീസ് ടീമിന്റെ ബൗളിങ് ആക്രമണം ശരാശരിയാണ്. അതുകൊണ്ടു തന്നെ ഇന്ത്യ നേടിയിരിക്കുന്ന ഈ വിജയം 2023ലെ ലോകകപ്പ് ഫൈനലിലെ പ്രതികാരമായി കാണാനാവില്ലെന്നും ഓസീസ് ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ടീം സെമി ഫൈനല്‍ വിജയത്തില്‍ മതിമറക്കാന്‍ വരട്ടെ. നായകന്‍ പാറ്റ് കമ്മിന്‍സില്ലാത്ത ഓസ്‌ട്രേലിയന്‍ ടീമിനെയാണ് ഇന്ത്യ തോല്‍പ്പിച്ചതെന്നു മറക്കരുത്. മാത്രമല്ല മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നീ മുന്‍നിര താരങ്ങളും കളിച്ചില്ല. ഇവര്‍ ടീമിലുണ്ടായിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നായേനെ. പ്രധാന ബൗളര്‍മാരില്ലാതിരുന്നിട്ടും ജയത്തിനായി ഇന്ത്യക്കു നന്നായി വിയര്‍ക്കേണ്ടി വന്നുവെന്നും ഓസീസ് ആരാധകര്‍ പരിഹസിക്കുന്നു.
പാറ്റ് കമ്മിന്‍സടക്കം മൂന്നു മുന്‍നിര ഫാസ്റ്റ് ബൗളര്‍മാര്‍ ഇത്തവണ ഓസ്‌ട്രേലിയന്‍ നിരയിലില്ല. കൂടാതെ ഫീല്‍ഡിങില്‍ മൂന്നു ക്യാച്ചുകളും ഓസ്‌ട്രേലിയന്‍ ടീം പാഴാക്കി. എന്നിട്ടും ഇന്ത്യന്‍ ടീമിന്റെ വിജയം ആധികാരികമായില്ല. ആ ക്യാച്ചുകള്‍ ഓസീസ് ടീം മുതലാക്കിയിരുന്നെങ്കില്‍ മല്‍സരഫലം മറ്റൊന്നാവുമായിരുന്നെന്നും ഓസ്‌ട്രേലിയന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെടുന്നു.