ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റിനാണ് ഓസീസ് ചരിത്ര ജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 351 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കംഗാരുക്കള്‍ 47.3 ഓവറില്‍ 5 വിക്കറ്റിന് 356 റണ്‍സ് നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ഐസിസി ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ചേസ് എന്ന ലോക റെക്കോഡിടാനും ഓസീസിനായി. ഓസ്‌ട്രേലിയക്കായി ജോഷ് ഇന്‍ഗ്ലിസ് 120 റണ്‍സോടെ പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിന് തകര്‍ച്ച തുടക്കം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായില്ല. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് പുറത്തായി. ആറ് പന്തില്‍ ഒരു ഫോറും സിക്‌സും പറത്തിയ സാള്‍ട്ടിനെ ഗംഭീര ക്യാച്ചിലൂടെ അലക്‌സ് ക്യാരിയാണ് മടക്കിയത്. മൂന്നാമന്‍ ജാമി സ്മിത്തിനും വലിയ സ്‌കോറിലേക്കുയരാനായില്ല. 13 പന്തില്‍ 15 റണ്‍സെടുത്ത സ്്മിത്തിനെയും ബെന്‍ ഡൗര്‍ഷ്യൂസ് പുറത്താക്കി. എന്നാല്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് കരുത്തായി.
ഒരുവശത്ത് ബെന്‍ ഡക്കറ്റും ജോ റൂട്ടും നിലയുറപ്പിച്ചതോടെ പതിയെ ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തി. 78 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 68 റണ്‍സെടുത്ത ജോ റൂട്ടിനെ പുറത്താക്കി ആദം സാംബയാണ് കൂട്ടുകെട്ട് പൊളിച്ചത്. 158 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഹാരി ബ്രൂക്കിന് കാര്യമായൊന്നും ചെയ്യാനായില്ല. ആറ് പന്ത് നേരിട്ട് മൂന്ന് റണ്‍സെടുത്ത ബ്രൂക്കിനെ സാംബയാണ് പുറത്താക്കിയത്. നായകന്‍ ജോസ് ബട്‌ലറിന് പ്രതീക്ഷിച്ചപോലെ കത്തിക്കയറാനായില്ല.
മികച്ച സ്‌കോറിലേക്കെത്തിച്ച് ഡക്കറ്റ്
21 പന്ത് നേരിട്ട് ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 23 റണ്‍സാണ് ബട്‌ലര്‍ക്ക് നേടാനായത്. ലിയാം ലിവിങ്സ്റ്റണും നിരാശപ്പെടുത്തി. 17 പന്തില്‍ ഒരു സിക്‌സര്‍ ഉള്‍പ്പെടെ 14 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. സെഞ്ച്വറിയോടെ കളം നിറഞ്ഞ ഡക്കറ്റ് പുറത്താവുമ്പോള്‍ 322 എന്ന മാന്യമായ സ്‌കോറിലേക്ക് ഇംഗ്ലണ്ട് എത്തിയിരുന്നു. 143 പന്തില്‍ 17 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 165 റണ്‍സാണ് ഡക്കറ്റ് നേടിയത്. ബ്രൈഡന്‍ കേഴ്‌സ് എട്ട് റണ്‍സെടുത്ത് മടങ്ങി.
ജോഫ്രാ ആര്‍ച്ചര്‍ 10 പന്തില്‍ 21 റണ്‍സോടെയും ആദില്‍ റഷീദ് ഒരു റണ്‍സോടെയും പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 351 എന്ന മികച്ച സ്‌കോറിലേക്കെത്താനും ഇംഗ്ലണ്ടിനായി. ബെന്‍ ഡൗര്‍ഷ്യൂസ് മൂന്ന് വിക്കറ്റും ആദം സാംബയും മാര്‍നസ് ലാബ്യുഷാനെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോള്‍ ഗ്ലെന്‍ മാക്‌സ് വെല്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഓസീസിന്റെ തുടക്കം പാളി
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കവും മോശമായി. വെടിക്കെട്ട് ഓപ്പണര്‍ ട്രാവിസ് ഹെഡ് (6) തുടക്കത്തിലേ മടങ്ങി. ജോഫ്രാ ആര്‍ച്ചര്‍ റിട്ടേണ്‍ ക്യാച്ചിലൂടെയാണ് ഹെഡിനെ പുറത്താക്കിയത്. നായകന്‍ സ്റ്റീവ് സ്മിത്തിനെ (5) മാര്‍ക്ക് വുഡും മടക്കി. മാര്‍നസ് ലബ്യുഷെയ്ന്‍ പതിയെ നിലയുറപ്പിച്ചു. മാച്ച് വിന്നിങ് ഇന്നിങ്‌സ് ലബ്യുഷെയ്‌നില്‍ നിന്ന് പ്രതീക്ഷിക്കവെ ആദില്‍ റഷീദ് മടക്കിയയച്ചു. 45 പന്തില്‍ 5 ഫോറടക്കം 47 റണ്‍സാണ് ലബ്യുഷെയ്ന്‍ നേടിയത്. മാത്യു ഷോര്‍ട്ട് അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ചു.
അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കളി മാറ്റി
66 പന്തില്‍ 63 റണ്‍സെടുത്ത ഷോര്‍ട്ടിനെ മനോഹരമായ റിട്ടേണ്‍ ക്യാച്ചിലൂടെ ലിയാം ലിവിങ്‌സ്റ്റണ്‍ പുറത്താക്കി. അഞ്ചാം വിക്കറ്റില്‍ അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. 152 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം അലക്‌സ് ക്യാരി പുറത്തായി. 63 പന്തില്‍ എട്ട് ഫോറടക്കം 69 റണ്‍സെടുത്ത ക്യാരിയെ ബ്രൈഡന്‍ കേഴ്‌സ് ജോസ് ബട്‌ലറുടെ കൈയിലെത്തിക്കുകയായിരുന്നു. വെടിക്കെട്ട് തുടര്‍ന്ന ഇന്‍ഗ്ലിസ് 77 പന്തില്‍ എട്ട് ഫോറും നാല് സിക്‌സുമടക്കം സെഞ്ച്വറി പൂര്‍ത്തിയാക്കി.
ഗ്ലെന്‍ മാക്‌സ് വെല്ലും ഫോം കണ്ടെത്തിയതോടെ അനായാസം ഓസീസ് വിജയം നേടി. ഇന്‍ഗ്ലിസ് 86 പന്തില്‍ 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 120 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ മാക്‌സ് വെല്‍ 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സോടെ പുറത്താവാതെ നിന്നു.
പ്ലേയിങ് 11
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കെറ്റ്, ജാമി സ്മിത്ത്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്‌സ്റ്റണ്‍, ബ്രൈഡന്‍ കേഴ്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്
ഓസ്‌ട്രേലിയ- ട്രാവിസ് ഹെഡ്, മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് (c), മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, ഗ്ലെന്‍ മാക്‌സ് വെല്‍, ബെന്‍ ഡൗര്‍ഷ്യൂസ്, നതാന്‍ ഇല്ലിസ്, ആദം സാംബ, സ്‌പെന്‍സര്‍ ജോണ്‍സന്‍