ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഭാഗ്യതാരം ആരായിരിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് പ്രമുഖ ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടവിജയവും 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് വിജയവുമെല്ലാം കൃത്യമായി പ്രവചിച്ച് ശ്രദ്ധേയനായ ഇന്ത്യന്‍ ജ്യോതിഷിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ലോബോയുടെ പ്രവചനങ്ങളെ വളരെ ആകാംക്ഷയോടെയാണ് കായികലോകം ഉറ്റുനോക്കാറുള്ളത്.
നായകന്‍ രോഹിത് ശര്‍മയോ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ, വൈസ് ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലോയല്ല ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ഭാഗ്യതാരമെന്നാണ് ലോബോയുടെ നിരീക്ഷണം. പകരം പരിചയസമ്പന്നായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയെയാണ് ടീമിന്റെ ഭാഗ്യതാരമായി അദ്ദേഹം പ്രവചിച്ചത്. ഇതിന്റെ കാരണങ്ങള്‍ ലോബോ വിശദീകരിക്കുകയും ചെയ്തിരിക്കുകയാണ്.

ഷമി നിര്‍ണായക താരം
പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പിന്‍മാറിയതിനാല്‍ ചാപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയെന്ന വലിയ ദൗത്യമാണ് മുഹമ്മദ് ഷമിക്കുള്ളത്. പക്ഷെ ഒരു വര്‍ഷത്തിലേറെ കാലം പരിക്കേറ്റ് കളത്തിനു പുറത്തായിരുന്ന അദ്ദേഹം ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയിലൂടെയാണ് ടീമിലേക്കു മടങ്ങിയെത്തിയത്.
ഈ പരമ്പരയില്‍ അത്ര മികച്ച ഫോമിലുമല്ല ഷമി കാണപ്പെട്ടിരുന്നത്. പഴയ താളത്തിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ ഷമിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും സംശയങ്ങളുണ്ട്.
ജ്യോതിഷി പറയുന്നത്
സ്റ്റാര്‍പ്ലേ: ക്രിക്കറ്റും ജ്യോതിഷവുമെന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ഷോയിലാണ് ഇന്ത്യയെ സംബന്ധിച്ച് മുഹമ്മദ് ഷമി എത്രത്തോളം പ്രധാനപ്പെട്ട താരമാണെന്നു ഗ്രീന്‍സ്റ്റോണ്‍ ലോബോ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വളരെ മികച്ച ഗ്രഹനിലയാണ് ഇന്ത്യന്‍ പേസറുടേതെന്നും അദ്ദേഹം പറയുന്നു.
മുഹമ്മദ് ഷമിയുടെ ഗ്രഹനില വളരെ മികച്ചതാണെന്നു കാണാന്‍ സാധിക്കും. 1990ലാണ് അദ്ദേഹം ജനിച്ചിട്ടുള്ളത്. ഷമിയുടെ ഗ്രഹനില പ്രകാരം പ്ലാനറ്റ് പൂട്ടോ ഇപ്പോള്‍ വളരെയധികം കരുത്താര്‍ജിച്ചു നില്‍ക്കുകയാണ്. വളരെ ശക്തവും ശുഭകരവുമായിട്ടാണ് ഇതു കാണപ്പെടുന്നത്. ഇതു ആരെയും ഇതിഹാസമാക്കി മാറ്റുകയും ചെയ്യും.
പന്തിന് മുട്ടന്‍ പണി വരുന്നു, സഞ്ജുവിനോടു ചെയ്തത് തിരിച്ചുകിട്ടും!! ഗംഭീറിന്റെ പ്ലാനോ?
ഷമിക്കു വളരെ ശക്തമായ നെപ്റ്റ്യൂണുമുണ്ട്. ഇതു ഏഴാമത്തെ ഭാവാധിപനാണ്. ഏഴാമത്തെ ഭാവമെന്നത് ശത്രുക്കളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. പ്ലൂട്ടോ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാവാധിപനാണ്. ഇതു കൈകള്‍ ചെയ്യുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്. ഈ ഗ്രഹങ്ങളെല്ലാം ശക്തമാണെന്നാണ് ഇതെല്ലാം കാണിക്കുന്നതെന്നും ലോബോ വിശദമാക്കി.

ഷമിക്കു പ്രധാന റോള്‍
ചാംപ്യന്‍സ് ട്രോഫിയില്‍ ഇത്തവണ ഇന്ത്യന്‍ ടീം ജേതാക്കളാവണമെങ്കില്‍ മുഹമ്മദ് ഷമിക്കു വലിയൊരു റോള്‍ തന്നെ വഹിക്കേണ്ടതായി വരും. അദ്ദേഹത്തിന്റെ ഗ്രഹനിലയിലെ ചാര്‍ട്ട് നോക്കുകയാണെങ്കില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയത്തില്‍ പ്രധാനപ്പെട്ട റോള്‍ തന്നെയുണ്ടാവുമെന്നു കാണാന്‍ കഴിയും. ഷമിയുടെ സഹായമില്ലാതെ ഇന്ത്യക്കു ചാംപ്യന്‍സ് ട്രോഫി ജയിക്കാന്‍ കഴിയില്ല. പ്രധാനപ്പെട്ട റോള്‍ തന്നെ അദ്ദേഹത്തിനു വഹിക്കേണ്ടതായുണ്ട്.
ഹര്‍ഷിത് റാണയെപ്പോലെയുള്ള ടീമിലെ യുവ ബൗളര്‍മാരെ പ്രചോദിപ്പിക്കാനും ഷമിക്കു കഴിയും. ഇന്ത്യയെ സംബന്ധിച്ച് ഇതു മഹത്തായിട്ടുള്ള കാര്യം തന്നെയായിരിക്കും. ഇന്ത്യയെ വലിയ വിജയങ്ങളിലേക്കു നയിക്കാനുള്ള കഴിവ് ഇപ്പോഴും ഷമിക്കുണ്ടെന്നും ഗ്രീന്‍സ്‌റ്റോണ്‍ ലോബോ കൂട്ടിച്ചേര്‍ത്തു.