പാകിസ്താനില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുകയാണ് അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി.
ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ പാകിസ്താന്‍ സെമി ഫൈനലിലുണ്ടായേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. എന്നാല്‍ തന്റെ ടീമായ അഫ്ഗാന്‍ തീര്‍ച്ചയായും അവസാന നാലിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ഷാഹിദി.

സെമിയില്‍ ആരെല്ലാ?
അടുത്ത വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ചാംപ്യന്‍സ് ട്രോഫി നടക്കനിരിക്കുന്നത്. സമീപകാലത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് അഫ്ഗാനിസ്താന്‍, അതിനാല്‍ തന്നെ ചാംപ്യന്‍സ് ട്രോഫിയുടെ സെമിയില്‍ അഫ്ഗാനുമുണ്ടാവുമെന്നാണ് ഹഷ്മത്തുള്ള ഷാഹിദി പറയുന്നത്.
അഫ്ഗാനിസ്താനെക്കൂടാതെ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവരായിരിക്കും സെമി ഫൈനലിലെ മറ്റു മൂന്നു ടീമുകള്‍. എന്നാല്‍ പാകിസ്താനെ ഞാന്‍ പൂര്‍ണമായി എഴുതിത്തള്ളില്ല. സ്വന്തം നാട്ടിലെ അനുകൂല സാഹചര്യങ്ങളില്‍ കളിക്കുന്നത് അവരെ അപകടകാരികളാക്കി മാറ്റും. പാകിസ്താന്‍ സെമിയിലെത്തിയാല്‍ ഇംഗ്ലണ്ടിനെയാണ് താന്‍ സെമി ഫേവറിറ്റുകളില്‍ നിന്നും ഒഴിവാക്കുകയെന്നും ഷാഹിദി വ്യക്തമാക്കി.
അടുത്തിടെ കളിച്ചിട്ടുള്ള ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനോടു 0-2ന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയെന്ന കാരണത്താല്‍ മാത്രം പാകിസ്താന്‍ ടീമിനെ എഴുതിത്തള്ളുന്നത് ശരിയായിരിക്കില്ല. ഫോര്‍മാറ്റുകള്‍ വ്യത്യസ്തമാണ്. ഒന്നു ടെസ്റ്റാണെങ്കില്‍ ചാംപ്യന്‍സ് ട്രോഫിയിലെ മല്‍സരങ്ങള്‍ ഏകദിന ഫോര്‍മാറ്റിലുാണ്. അതിനാല്‍ തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയേക്കുമെന്നും ഷാഹിദി നിരീക്ഷിച്ചു.
ഈ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലെത്തി ചരിത്രം കുറിക്കാന്‍ അഫ്ഗാനിസ്താനു കഴിഞ്ഞിരുന്നു. കിരീട ഫേവറിറ്റുകളായിരുന്ന ഓസ്‌ട്രേലിയയെ അടക്കം വീഴ്ത്തിയാണ് ചരിത്രത്തില്‍ ആദ്യമായി അവര്‍ ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമിയില്‍ കളിച്ചത്. പക്ഷെ സെമിയില്‍ സൗത്താഫ്രിക്കയോടു പൊരുതാന്‍ പോലുമാവാതെ തോറ്റ് അഫ്ഗാന്‍ പുറത്താവുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍ തുടങ്ങിയ മുന്‍നിര ടീമുകളെയെല്ലാം തോല്‍പ്പിക്കാന്‍ അഫ്ഗാനു സാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിയില്‍ അവര്‍ സെമിയിലെത്താനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.
ഓള്‍ടൈം ലോക ഇലവന്‍
ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ സെമി ഫൈനലിസ്റ്റുകളെ പ്രവചിക്കുന്നതിനൊപ്പം ഏകദിനത്തില്‍ തന്റെ ഓള്‍ടൈം ലോക ഇലവനെയും ഹഷ്മത്തുള്ള ഷാഹിദി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ രോഹിത് ശര്‍മയും പാകിസ്താന്റെ മുന്‍ ഇടംകൈയന്‍ ബാറ്ററുമായ സഈദ് അന്‍വറുമാണ് ഇലവന്റെ ഓപ്പണര്‍മാര്‍.
മൂന്നാംനമ്പറിലുള്ളത് ഇന്ത്യന്‍ റണ്‍മെഷീനും ഇതിഹാസവുമായ വിരാട് കോലിയാണ്. തുടര്‍ന്നു നാലും അഞ്ചും സ്ഥാനങ്ങളില്‍ ശ്രീലങ്കയുടെ മുന്‍ ഇതിഹാസവും വിക്കറ്റ് കീപ്പറുമായ കുമാര്‍ സങ്കക്കാര, പാകിസ്താന്റെ മുന്‍ താരം ഇന്‍സമാമുള്‍ ഹഖ് എന്നിവരാണ്. തുടര്‍ന്നു ശ്രീലങ്കയുടെ മുന്‍ സൂപ്പര്‍ താരം മഹേല ജയവര്‍ധനെയാണുള്ളത്.
ഇംഗ്ലണ്ടിന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫാണ് സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറുടെ റോളിലുള്ളത്. ഷാഹിദിയുടെ ബൗളിങ് ലൈനപ്പിലേക്കു വരികയാണെങ്കില്‍ നാട്ടുകാരനും സ്പിന്‍ ബൗളിങിലെ സൂപ്പര്‍ താരവുായ റാഷിദ് ഖാന്‍ ഇലവനിലുണ്ട്. പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വഖാര്‍ യൂനിസ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ബൗളിങ് ലൈനപ്പിലെ മറ്റു രണ്ടു പേര്‍.