ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്നു നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തിലെ വിജയിയെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ബദ്ധവൈരികള്‍ മുഖാമുഖം വരുന്നത്. ഈ വര്‍ഷം ഇരുടീമും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മല്‍സരം കൂടിയാണിത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. ചെറിയ സ്‌കോര്‍ പിറന്ന ഈ പോരാട്ടത്തില്‍ പാക് ടീമിനെ ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തു. ഐസിസി ടൂര്‍ണമെന്റുകളില്‍ പാക് ടീമിനെതിരായ ആധിപത്യം കാത്തുസൂക്ഷിക്കാനുറച്ചാവും ഇത്തവണയും ഇന്ത്യയിറങ്ങുക.

ആരു ജയിക്കും?
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മെഗാ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമായിരിക്കും വിജയിക്കുകയെന്നാണ് എബി ഡിവില്ലിയേഴ്‌സിന്റെ പ്രവചനം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുള്ളത്.
പാകിസ്താന്‍ ടീം ഇത്തവണ ആതിഥേയര്‍ കൂടിയാണ്. പക്ഷെ ഇന്നത്തെ മല്‍സരത്തിലെ ഫേവറിറ്റുകള്‍ ഇന്ത്യന്‍ ടീം തന്നെയാണ്. താന്‍ ഇന്ത്യക്കൊപ്പമാണെന്നും എബിഡി വ്യക്തമാക്കി. കളിയുടെ പല മേഖലകളിലും പാകിസ്താനെതിരേ ഇന്ത്യന്‍ ടീമിനു ആധിപത്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തു കൊണ്ട് ഫേവറിറ്റ്?
പാകിസ്താനെതിരേ ഇന്ത്യന്‍ ടീം എന്തുകൊണ്ടാണ് ഫേവറിറ്റായി മാറുന്നതെന്നും എബി ഡിവില്ലിയേഴ്‌സ് വിശദീകരിച്ചു. പാകിസ്താനുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ടീം തന്നെയാവും ജയിക്കുകയെന്നു ഞാന്‍ പറയാന്‍ ചില കാരണങ്ങള്‍ കൂടിയുണ്ട്. പാകിസ്താനെ അപക്ഷിച്ച് മഹാന്‍മാരായ ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.
അവരുടെ ഓള്‍റൗണ്ടര്‍മാരും അദ്ഭുതപ്പെടുത്തുന്നവരാണ്. മഹാന്‍മാരായ നിരവധി കളിക്കാര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. ഈ കാരണങ്ങളാല്‍ തന്നെ പാകിസ്താനുമായുള്ള കളിയില്‍ അവരെ ഫേവറിറ്റുകളായി താന്‍ കാണുകയും ചെയ്യുന്നതായി എബിഡി വ്യക്തമാക്കി.

പോരാട്ടം ആവേശകരമാവും
ചാംപ്യന്‍സ് ട്രോഫിയില്‍ നിലവിലെ ജേതാക്കള്‍ കൂടിയാണ് പാകിസ്താന്‍. ദുബായില്‍ നടക്കാനിരിക്കുന്ന ഈ കളിയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാനായിരിക്കും അവര്‍ ആഗ്രഹിക്കുക. ടൂര്‍ണമെന്റിന്റെ ആതിഥേയരും കൂടിയാണ് പാകിസ്താന്‍.
ഇന്ത്യയുമായുള്ള ഈ മല്‍സരത്തില്‍ പാകിസ്താന്‍ ടീം തങ്ങളുടെ ഏറ്റവും മികച്ച ഗെയിം തന്നെ പുറത്തെടുക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ബാറ്റര്‍മാരെ തളയ്ക്കാന്‍ പാകിസ്താന്റെ പേസാക്രമണത്തിനു കഴിയുമോ? വളരെയധികം താല്‍പ്പര്യത്തോടെയാണ് താന്‍ ഇതു ഉറ്റുനോക്കുന്നതെന്നും എബിഡി പറയുന്നു.
പാകിസ്താന്‍ വളരെയധിം കഴിവുറ്റ ടീം തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം വളരെയധികം ആവേശകരമാവുമെന്നും പ്രതീക്ഷിക്കുന്നു.
മറുഭാഗത്തു ഇന്ത്യന്‍ ടീം തീര്‍ച്ചയായും ജസ്പ്രീത് ബുംറയെ ഈ കളിയില്‍ മിസ് ചെയ്യും. അദ്ദേഹമില്ലെങ്കിലും ഈ ടീമില്‍ വേറെയും മികച്ച ബൗളര്‍മാരുണ്ട്. മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യക്കുണ്ടെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.