ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞതോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയിലേക്കാണ്. അതിനു മുമ്പ് ഇംഗ്ലണ്ടുമായി വൈറ്റ് ബോള്‍ പരമ്പരകള്‍ ഇന്ത്യ കളിക്കുമെങ്കിലും അതിനേക്കാള്‍ പ്രധാനം ചാംപ്യന്‍സ് ട്രോഫി തന്നെയാണ്. 12നാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ചിരിക്കുന്ന സമയപരിധി. 13 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യാം.
അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച തന്നെ ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതോടൊപ്പം ഇംഗ്ലണ്ടുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെയും തിരഞ്ഞെടുക്കും. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിലെ 10 പേരും ആരൊക്കെയാവുമെന്നു ഉറപ്പായിരിക്കുകയാണ്. ഇനി അഞ്ചു പേരുടെ കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. ടീമില്‍ സ്ഥാനമുറപ്പാക്കിയ 10 പേര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

10 പേര്‍ ആരൊക്കെ?
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വന്‍ പരാജയമായി മാറിയെങ്കിലും ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നു മാറ്റിയൊരു ചൂതാട്ടത്തിനു ഇന്ത്യ മുതിരില്ല. ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റായി ചാംപ്യന്‍സ് ട്രോഫി മാറിയേക്കും. ക്യാപ്റ്റനെന്ന നിലയിലുള്ള രോഹിത്തിന്റെ അനുഭവസമ്പത്തും ഏകദിനത്തിലെ റെക്കോര്‍ഡുമെല്ലാം ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറും.
രോഹിത് കഴിഞ്ഞാല്‍ ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടാമത്തെയാള്‍ മറ്റൊരു വെറ്ററനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. 2023ലെ ഏകദിന ലോകകപ്പിലെ ടോപ്‌സ്‌കോററായിരുന്ന അദ്ദേഹത്തെ തീര്‍ച്ചയായും ഇന്ത്യക്കു ഈ ഫോര്‍മാറ്റില്‍ മാറ്റി നിര്‍ത്താന്‍ കഴിയില്ല. രോഹിത്തിനൊപ്പം കോലിയുടെയും അവസാന ഐസിസി ടൂര്‍ണമെന്റായി ഇതു മാറിയേക്കും.
ടീമില്‍ സ്ഥാനമുറപ്പുള്ള മറ്റു രണ്ടു പേര്‍ യുവ ബാറ്റിങ് സെന്‍സേഷനുകളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ്. ഓസ്‌ട്രേലിയയില്‍ ഫ്‌ളോപ്പായെങ്കിലും ഏകദിനത്തില്‍ ഗില്ലിന്റെ റെക്കോര്‍ഡ് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. മറ്റു ഫോര്‍മാറ്റുകളേക്കാള്‍ ഏകദിനത്തിലാണ് അദ്ദേഹം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ജയ്‌സ്വാളാവട്ടെ ഏകദിനത്തില്‍ ഇനിയും അരങ്ങേറിയിട്ടില്ലെങ്കിലും ഇപ്പോള്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത തരത്തിലേക്കു വളര്‍ന്നു കഴിഞ്ഞു.
ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിച്ചു കഴിഞ്ഞ അഞ്ചാമത്തെയും ആറാമത്തെയും കളിക്കാര്‍ പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളിലേക്കു രാഹുലാണ് ഫേവറിറ്റ്. അഞ്ചാം നമ്പറും അദ്ദേഹം ഭദ്രമാക്കിക്കഴിഞ്ഞു. 2023ലെ ഏകദിന ലോകകപ്പില്‍ ഈ റോളില്‍ കസറിയ താരമാണ് രാഹുല്‍.
ഹാര്‍ദിക്കാവട്ടെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരിലൊരാളാണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തന്റേതായ ദിവസങ്ങളില്‍ കളി ജയിപ്പിക്കാനുള്ള അസാധാരണ മിടുക്ക് അദ്ദേഹത്തിനുണ്ട്. അതിനാല്‍ തന്നെ ഹാര്‍ദിക്കില്ലാത്ത ചാംപ്യന്‍സ് ട്രോഫി ടീമിനെക്കുറിച്ച് ഇന്ത്യക്കു ചിന്തിക്കാന്‍ പോലും സാധിക്കില്ല.
Champions Trophy 2025: രോഹിത്തടക്കം 4 പേര്‍ ഔട്ട്!! ഫോമില്ലാത്തവര്‍ വേണ്ട, ഈ 11 സൂപ്പര്‍
മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനമുറപ്പുള്ള ഏഴാമന്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ ബാറ്റിങാണ് അദ്ദേഹം നടത്തിയത്. അതുകൊണ്ടു തന്നെ ശ്രേയസിനെ ഇനി തഴയുക സെലക്ടമാര്‍ക്കു അസാധ്യവുമായിരിക്കുകയാണ്. നാലാം നമ്പറിലായിരിക്കും ടൂര്‍ണമെന്റില്‍ അദ്ദേഹം ബാറ്റ് ചെയ്യുകയെന്നും ഉറപ്പായിരിക്കുകയാണ്.

ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള 8, 9, 10 സ്ഥാനക്കാര്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരാണ്. പരിക്കേറ്റ ബുംറയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുണ്ടെങ്കിലും ചാംപ്യന്‍സ് ട്രോഫിക്കു മുമ്പ് അദ്ദേഹം പൂര്‍ണ ഫിറ്റാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അക്ഷര്‍ ഇന്ത്യക്കു തീര്‍ച്ചയായും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത താരമാണ്. കുല്‍ദീപാവട്ടെ നിലവില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറുമാണ്.
5 പേര്‍ ആരെല്ലാം
10 പേരുടെ കാര്യമുറപ്പായതോടെ ശേഷിച്ച അഞ്ചു പേരുടെ കാര്യത്തില്‍ മാത്രമേ ഇനി സംശയമുള്ളൂ. ബാക്കപ്പ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്കായിരിക്കും ടീമില്‍ ഇടം ലഭിക്കുക.
പേസര്‍മാരില്‍ ബുംറയ്ക്കു കൂട്ടായി അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍ തുടങ്ങിയവരെല്ലാം രംഗത്തുണ്ട്. ഇതില്‍ മൂന്നു പേരാവും ടീമിലെത്തുക. ബാക്കപ്പ് സ്പിന്നറായി രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാള്‍ക്കും നറുക്കുവീഴും.