വിശാഖപട്ടണം: വെള്ളിത്തിരയില്‍ ഹീറോ വേഷങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ച തനിക്ക് ക്രിക്കറ്റ് മൈതാനത്തും മിന്നിക്കാന്‍ കഴിയുമെന്നു കാണിച്ചു തന്നിരിക്കുകാണ് ഉണ്ണി മുകുന്ദന്‍. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മുംബൈ ഹീറോസുമായുള്ള കളിയിലാണ് കേരളാ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനായ അദ്ദേഹം മിന്നിച്ചത്. ബൗളിങിലാണ് ഉണ്ണിയുടെ ശ്രദ്ധേയമായ പ്രകടനം കണ്ടത്.
മുംബൈയുമായുള്ള മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളാണ് അദ്ദേഹം പിഴുതത്. ബൗളിങില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ഉണ്ണി 7.75 ഇക്കോണമി റേറ്റില്‍ പോക്കറ്റിലാക്കിയത് മൂന്നു വിക്കറ്റുകളാണ്. ഈ കൡയില്‍ മികച്ച തുടക്കവുമായി കുതിച്ച മുംബൈയ്ക്കു മുക്കുകയറിടാന്‍ സഹായിച്ചത് ഉണ്ണിയാണ്. ഇതു എങ്ങനെയെന്നറിയാം.

നിര്‍ണായക ബ്രേക്ക്ത്രൂ
ഷബീര്‍ അലുവാലിയയും സാക്വിബ് സലീമുമാണ് മുംബൈ ഹീറോസിനായി ഓപ്പണിങില്‍ ഇറങ്ങിയത്. കേരളത്തിനു വേണ്ടി ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് നായകന്‍ ഉണ്ണി മുകുന്ദനുമാണ്. ഒരു ഫോറടക്കം ആറു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുളളൂ.
എന്നാല്‍ മണിക്കുട്ടന്റെ അടുത്ത ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 14 റണ്‍സ് മുംബൈയുടെ ഓപ്പണര്‍മാര്‍ വാരിക്കൂട്ടി. അഞ്ചാമത്തെ ഓവറില്‍ മണിക്കുട്ടന്‍ വീണ്ടു തല്ലുവാങ്ങി. മൂന്നു ഫോറടക്കം 14 റണ്‍സാണ് താരം വാരിക്കോരി നല്‍കിയത്. ഇതോടെ കേരളം അല്‍പ്പം ബാ്ക്ക് ഫൂട്ടിലുമായി. നാലോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ കുതിച്ച മുംബൈയ്ക്കു പൂട്ടിട്ടത് ഉണ്ണിയാണ്.
തൊട്ടടുത്ത ഓവറിലെ മൂന്നാമത്തെ ബോളില്‍ അദ്ദേഹം ഷബീറിനെ ബൗള്‍ഡാക്കി. 15 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 23 റണ്‍സാണ് താരം നേടിയത്. കേരളം കാത്തിരുന്ന ബ്രേക്ക്ത്രൂയും ഇതു തന്നെ ആയിരുന്നു.
തൊട്ടടുത്ത ബോളില്‍ പുതുതായി ക്രീസിലെത്തിയ മുംബൈയുടെ മലയാളി താരം രാജീവ് പിള്ളയെ കേരളം റണ്ണൗട്ടുമാക്കി. കവര്‍ ഏരിയയിലേക്കു അദ്ദേഹം ഷോട്ട് കളിച്ചെങ്കിലും അരുണും ആര്യനും ചേര്‍ന്ന് മികച്ചൊരു റണ്ണൊട്ടിലൂടെ കേരളത്തിനു മറ്റൊരു വിക്കറ്റ് കൂടി സമ്മാനിച്ചു. ഇതാടെ മുംബൈ രണ്ടു വിക്കറ്റിനു 44 റണ്‍സിലേക്കും വീണു.
സിസിഎല്ലിന്റെ ഈ സീസണില്‍ കേരളത്തിന്റെ ആദ്യ മല്‍സരം കൂടിയാണിത്. കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന കേരളാ ടീം ഇത്തവണ ഉണ്ണിയുടെ കീഴില്‍ ടൂര്‍മെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
കേരളാ സ്‌ട്രൈക്കേഴ്‌സ് ടീം
ഉണ്ണി മുകുന്ദന്‍ (ക്യാപ്റ്റന്‍), അര്‍ജുന്‍ നന്ദകുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, റിയാസ് ഖാന്‍, സിജു വില്‍സണ്‍, ജോണ്‍ കൈപ്പള്ളി, സഞ്ജു ശിവറാം, അനൂപ് കൃഷ്ണന്‍, അരുണ്‍ ബെന്നി, ബിനീഷ് കോടിയേരി, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് മേനോന്‍, വിവേക് ഗോപന്‍.