Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്ന് ജീവിതം വഴിമുട്ടി, ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഹീറോ; അറിയണം വരുണിന്റെ ജീവിതം

ആര്‍ത്തിരമ്പുന്ന ഗ്യാലറിയെന്ന ആവേശക്കടല്‍. അവിടെ ഇന്ത്യയുടെ ജേഴ്‌സി അണിഞ്ഞ് തലയുയര്‍ത്തി നില്‍ക്കുന്ന നിമിഷം. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാവരും ഒരു നിമിഷമെങ്കിലും ആഗ്രഹിച്ച നിമിഷമാണിത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന വന്മരത്തണലിലേക്കെത്തുക അത്ര എളുപ്പമല്ല. താരസമ്പന്നമായ ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ദേശീയ ടീമിലേക്ക് വളരണമെങ്കില്‍ മികവിനൊപ്പം ഭാഗ്യം കൂടി വേണം. വലിയ പ്രതീക്ഷ വെച്ച പലരും ഒന്നുമാകാതെ പോയതും അപ്രതീക്ഷിതമായി ചിലര്‍ ഇന്ത്യയുടെ ഇതിഹാസങ്ങളായി മാറിയതുമെല്ലാം ചരിത്രത്തില്‍ കാണാനാവും.

ട്വിസ്റ്റുകളും സര്‍പ്രൈസുകളും നിറഞ്ഞ സിനിമാ കഥ പോലെയാണ് പലപ്പോഴും താരങ്ങളുടെ കരിയറും. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടി രാജ്യത്തിന് അഭിമാനമായി നാട്ടിലേക്ക് മടങ്ങുമ്പോള്‍ അതിലൊരു നിശബ്ദനായ പോരാളിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് വരുണ്‍ ചക്രവര്‍ത്തി. ആഭ്യന്തര ക്രിക്കറ്റിലെ അനുഭവസമ്പത്തില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച് വളര്‍ന്ന വരുണ്‍ ഇപ്പോള്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്.

ജോലി നഷ്ടമാവുകയും ലക്ഷങ്ങളുടെ കട ബാധ്യത ചെറുപ്പത്തിലേ നേരിടേണ്ടി വരികയും ചെയ്ത വരുണ്‍ ഇപ്പോള്‍ ഇന്ത്യയുടെ അഭിമാന താരമാണ്. വരുണിന്റെ കരിയര്‍ മറ്റ് താരങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമാണ്. ചെറുപ്പം മുതല്‍ ക്രിക്കറ്റ് താരമാവാന്‍ സ്വപ്‌നം കണ്ടിരുന്നയാളല്ല വരുണ്‍. ക്രിക്കറ്റിലേക്ക് വരുണ്‍ എത്തിപ്പെടുകയായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന്റെ രസകരമായ ജീവിത കഥ അറിയാം.

ആര്‍ക്കിടെക്കായി തുടക്കം

ക്രിക്കറ്റിനെ ഗൗരവത്തോടെ കണ്ടിരുന്ന ആളായിരുന്നില്ല വരുണ്‍. ഇന്ത്യന്‍ ക്രിക്കറ്റും ഐപിഎല്ലും വരുണിന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു. ചെറുപ്പം മുതലേ ക്രിക്കറ്റിനോട് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കരിയറാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നില്ല. തനിക്ക് ക്രിക്കറ്റ് കളിക്കുമ്പോള്‍ സന്തോഷവും സമാധാനവും ലഭിച്ചിരുന്നു. അതുകൊണ്ടാണ് ക്രിക്കറ്റ് കളിച്ചിരുന്നതെന്നാണ് വരുണ്‍ പറയുന്നത്. ആര്‍ക്കിടെക്കില്‍ ബിരുദം നേടിയ വരുണ്‍ ആദ്യം ഫ്രീലാന്‍സ് ആര്‍ക്കിടെക്കും തുടര്‍ന്ന് ഒരു കമ്പനിയില്‍ ജോലിക്ക് കയറുകയും ചെയ്തു.

രണ്ട് വര്‍ഷത്തോളം ജോലി നോക്കിയ ശേഷം സ്വന്തമായൊരു കമ്പനി തുടങ്ങി. എന്നാല്‍ ഈ കമ്പനി വലിയ നഷ്ടത്തിലായി. ലക്ഷങ്ങളുടെ ബാധ്യതയിലേക്ക് പോയി. ഇതോടെ മാനസികമായി തകര്‍ന്നെങ്കിലും ആശ്വാസമായി ക്രിക്കറ്റിനെ കണ്ടു. അപ്പോഴും ക്രിക്കറ്റിനെ കരിയറാക്കി മാറ്റാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആര്‍ക്കിടെക്കായി തുടരാന്‍ സാധിക്കാതെ വന്നതോടെ മറ്റൊരു രംഗത്തേക്ക് വരുണ്‍ ചുവടുമാറ്റം നടത്തി. അത് സിനിമയിലായിരുന്നു. എന്നാല്‍ അവിടേയും ശോഭിക്കാനായില്ല.

തമിഴ് സിനിമയില്‍ അഭിനയിച്ചു

തമിഴ് സിനിമയായ ജീവയില്‍ വരുണ്‍ ചക്രവര്‍ത്തി ചെറിയൊരു വേഷം ചെയ്തു. സ്‌പോര്‍ട്‌സ് അനുബന്ധമായ സിനിമയില്‍ അത്ര ശ്രദ്ധിക്കപ്പെടുന്ന റോളായിരുന്നില്ല വരുണിന്റേത്. ഇതിന് ശേഷം സിനിമയില്‍ കാര്യമായ അവസരം ലഭിച്ചില്ല. ഇതോടെ റിയാലിറ്റി ഷോയിലേക്ക് വരുണ്‍ ചുവടുമാറ്റി. കോക്കു വിത്ത് കോമാളിയെന്ന റിയാലിറ്റി ഷോയിലാണ് അദ്ദേഹം പങ്കെടുത്തത്. എന്നാല്‍ അവിടെ നിന്നും കരിയറിന് വലിയൊരു നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

varun chakravarthy

ഇതോടെ താരം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമും ഐപിഎല്ലും സ്വപ്‌നം കണ്ടില്ലെങ്കിലും ഭേദപ്പെട്ട വരുമാനമുള്ള നിലയിലേക്ക് ക്രിക്കറ്റിലൂടെ മാറണമെന്നാണ് വരുണ്‍ ആഗ്രഹിച്ചത്. ഇതിനായി വരുണ്‍ നടത്തിയ ശ്രമങ്ങളാണ് ഇന്നത്തെ നിലയിലേക്ക് വരുണിനെ എത്തിച്ചത്.

കരിയറിലെ വഴിത്തിരിവ് 2017ല്‍

പ്രാദേശിക ക്രിക്കറ്റിലേക്ക് വരുണ്‍ പിന്നീട് സജീവമായി. ജൂബിലി ക്രിക്കറ്റ് ക്ലബ്ബിനായി കളിച്ച വരുണ്‍ 2017-18 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 31 വിക്കറ്റുകള്‍ നേടി. വരുണിന്റെ വ്യത്യസ്തമായ ലൈനും ലെങ്തും ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തി. ഇതോടെ നിഗൂഡ സ്പിന്നറെന്ന നിലയിലേക്ക് വരുണ്‍ മാറി. 2018ലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ താരത്തിന് മികവ് കാട്ടാനായതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയും വരുണിലേക്കെത്തി.

വരുണിനെ ഐപിഎല്ലില്‍ എല്ലാവരും ശ്രദ്ധിക്കുന്നത് 2019ലെ സീസണിലാണ്. 8.4 കോടിക്കാണ് പഞ്ചാബ് കിങ്‌സ് താരത്തെ ടീമിലേക്കെത്തിച്ചത്. എന്നാല്‍ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തിന് വില്ലനായി. 2020ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കാനായത് കരിയറില്‍ വഴിത്തിരിവായി. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 17 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതോടെ ഓസീസ് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിച്ചെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നം കാരണം കളിക്കാനായില്ല.

ഇന്ന് ഇന്ത്യയുടെ വജ്രായുധം

ഇന്ന് ഇന്ത്യന്‍ ടീമിന്റെ വജ്രായുധമാണ് വരുണ്‍ ചക്രവര്‍ത്തി. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കിരീടം ചൂടുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയവരിലൊരാള്‍ വരുണാണ്. ന്യൂസീലന്‍ഡിനെതിരേ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും വരുണ്‍ മികവ് കാട്ടി. ആദ്യം ഇന്ത്യന്‍ ടീമില്‍ വരുണിന് സ്ഥാനമില്ലായിരുന്നു. എന്നാല്‍ അവസാന സമയത്ത് ഗൗതം ഗംഭീര്‍ വരുണിനെ ടീമിലെടുക്കുകയായിരുന്നു. ഈ തീരുമാനം ഇന്ത്യക്കും ഗുണകരമായി മാറി.

Story first published: Wednesday, March 12, 2025, 13:46 [IST]
Other articles published on Mar 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+