അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഒരോവറിലെ ആറു ബോളിലും സിക്‌സര്‍ പറത്തിയ ഏക താരമെന്ന ലോക റെക്കോര്‍ഡ് ഇപ്പോഴും മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനു അവകാശപ്പെട്ടതാണ്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു യുവിയുടെ ഈ കടന്നാക്രമണം. പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലായിരുന്നു മുഴുവന്‍ ബോളുകളും അദ്ദേഹം നിലം തൊടീക്കാതെ സിക്‌സറിലേക്കു പറത്തിയത്. അതിനു മുമ്പോ, ശേഷമോ മറ്റൊരു ഇന്ത്യന്‍ താരത്തിനോ സാധിക്കാത്ത കാര്യമാണിത്.
ഇപ്പോഴിതാ യുവിയുടെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ സാധിക്കുമോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ടീം ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും അവസാനം ബംഗ്ലാദശേുമായുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ കളിയില്‍ ഒരോവറിലെ അഞ്ചു ബോളിലും സഞ്ജു സിക്‌സര്‍ പറത്തിയിരുന്നു.

ആറടിക്കാത്തതെന്ത്?
ബംഗ്ലാദേശിനെതിരേയുള്ള അവസാനത്തെ ടി20 മല്‍സരത്തില്‍ ഒരോവറിലെ അഞ്ചു ബോളിലും സിക്‌സര്‍ കണ്ടെത്തിയപ്പോള്‍ എന്തുകൊണ്ട് ആറെണ്ണത്തിനു ശ്രമിച്ചില്ലായെന്നു ആരെങ്കിലും ചോദിച്ചോയെന്നായിരുന്നു സഞ്ജു സാംസണിനോടുള്ള ചോദ്യം. അങ്ങനെയൊന്നും ആരും ചോദിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഓവറില്‍ അഞ്ചു സിക്‌സറുകള്‍ ഇപ്പോള്‍ നേടിക്കഴിഞ്ഞു. ആറെണ്ണം സാധ്യമാണോയെന്ന ചോദ്യത്തിനു കഴിയുമെന്നായിരുന്നു ചെറുചിരിയോടെയുള്ള സഞ്ജുവിന്റ മറുപടി.
ഒരോവറില്‍ ആറു സിക്‌സറുകളടിക്കാന്‍ കഴിയുക തന്നെ ചെയ്യും. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നു ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു. ഒരോവറില്‍ അഞ്ച്-ആറ് സിക്‌സറുകളെങ്കിലും കരിയറില്‍ എപ്പോഴെങ്കിലും അടിക്കണമെന്നു ഞാന്‍ മുമ്പ് തന്നെ ആലോചിച്ചു കൊണ്ടിരുന്ന കാര്യമാണ്. എനിക്കു അതിനു സാധിക്കുമെന്നു തന്നെ എല്ലായ്‌പ്പോഴും മനസ്സില്‍ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്തു.
കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ ഒരോവറില്‍ രണ്ട്-മൂന്ന് സിക്‌സറുകള്‍ വരെ ഞാന്‍ നേടിയിരുന്നു. അതിനു മുമ്പ് ഐപിഎല്ലില്‍ മൂന്നു സിക്‌സറികള്‍ വരെയും ഞാന്‍ പലപ്പോഴായി നേടിയിട്ടുണ്ട്. മൂന്നു സിക്‌സറില്‍ നിന്നും അഞ്ചിലേക്കു എത്താന്‍ അധികസമയമൊന്നും വേണ്ടി വരില്ലെന്നു ഞാന്‍ മനസ്സില്‍ പറയാറുണ്ടായിരുന്നു.
എനിക്കു സാധിക്കുമെന്നും ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതു ഇത്രയും വേഗത്തില്‍ തന്നെ സംഭവിക്കുകയും ചെയ്തു. നിങ്ങള്‍ ഒരോവറില്‍ ആറു സിക്‌സറുകളാണ് കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതും എന്നെക്കൊണ്ട് സാധ്യമാണ്. എന്തുകൊണ്ട് പറ്റില്ലെന്നും സഞ്ജു ചിരിയോടെ ചോദിക്കുന്നു.

സഞ്ജുവിന്റെ സിക്‌സര്‍ വേട്ട
ബംഗ്ലാദേശുമായി ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരത്തിലാണ് സഞ്ജു സാംസണ്‍ ഒരോവറിസെ ആറു ബോളില്‍ അഞ്ചിലും സിക്‌സര്‍ വാരിക്കൂട്ടിയത്. സ്പിന്നര്‍ റിഷാദ് ഹുസൈന്‍ എറിഞ്ഞ 10ാമത്തെ ഓവറിലായിരുന്നു അദ്ദേഹം സിക്‌സറുകളുടെ മാലപ്പടക്കം തീര്‍ത്തത്. ഓവറിലെ ആദ്യത്തെ ബോൡ സഞ്ജു റണ്ണൊന്നുമെടുത്തിരുന്നില്ല.
എന്നാല്‍ രണ്ടാമത്തെ ബോള്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ പായിച്ച് അദ്ദേഹം സിക്‌സര്‍ വേട്ടയ്ക്കു തിരി കൊളുത്തുകയായിരുന്നു. അടുത്ത ബോള്‍ ലോങ് ഓഫിനു മുകളിലൂടെയാണ് സഞ്ജു സിക്‌സറിലെത്തിച്ചത്. അടുത്ത ബോള്‍ വീണ്ടും ബൗളര്‍ക്കു മുളിലുടെ സിക്‌സറിലേക്ക്. ഹാട്രിക് സിക്‌സറുകള്‍ കൊണ്ടും അദ്ദേഹത്തിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു.
അഞ്ചാമത്തെ ബോള്‍ ക്രീസില്‍ നിലയുറപ്പിച്ച ശേഷം ലോങ്ഓണിനു മുകളിലൂടെയായിരുന്നു സഞ്ജു സിക്‌സറിലെത്തിച്ചത്. അവസാനത്തെ ബോള്‍ മിഡില്‍, ലെഗ് സ്റ്റംപ് ഏരിയയിലായിരുന്നു. ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ അദ്ദേഹം അതിനെയും സിക്‌റിലേക്കു പായിക്കുകയായിരുന്നു. ഈ ഓവര്‍ തുടങ്ങും മുമ്പ് 62 റണ്‍സെന്ന നിലയിലായിരുന്ന സഞ്ജു ഓവറിനു ശേഷം ഒറ്റയടിക്കു 92 റണ്‍സിലേക്കു കുതിക്കുകയും ചെയ്തു.