കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി പലരും ഇപ്പോള്‍ താരതമ്യം ചെയ്യുന്ന ബാറ്റ്‌സ്മാനാണ് പാകിസ്താന്‍ സെന്‍സേഷന്‍ ബാബര്‍ ആസം. കോലിക്കൊപ്പമോ, ഭാവിയില്‍ അതിനു മുകളിലോയെത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനെന്നാണ് ബാബര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കോലിയുമായി ബാബറിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ലെന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ മുഹമ്മദ് യൂസഫ് വ്യക്തമാക്കി. സ്‌പോര്‍ട്‌സ് സ്റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മ, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങി ഒരുപിടി മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ട്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളും കൂടി പരിഗണിച്ചാല്‍ കോലിയാണ് ഏറ്റവും കേമനെന്നു യൂസഫ് അഭിപ്രായപ്പെട്ടു. അവിശ്വസനീയമായാണ് കോലിയുടെ ബാറ്റിങ്. സമ്മര്‍ദ്ദ ഘട്ടങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് അദ്ദേഹം സെഞ്ച്വറികള്‍ നേടിക്കൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്കും കോലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും യൂസഫ് പറഞ്ഞു.

ബാബറിനെ ഈ ഘട്ടത്തില്‍ ഒരിക്കലും കോലിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം കോലി ബാബറിനേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുകയും കൂടുതല്‍ അനുഭവസമ്പത്തുമുള്ള താരമാണ്. 2008-09 മുതല്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. ബാബര്‍ വളരെ സോളിഡായ ബാറ്റ്‌സ്മാനാണെന്നതില്‍ സംശയമില്ല. എന്നാല്‍ കോലിയുമായി താരതമം ചെയ്യാനാവില്ല. ഇരുവരും തങ്ങളുടേതായ തരത്തില്‍ വളരെ ഗംഭീര ബാറ്റ്‌സ്മാന്‍മാരാണ്. നിലവില്‍ കോലിയാണ് നമ്പര്‍ വണ്‍. മഹാനായ ബാറ്റ്‌സ്മാനാണ് അദ്ദേഹമെന്നും യൂസഫ് കൂട്ടിച്ചേര്‍ത്തു.
കോലി ഏകദിനത്തില്‍ ഇതിനകം 43ഉം ടെസ്റ്റില്‍ 27ഉം സെഞ്ച്വറികള്‍ ഇന്ത്യക്കു വേണ്ടി നേടിക്കഴിഞ്ഞു. ഏകദിനത്തില്‍ 11,000ത്തിനു മുകളില്‍ റണ്‍സ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ 8000ത്തിന് അടുത്ത് റണ്‍സും ഇന്ത്യന്‍ നായകന്‍ നേടി. നിലവില്‍ ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലി ഏകദിനത്തില്‍ നമ്പര്‍ വണ്ണും ടെസ്റ്റ്‌റില്‍ രണ്ടാം നമ്പറുമാണ്. എന്നാല്‍ ടി20യില്‍ ബാബറാണ് തലപ്പത്ത്. കോലി പത്താംസ്ഥാനത്താണുള്ളത്.