വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കോലി ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായിരുന്നു. ഏകദിന ലോകകപ്പിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിനത്തിലെ 49 സെഞ്ച്വറികളുടെ റെക്കോഡിനെ മറികടക്കാന്‍ കോലിക്കായി. 50 സെഞ്ച്വറികളാണ് നിലവില്‍ ഏകദിനത്തില്‍ കോലിക്കുള്ളത്. മികച്ച ഫിറ്റ്‌നസുള്ള കോലി ഇനിയും അഞ്ച് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ തുടര്‍ന്നേക്കും.
80 സെഞ്ച്വറികളാണ് 35കാരനായ കോലിയുടെ പേരിലുള്ളത്. സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ 21 സെഞ്ച്വറികളാണ് കോലിക്ക് വേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് ഈ നേട്ടത്തിലേക്കെത്തുക കോലിയെ സംബന്ധിച്ച് പ്രയാസമാകില്ല. എന്നാല്‍ പ്രായം മുന്നോട്ട് പോകുന്തോറും പ്രകടനത്തിന്റെ നിലവാരം കുറയുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇപ്പോഴിതാ കോലിക്ക് 100 സെഞ്ച്വറി നേടുക പ്രയാസമായിരിക്കുമെന്നും അങ്ങനെ തോന്നുന്നത് തന്നെ മണ്ടത്തരമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരവും ഇതിഹാസവുമായ ബ്രയാന്‍ ലാറ.
'കോലിക്ക് ഇപ്പോള്‍ എത്ര വയസായി. 35 അല്ലേ. ഇപ്പോള്‍ 80 സെഞ്ച്വറി അവനുണ്ട്. 100 സെഞ്ച്വറിയിലേക്കെത്താന്‍ ഇനിയും 20 സെഞ്ച്വറി വേണം. ഒരു വര്‍ഷം അഞ്ച് സെഞ്ച്വറി നേടിയാല്‍ നാല് വര്‍ഷംകൊണ്ട് കോലിക്ക് സച്ചിന്റെ റെക്കോഡിനൊപ്പമെത്താം.
നാല് വര്‍ഷം കഴിഞ്ഞാല്‍ കോലിക്ക് 39 വയസ്. വളരെ പ്രയാസമുള്ള ജോലിയാണത്'- ലാറ പറഞ്ഞു. എന്നാല്‍ മികച്ച ഫിറ്റ്‌നസ് നിലവാരമുള്ള താരമാണ് വിരാട് കോലി. നാല് വര്‍ഷം കളിച്ചാലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസിനെയത് കാര്യമായി ബാധിച്ചേക്കില്ല.
അതുകൊണ്ടുതന്നെ 100 സെഞ്ച്വറിയിലേക്ക് കോലി എത്തില്ലെന്ന് തീര്‍ത്തും പറയാനാവില്ല. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡ് ആരും തകര്‍ക്കില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കോലി ഈ റെക്കോഡ് തകര്‍ത്തു. അതുകൊണ്ടുതന്നെ ഭാവിയില്‍ 100 സെഞ്ച്വറിയിലേക്ക് കോലിക്ക് എത്താന്‍ സാധിച്ചാലും അത്ഭുതപ്പെടാനാവില്ല. സമീപകാലത്തായി മികച്ച ഫോമിലാണ് കോലിയുള്ളത്. ഇതേ ഫോമില്‍ മൂന്ന് വര്‍ഷമെങ്കിലും കോലിക്ക് കളിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

കാലഘട്ടം പുരോഗമിക്കുന്നതിനനുസരിച്ച് ക്രിക്കറ്റിലും വലിയ മാറ്റങ്ങളുണ്ടാവുന്നുണ്ട്. പണ്ടത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ബാറ്റിങ് കൂടുതല്‍ എളുപ്പമായിട്ടുണ്ട്. ഭാവിയില്‍ ബാറ്റിങ് കൂടുതല്‍ എളുപ്പമാവുകയും ഏതെങ്കിലും താരങ്ങള്‍ 100 സെഞ്ച്വറിയിലേക്കെത്താനും സാധ്യതയുണ്ട്. ശുബ്മാന്‍ ഗില്ലിനെപ്പോലെ മികച്ച യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഭാവിയില്‍ ഈ റെക്കോഡ് തകര്‍ക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. അത് കോലിയാവാന്‍ സാധ്യത കുറവാണെന്നാണ് ലാറയുടെ വിലയിരുത്തല്‍.
'സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് ആരും തകര്‍ക്കില്ലെന്ന് പറയാനാവില്ല. എന്നാല്‍ കോലി ഇത് തകര്‍ക്കുമെന്ന് പറയുന്നതില്‍ യുക്തിയില്ല. 20 സെഞ്ച്വറികളാണ് 100 സെഞ്ച്വറിയിലേക്കായി കോലിക്ക് വേണ്ടത്. പല താരങ്ങളുടേയും കരിയറില്‍ ആകെ 20 സെഞ്ച്വറികളാവും ഉണ്ടാവുക. പ്രായം ഒരാളുടേയും പ്രതിഭയുടെ അളവുകോലല്ല. മറ്റ് പല റെക്കോഡ് കോലി തകര്‍ത്താനും 100 സെഞ്ച്വറിയിലേക്കെത്തുക പ്രയാസമായിരിക്കും. കോലിക്ക് ഈ റെക്കോഡിനോടടുത്തെത്താന്‍ സാധിച്ചേക്കും.
കോലിയുടെ പ്രതിഭയുടെ വലിയ ആരാധകനാണ് ഞാന്‍. എന്റെ എല്ലാ വിധ ആശംസകളും കോലിക്കുണ്ട്'- ലാറ കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളെയും വെല്ലുവിളികളേയും മറികടക്കാന്‍ സവിശേഷമായ മികവുള്ള താരമാണ് കോലി. എന്നാല്‍ കോലി പരിമിത ഓവറില്‍ നിന്ന് പതിയെ പിന്മാറി ടെസ്റ്റിലേക്ക് മാത്രം ഒതുങ്ങാനുള്ള ശ്രമവും നടത്തുന്നുണ്ട്.
അടുത്ത ടി20 ലോകകപ്പില്‍ കോലി കളിക്കുന്ന കാര്യം സംശയമാണ്. ഈ വര്‍ഷം ഒരു ടി20 മത്സരം പോലും കോലി കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പില്‍ കോലി കളിച്ചേക്കില്ലെന്ന് തന്നെ വിലയിരുത്താം.