റെക്കോര്‍ഡുകള്‍ തകര്‍പ്പെടാനുള്ളവയാണെന്നാണ് പറയാറുള്ളത്. പക്ഷെ ഒരിക്കലും തകരാതെ എക്കാലവും നില്‍ക്കാന്‍ സാധ്യതയുള്ള ചില റെക്കോര്‍ഡുകളുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 അന്താരാഷ്ട്ര സെഞ്ച്വറികള്‍, മുത്തയ്യ മുരളീധരന്റെ 800 ടെസ്റ്റ് വിക്കറ്റുകള്‍, ബ്രയാന്‍ ലാറയുടെ ടെസ്റ്റ് സ്‌കോറായ 400 റണ്‍സ്, രോഹിത് ശര്‍മയുടെ ഏകദിന സ്‌കോറായ 264 റണ്‍സ് എന്നിവയെ ഇക്കൂട്ടത്തില്‍ പെടുത്താം.
പക്ഷെ തന്റെ പേരിലുള്ള ലോക റെക്കോര്‍ഡ് അസാധ്യമല്ലെന്നും അതു തകര്‍പ്പെടുമെന്നുമെന്നാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ലാറ ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. ആരായിരിക്കും ഈ റെക്കോര്‍ഡ് തിരുത്തുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷനും ഏകദിനത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ശുഭ്മന്‍ ഗില്ലിനെക്കുറിച്ചാണ് ലാറ വമ്പന്‍ പ്രവചനം നടത്തിയിരിക്കുന്നത്. ടെസ്റ്റിലെ 400 റണ്‍സെന്ന ലോക റെക്കോര്‍ഡ് മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 501 റണ്‍സെന്ന ലോക റെക്കോര്‍ഡും തിരുത്താന്‍ ശേഷിയുള്ള താരമാണ് ഗില്ലെന്നു ലാറ വിലയിരുത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 400 റണ്‍സെന്ന മാന്ത്രിക സംഖ്യം കുറിച്ച ലോകത്തിലെ ഏക താരമാണ് അദ്ദേഹം. 2004ല്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലായിരുന്നു ലാറ ലോക റെക്കോര്‍ഡിട്ടത്.
1994ലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 501 റണ്‍സ് സ്‌കോര്‍ ചെയ്ത് ലാറ ലോകത്തെ വിസ്മയിപ്പിച്ചത്. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഡര്‍ഹാമിനെതിരായ മല്‍സരത്തില്‍ വാര്‍വിക്‌ഷെയറിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ അദ്ഭുത ഇന്നിങ്‌സ്. അതിനു ശേഷം ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലാറയുടെ ഈ ലോക റെക്കോര്‍ഡിനെ വെല്ലുവിളിക്കാന്‍ മറ്റൊരു ക്രിക്കറ്റര്‍ക്കുമായിട്ടില്ല.
എന്റെ പേരിലുള്ള രണ്ടു ലോക റെക്കോര്‍ഡുകളും ശുഭ്മന്‍ ഗില്‍ തകര്‍ക്കും. പുതിയ തലമുറയിലെ ഏറ്റവും പ്രതിഭാശാലിയായ ബാറ്ററാണ് അവന്‍. വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റിനെ ഭരിക്കാന്‍ പോവുന്നത് ഗില്ലായിരിക്കും. എന്റെ വമ്പന്‍ റെക്കോര്‍ഡുകള്‍ അവന്‍ തകര്‍ക്കുമെന്നു താന്‍ വിശ്വസിക്കുന്നതായും ലാറ വ്യക്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. കൂടാതെ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ഗില്ലിന്റെ കരിയറിന്റെ തുടക്കം അത്ര മികച്ചല്ല. 18 മല്‍സരങ്ങളില്‍ നിന്നും 32 ശരാശരിയില്‍ രണ്ടു സെഞ്ച്വറികളടക്കം 966 റണ്‍സാണ് താരം നേടിയത്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ശുഭ്മന്‍ ഗില്‍ സെഞ്ച്വറി നേടിയിട്ടില്ലായിരിക്കാം. പക്ഷെ അവന്‍ ഇതിനകം കളിച്ചുകഴിഞ്ഞ ഇന്നിങ്‌സുകള്‍ നോക്കൂ. എല്ലാ ഫോര്‍മാറ്റുകളിലും ഗില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും അവന്റെ പേരിലുണ്ട്. കൂടാതെ ഐപിഎല്ലില്‍ നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകളും ഗില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ഭാവിയില്‍ അവന്‍ നിരവധി ഐസിസി ടൂര്‍ണമെന്റുകളില്‍ വിജയിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും ലാറ വ്യക്തമാക്കി.
ശുഭ്മന്‍ ഗില്‍ ബാറ്റ് ചെയ്യുന്ന രീതി വളരെ ഗംഭീരമാണ്. അവനില്‍ എനിക്കു വലിയ വിശ്വാസമാണുള്ളത്. സീമര്‍മാര്‍ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി ഗില്‍ ഗ്രൗണ്ടിനു പുറത്തേക്കു ഷേട്ടുകൾ പറത്തുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ? അവിശ്വസനീയം തന്നെയാണിതെന്നും ലാറ കൂട്ടിച്ചേര്‍ത്തു.