T20 World Cup 2024: കോലിയും രോഹിത്തും ടി20 ലോകകപ്പ് കളിക്കണം, കാരണമുണ്ട്! ചൂണ്ടിക്കാട്ടി ലാറ
മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി വലിയ ചര്‍ച്ചയായിരുന്നു. തോല്‍വി അറിയാതെ ഫൈനലിലേക്കെത്തിയ ആതിഥേയരായ ഇന്ത്യക്ക് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തലകുനിക്കേണ്ടി വന്നു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ കപ്പിലേക്കെത്തിക്കാനായില്ല. ഇതോടെ പരിമിത ഓവറില്‍ നിന്ന് രോഹിത് വിരമിക്കുമെന്ന അഭ്യൂഹവും സജീവമാണ്. ടി20യില്‍ രോഹിത്തും കോലിയും ഇനി കളിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
ഇരുവരും 2022ലെ ടി20 ലോകകപ്പിന് ശേഷം ഒരു ടി20 മത്സരം പോലും ഇന്ത്യക്കായി കളിച്ചിട്ടില്ല. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇരുവരുടേയും സ്ഥാനം ചോദ്യമായി തുടരുകയാണ്. ഇപ്പോഴിതാ രോഹിത്തും കോലിയും അടുത്ത ടി20 ലോകകപ്പ് കളിക്കണമെന്നും അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. അനുഭവസമ്പത്തിന് പകരം വെക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ഇരുവരും കളിക്കണമെന്നുമാണ് ലാറ പറയുന്നത്.
'ഇന്ത്യ ലോകകപ്പ് ടീമിനെ പരിഗണിക്കുമ്പോള്‍ രോഹിത്തിനേയും കോലിയേയും നട്ടെല്ലായിത്തന്നെ പരിഗണിക്കണം. കാരണം അനുഭവസമ്പത്തിന് പകരം വെക്കാനാവില്ല. രോഹിത്തും കോലിയും അനുഭവസമ്പന്നരായ താരങ്ങളാണ്. വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ ഇവര്‍ക്ക് നല്ല അനുഭവസമ്പത്തുണ്ട്. ഇവര്‍ ഇതിഹാസ താരങ്ങളാണ്. തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ ഇന്ത്യക്കായി ഇവര്‍ ടി20 ലോകകപ്പും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്' ലാറ പറഞ്ഞു.
ടി20 ലോകകപ്പില്‍ യുവതാരങ്ങളുടെ സംഘത്തെ ഇറക്കാനാണ് ഇന്ത്യയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് രോഹിത്തിനേയും കോലിയേയും ടി20 ഫോര്‍മാറ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ ടി20 നായകനായി പരിഗണിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കാന്‍ ഹാര്‍ദിക്കിനായിരുന്നു. അവസാന സീസണില്‍ ടീമിനെ റണ്ണറപ്പുകളാക്കാനും ഹാര്‍ദിക്കിനായി.
ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവരെയാണ് പിന്തുണക്കുന്നത്.

ബാക്കപ്പായി റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവരും ഓപ്പണര്‍മാരായുണ്ട്. രോഹിത്തും കോലിയും പരിമിത ഓവര്‍ മതിയാക്കി ടെസ്റ്റിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോലിക്ക് മികച്ച ഫിറ്റ്‌നസുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോഹിത് ശര്‍മക്ക് അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുള്ള ബാല്യമുണ്ടെന്ന് കരുതാനാവില്ല. ഫിറ്റ്‌നസാണ് ഹിറ്റ്മാന്റെ പ്രശ്‌നം.
എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഇവരുടെ റെക്കോഡുകള്‍ മികച്ചതാണ്. പക്ഷെ ഭാവി പരിഗണിക്കുമ്പോള്‍ ഇന്ത്യ ഇവരെ കൈവിടാനാണ് സാധ്യത കൂടുതല്‍. ഇത്തവണ തട്ടകത്തില്‍ ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയത് വലിയ ക്ഷീണമായിട്ടുണ്ട്. തോല്‍വി അറിയാതെ ഫൈനലിലെത്തിയിട്ടും ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ലോകകപ്പിലെ പ്രകടനത്തെ ലാറ അഭിനന്ദിച്ചു.
'ഇന്ത്യ ലോകകപ്പില്‍ പ്രയാസപ്പെട്ടുവെന്ന് പറയാനാവില്ല. ലോകകപ്പില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. തോല്‍വിയില്‍ നിന്ന് എങ്ങനെ കരുത്താര്‍ജിക്കാം എന്നാണ് പഠിക്കേണ്ടത്. ഓസ്‌ട്രേലിയ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റതോടെ അവരുടെ പിഴവുകള്‍ വ്യക്തമായി. അത് മനസിലാക്കി കളിച്ചതാണ് കിരീടത്തിലേക്കെത്താന്‍ കാരണമായത്'- ലാറ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് കപ്പിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടമായത്.
ഇനിയൊരു ഏകദിന ലോകകപ്പ് കിരീടം നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. വരാനിരിക്കുന്ന ലോകകപ്പുകളെല്ലാം വിദേശ പിച്ചുകളിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കപ്പടിക്കുക പ്രയാസമാവും. ഇന്ത്യയുടെ നായകസ്ഥാനം രോഹിത് ഒഴിഞ്ഞാല്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിക്കാന്‍ ശേഷിയുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. അതുകൊണ്ടുതന്നെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് മാറാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രതീക്ഷകള്‍ വാനോളമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications