'സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ പന്തെറിയുന്നത് വെറുത്തിരുന്നു', കാരണം വെളിപ്പെടുത്തി ബ്രെറ്റ് ലീ

സിഡ്‌നി: ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോക ക്രിക്കറ്റില്‍ത്തന്നെ വലിയ സ്വാധീനമുണ്ടാക്കിയ താരങ്ങളിലൊരാളാണ്. തന്റെ ബാറ്റിങ് പ്രകടനംകൊണ്ട് മാത്രമല്ല വ്യക്തിത്വംകൊണ്ടും സച്ചിന്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു. കളിച്ച വേദികളിലെല്ലാം തന്റേതായ അടയാളപ്പെടുത്തലുകള്‍ ബാക്കിയാക്കാന്‍ അദ്ദേഹത്തിനായി. വിദേശ പിച്ചുകളിലടക്കം സച്ചിന് മികച്ച റെക്കോഡുകളാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ റെക്കോഡുകള്‍ ഇപ്പോഴും സച്ചിന്റെ പേരിലാണ്. ഇതിനെ തകര്‍ക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല.
ലോക ക്രിക്കറ്റിലെ പല ഇതിഹാസ ബൗളര്‍മാരും സച്ചിന്റെ പ്രതിഭക്ക് മുന്നില്‍ തലകുനിച്ചിട്ടുണ്ട്. ഒരു കാലത്ത് ആരാധകരെ ഏറ്റവും ആവേശം കൊള്ളിച്ച നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലൊന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കറും ഓസീസ് പേസര്‍ ബ്രെറ്റ് ലീയും തമ്മിലുള്ളത്. ബ്രെറ്റ് ലീയുടെ അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തിയ സമയമായിരുന്നു അത്. പല തവണ സച്ചിനെ പുറത്താക്കാന്‍ ബ്രെറ്റ് ലീക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ചൂടും ബ്രെറ്റ് ലീ നന്നായി അറിഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ പന്തെറിയാന്‍ വെറുപ്പായിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബ്രെറ്റ് ലീ. സച്ചിന്റെ മികച്ച ബാറ്റിങ് ടെക്‌നിക്കുകളാണ് തന്നെ മടുപ്പിച്ചിരുന്നതെന്നാണ് ലീ പറയുന്നത്. 1999ല്‍ ഇന്ത്യക്കെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ബ്രെറ്റ് ലീ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചിരുന്നു. 2008ലെ സിബി സീരിസിനിടെ ബ്രെറ്റ് ലീയുടെ പന്ത് സച്ചിന്റെ ഹെല്‍മറ്റില്‍ ശക്തമായി അടിച്ചത് ഇന്നും ആരാധകര്‍ ഓര്‍ക്കുന്നു.
'സച്ചിനെതിരേ പന്തെറിയുന്നതിനെ ഞാന്‍ വെറുക്കുന്നു. കാരണം അത്രത്തോളം മികച്ച ബാറ്റ്‌സ്മാനാണ് അദ്ദേഹം. മികച്ച സാങ്കേതിക മികവാണ് അദ്ദേഹത്തിനുള്ളത്. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ സ്പിന്‍ ബൗളര്‍മാരെ നേരിടാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. മുരളീധരനെപ്പോലെയുള്ള മികച്ച സ്പിന്നര്‍മാര്‍ പന്തെറിയാന്‍ എത്തുമ്പോള്‍ നേരിടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നേരിടാന്‍ വളരെ പ്രയാസമുള്ള ബൗളറാണ് മുരളീധരന്‍. എന്നാല്‍ പേസ് ബൗളര്‍മാരെ നേരിടാന്‍ എനിക്കിഷ്ടമായിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് കാലിസ്' - ബ്രെറ്റ് ലീ പറഞ്ഞു.

ഇന്ത്യയുമായുള്ള മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയിരുന്ന ബ്രെറ്റ് ലീ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നം തന്നെയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുമായി വലിയ സൗഹൃദവും അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ബ്രെറ്റ് ലീ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനെന്ന നിലയില്‍ ബ്രെറ്റ് ലീ സജീവമായി തുടരുന്നു. ഇന്ത്യക്കാരോടുള്ള തന്റെ സ്‌നേഹവും ഇന്ത്യയില്‍ കളിച്ചപ്പോഴുള്ള അനുഭവവും ബ്രെറ്റ് ലീ തുറന്ന് പറഞ്ഞു.
' എന്നെ സംബന്ധിച്ച് ഇന്ത്യ മികച്ചൊരു അനുഭവമാണ്. ഞാന്‍ വളരെ ഭാഗ്യവാനാണ്. ഇന്ത്യയില്‍ ക്രിക്കറ്റിന് നിരവധി അവസരങ്ങളുള്ളതിനാല്‍ കരിയറിലെ നല്ലൊരു സമയം അവിടെയാണ് ചിലവിട്ടത്' -ബ്രെറ്റ് ലീ പറഞ്ഞു. ആധുനിക ക്രിക്കറ്റിലെ പേസ് ബൗളര്‍മാരുടെ അവസ്ഥയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പഴയതുപോലെ പേസ് ബൗളര്‍മാര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നാണ് ബ്രെറ്റ് ലീ പറഞ്ഞത്.

'ഞാനൊരു പരിശീലകനായാല്‍ അവരുടെ ഓട്ടത്തിന്റെ വേഗം കൂട്ടാനും കൂടുതല്‍ പന്തെറിയാനുള്ള കരുത്തുമാവും സൃഷ്ടിക്കാന്‍ ശ്രമിക്കുക. ഒരു ബൗളര്‍ പരിക്കേറ്റാല്‍ പിന്നീട് അവന്‍ എറിയുന്ന ഓവറുകളുടെ എണ്ണം കുറക്കുന്നതാണ് രീതി. എന്നാല്‍ ഇത് നേരെ തിരിച്ചാണ് വേണ്ടത്. കൂടുതല്‍ പന്തെറിയുമ്പോള്‍ ശരീരത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ 24 പന്തുകള്‍ എറിഞ്ഞ ശേഷം വിശ്രമം എടുത്തോളാന്‍ ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതിനെ അംഗീകരിക്കുന്നില്ല'- ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications