IND vs AUS: കണക്കുതീര്‍ക്കുമോ ഓസീസ്? പരമ്പര ആര്‍ക്ക്, ഗില്ലിയുടെ പ്രവചനം വൈറല്‍
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഈ വര്‍ഷമവസാനത്തോടെ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. നവംബറിലാണ് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കയി രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുക. ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇത്തവണത്തെ പരമ്പരയില്‍ ഉണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അവസാനത്തെ മൂന്നു പരമ്പരകളിലും ഓസീസിനെ വീഴ്ത്തി ഇന്ത്യ ജേതാക്കളായിരുന്നു. ഇതില്‍ രണ്ടെണ്ണമാവട്ടെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ വച്ചുമായിരുന്നു.
തുടര്‍ച്ചയായി മൂന്നാം തവണയും ഓസ്‌ട്രേലിയയെ സ്വന്തം നാട്ടില്‍ വീഴ്ത്തി ട്രോഫി നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ ഓസീസിനു ഇത്തവണത്തേത് മാനംകാക്കല്‍ കൂടിയാണ്. നാട്ടുകാര്‍ക്കു മുന്നില്‍ വീണ്ടുമൊരു നാണക്കേട് അവര്‍ക്കു താങ്ങാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പാറ്റ് കമ്മിന്‍സ് നയിക്കുന്ന കംഗാരുപ്പട. അടുത്ത വര്‍ഷത്തെ ഡബ്ല്യുടിസി ഫൈനലിലേക്കു യോഗ്യത നേടണമെങ്കിലും ഈ പരമ്പരയുടെ ഫലം ഓസീസിനു നിര്‍ണായകമാണ്. നിലവിലെ ഡബ്ല്യുടിസി ചാംപ്യന്‍മാര്‍ കൂടിയാണ് അവര്‍.

ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് വരാനിരിക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ആരാവും കിരീടം ചൂടുകയെന്നു ഗില്‍ക്രിസ്റ്റ് പ്രവചനം നടത്തിയത്. സ്വന്തം നാട്ടിലെ പ്രബല ശക്തിയാണെന്നു തെളിയിക്കേണ്ട ബാധ്യത ഓസ്‌ട്രേലിയക്കുണ്ട്. വിദേശത്തു പോയി എങ്ങനെ വിജയിക്കണമെന്നു ഇന്ത്യക്കറിയാം.
ഇത്തവണ ആരു പരമ്പര ജയിക്കുമെന്ന ചോദ്യത്തിനു സ്വാഭാവികയുമായും ഓസ്‌ട്രേലിയയുടെ പേര് തന്നെയാണ് ഞാന്‍ പറയുക. അവര്‍ക്കു അതിനു കഴിയുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. പക്ഷെ ഓസീസിനെ വ്യക്തമായ ഫേവറിറ്റുതളായി പറയാന്‍ കഴിയില്ല. പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്നും ഗില്‍ക്രിസ്റ്റ് വിശദമാക്കി.
2018 മുതല്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയക്കു ഇന്ത്യ വിട്ടുകൊടുത്തിട്ടില്ല. 2018-19ല്‍ വിരാട് കോലിക്കു കീഴിലാണ് ഓസീസിനെ അവരുടെ നാട്ടില്‍ വീഴ്ത്തി ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചത്. ഓസീസിനെ അവരുടെ നാട്ടില്‍ തകര്‍ത്ത് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ ജേതാക്കളായതും ആദ്യമായിരുന്നു. അതിനു ശേഷം 2020-21ലെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യ ജേതാക്കളായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കോലിക്കു കീഴില്‍ തോറ്റു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം.

ഈ മല്‍സരത്തിനു പിന്നാലെ അദ്ദേഹം നാട്ടിലേക്കു മടങ്ങിയെങ്കിലും ഇന്ത്യക്കു ഇതു ക്ഷീണമായില്ല. അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ട്രോഫിയും കാത്തുസൂക്ഷിച്ചു. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന പരമ്പരയിലും ഓസ്‌ട്രേലിയക്കു കിരീടം ഇന്ത്യ വിട്ടുകൊടുത്തില്ല. 2-1നായിരുന്നു നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യന്‍ വിജയം.
തുടരെ നാലാം തവണയും ഓസ്‌ട്രേലിയയെ തീര്‍ത്ത് നാട്ടിലേക്കു മടങ്ങാനാണ് ഇത്തവണ ഇന്ത്യയുടെ പ്ലാന്‍. അതോടൊപ്പം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു തുടരെ മൂന്നാം തവണയും ഇന്ത്യക്കു ടിക്കറ്റെടുക്കുകയും വേണം.
ഡബ്ല്യുടിസി ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. അതിനു മുമ്പ് നാട്ടില്‍ ബംഗ്ലാദേശുമായി രണ്ടും ന്യൂസിലാന്‍ഡുമായി മൂന്നും ടെസ്റ്റ് പരമ്പരകളും ഇന്ത്യയെ കാത്തിരിക്കുന്നത്. ഇനി ശേഷിച്ച 10 ടെസ്റ്റുകളില്‍ അഞ്ചെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലില്‍ കടക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications