IND vs ENG: ഈ കളിക്ക് വലിയ സ്റ്റേഡിയം വേണ്ട, പാര്‍ക്കായാലും മതി!- പരിഹാസവുമായി പനേസര്‍
ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന്റെ വേദിയായ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇങ്ങനെയുള്ള കളികള്‍ക്കു പാര്‍ക്കാണ് നല്ലതെന്നു അദ്ദേഹം തുറന്നടിച്ചു. പകലും രാത്രിയുമായി നടന്ന മൂന്നാം ടെസ്റ്റിന് വെറും രണ്ടു ദിവസത്തെ ദൈര്‍ഘ്യം മാത്രമേയുണ്ടായിരുന്നുള്ളൂ. 30 വിക്കറ്റുകള്‍ രണ്ടു ദിവസത്തിനിടെ വീണപ്പോള്‍ 28നും ലഭിച്ചത് സ്പിന്നര്‍മാര്‍ക്കായിരുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനുള്‍പ്പെടെ ചില മുന്‍ താരങ്ങള്‍ നേരത്തേ തന്നെ പിച്ചിനെതിരേ ആഞ്ഞടിച്ചിരുന്നു. ഇവര്‍ക്കു പിന്നാലെയാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ പനേസറും പിച്ച് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയത്.

പാര്‍ക്കില്‍ കളിച്ചാലും മതി
ക്ലബ്ബ് ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ ഒരു ടീമിനെ 100 റണ്‍സിനു താഴെ എറിഞ്ഞിടാറുണ്ട്. ടേണ്‍ ചെയ്യുന്ന പിച്ചില്‍ ഇതു ചേസ് ചെയ്യുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോഡി സ്‌റ്റേഡിയം ദൈര്‍ഘ്യമേറിയ മല്‍സരം അര്‍ഹിക്കുന്നുണ്ട്. കാരണം ഇവിടുത്തെ വിക്കറ്റ് എത്ര മികച്ചതാണെന്ന് അറിയാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു.
നിങ്ങള്‍ ഈ സ്റ്റേഡിയം നോക്കൂ, എത്ര മനോഹരമായ സ്‌റ്റേഡിയമാണ് ഇന്ത്യയൊരുക്കിയിരിക്കുന്നത്. ഇവിടെ 900ല്‍ താഴെ മാത്രം ബോളുകളുള്ള രണ്ടു ദിവസം ദൈര്‍ഘ്യമുള്ള ടെസ്റ്റ് മല്‍സരമല്ല നടത്തേണ്ടത്. ഈ തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കേണ്ടതെങ്കില്‍ പാര്‍ക്കില്‍ നടത്തിയാല്‍ മതിയെന്നും പനേസര്‍ വിമര്‍ശിച്ചു.

മൂന്നു ദിവസമെങ്കിലും വേണം
ഇന്ത്യ ഉറപ്പായിട്ടും ടേണിങ് പിച്ചുകള്‍ തന്നെയാണ് ടെസ്റ്റ് മല്‍സരങ്ങള്‍ക്കായി തയ്യാറാക്കുക. പക്ഷെ ഇവിടെ നടക്കുന്ന മല്‍സരം ഏറ്റവും ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും ദൈര്‍ഘ്യമുള്ളതാവണം. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കാന്‍ കഴിയില്ലെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്. എന്നാല്‍ അലെസ്റ്റര്‍ കുക്കും കെവിന്‍ പീറ്റേഴ്‌സനുമെല്ലാം ഇവിടെ നേരത്തേ റണ്‍സ് നേടിയിട്ടുള്ളവരാണ്. ഇന്ത്യയില്‍ മാത്യു ഹെയ്ഡന്റെ അത്ര പോലും മികച്ച റെക്കോര്‍ഡാണ് കുക്കിന്റേതെന്നും പനേസര്‍ ചൂണ്ടിക്കാട്ടി.

പോയിന്റ് വെട്ടിക്കുറയ്ക്കണം
ഇതേ വേദിയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റിനും സമാനമായ പിച്ചാണ് ഇന്ത്യ ഒരുക്കുന്നതെങ്കില്‍ ഇന്ത്യക്കു ലഭിക്കുന്ന പോയിന്റ് ഐസിസി വെട്ടിക്കുറയ്ക്കണമെന്നു പനേസര്‍ ആവശ്യപ്പെട്ടു.
നിലവില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിട്ടുനില്‍ക്കുകയാണ്. അവസാന ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞാലും ഇന്ത്യക്കു പരമ്പര കൈക്കലാക്കാം. ഒപ്പം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യക്കു യോഗ്യത നേടാന്‍ കഴിയും.

ടേണിങ് പിച്ചായാലും കുഴപ്പമില്ല
നാലാം ടെസ്റ്റിലെങ്കിലും പിച്ച് മാറ്റാന്‍ ഇന്ത്യ തയ്യാറാവണം. ഇല്ലെങ്കില്‍ പോയിന്റ് കുറയ്ക്കുന്നടക്കമുള്ള ശിക്ഷാനടപടികള്‍ ഐസിസി സ്വീകരിക്കണം. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് നടക്കുന്നതില്‍ എല്ലാവര്‍ക്കും ആഹ്ലാദമുണ്ട്.
ടേണിങ് വിക്കറ്റായാലും കുഴപ്പമില്ല, നാലാം ടെസ്റ്റിലെങ്കിലും ക്യുറേറ്റര്‍ നല്ല പിച്ച് തയ്യാറാക്കാന്‍ ശ്രമിക്കണം. എല്ലാവരും ചെന്നൈയിലെ പിച്ചിനെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റിലേത് അതിനേക്കാള്‍ മോശമായിരുന്നുവെന്നും പനേസര്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications