കൊച്ചി: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ തഴയപ്പെട്ടതിന് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നത മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു കളിക്കാന്‍ തയ്യാറാകാത്തതാണ് കെസിഎ അംഗങ്ങളെ ചൊടിപ്പിച്ചത്. സഞ്ജു സെലക്ഷന്‍ ക്യാംപില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും പിന്നീട് കളിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കെസിഎ ഇതിന് വിസമ്മതിക്കുകയായിരുന്നു.
തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് അസോസിയേഷനെന്നും സഞ്ജു വളര്‍ന്നത് കെസിഎയിലൂടെയാണെന്നും മര്യാദ കാട്ടണമെന്നും കെസിഎ പ്രസിഡന്റ് തന്നെ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ കെസിഎയിലെ ചില കൃമികള്‍ തന്റെ മകന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയെന്നാണ് സഞ്ജുവിന്റെ പിതാവ് ആരോപിച്ചത്. എന്തായാലും സഞ്ജുവിനെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് ഇപ്പോള്‍ കെസിഎ സ്വീകരിച്ചിരിക്കുന്നത്.
കെസിഎ, സഞ്ജു ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍. തമിഴ്‌നാടും രാജസ്ഥാനും സഞ്ജുവിനെ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
സഞ്ജു കേരളം വിടുമോ?
സഞ്ജു സാംസണും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ഭിന്നത ഏറെ നാളുകളായിട്ടുള്ളതാണ്. ഇതിന് മുമ്പും സഞ്ജുവിന്റെ പെരുമാറ്റത്തിനെതിരേ കെസിഎ അംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവിനെതിരേ അച്ചടക്ക നടപടിയടക്കം സ്വീകരിച്ചിരുന്നു. സഞ്ജുവിന്റെ പിതാവിനെയടക്കം വിലക്കുന്ന നിലയിലേക്കും കാര്യങ്ങള്‍ പോയിരുന്നു. എന്നാല്‍ പിന്നീട് സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ തിളങ്ങി ഇന്ത്യന്‍ ടീമിലേക്കെത്തി.
പിന്നീട് രാജസ്ഥാന്റെ നായകനുമായതോടെ കെസിഎ ഭാരവാഹികള്‍ സഞ്ജുവിനെതിരേ അധികം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വീണ്ടും വടിയെടുത്തിരിക്കുകയാണ്. വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ പല പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളും സഞ്ജുവിനെ ക്ഷണിച്ചിരിക്കുകയാണ്. തമിഴ്‌നാടും രാജസ്ഥാനും സഞ്ജുവിനെ ടീമിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.
സഞ്ജു ഈ ഓഫര്‍ സ്വീകരിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും കെസിഎ സഞ്ജുവിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോഴും വലിയ പിന്തുണ ലഭിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ സഞ്ജുവിന്റെ വില മനസിലാക്കുമ്പോള്‍ കെസിഎ ഭാരവാഹികള്‍ ഈഗോ കാട്ടി സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പറയാം.

സഞ്ജു പോയാല്‍ കേരളത്തിന്റെ നഷ്ടം
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിക്കുന്ന താരമാണ്. സമീപകാലത്തായി അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു കളിച്ചിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനിന്നത്. സഞ്ജു വിജയ് ഹസാരെ ട്രോഫി ക്യാംപില്‍ പങ്കെടുക്കാത്തതിനാലാണ് ടീമിലെടുക്കാത്തതെന്നാണ് കെസിഎ ഭാരവാഹികള്‍ പറയുന്നത്.
എന്നാല്‍ ക്യാംപില്‍ പങ്കെടുക്കാത്ത മറ്റ് പല താരങ്ങളേയും കേരളം പിന്നീട് കളിപ്പിക്കുകയും ചെയ്തുവെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജുവിനോട് നിലവില്‍ ഇരട്ടത്താപ്പ് നയമാണ് കെസിഎ കാട്ടുന്നത്. ഇത് കെസിഎക്ക് വലിയ നാണക്കേടായി മാറും. സഞ്ജു കേരളം വിടുകയും മറ്റ് ടീമുകള്‍ക്കായി കളിക്കുകയും ചെയ്താല്‍ കേരള ക്രിക്കറ്റിന് തന്നെ വലിയ നാണക്കേടായി അത് മാറുമെന്നുറപ്പ്. കെസിഎ ഭാരവാഹികള്‍ക്ക് സഞ്ജുവിനോടുള്ള ഈഗോയാണ് പ്രശ്‌നമെന്ന് തന്നെ വിലയിരുത്താം.
പ്രതികരിക്കാതെ സഞ്ജു
കെസിഎ ഭാരവാഹികള്‍ സഞ്ജുവിനെതിരേ രംഗത്തെത്തിയിട്ടും ഇതുവരെ സഞ്ജു പ്രതികരിച്ചിട്ടില്ല. സഞ്ജു എന്താവും പറയുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു കേരളം വിടാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണ്. സഞ്ജു കേരളം വിടുന്ന സാഹചര്യമുണ്ടായാല്‍ കെസിഎക്കത് വലിയ തിരിച്ചടിയാവുമെന്ന കാര്യം നിസംശയം പറയാം.