World Cup 2023: സഞ്ജുവിനിട്ടുള്ള പണി, നാലാം നമ്പറില്‍ കളിക്കാന്‍ രോഹിത്! ഇഷാന്‍ ഓപ്പണിങ്ങില്‍
മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പെത്തുന്ന ആവേശത്തിലാണ് ആരാധകരെല്ലാം. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ കിരീടം അലമാരയിലെത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. എന്നാല്‍ ഐപിഎല്ലിലൂടെ ഇന്ത്യയിലെ സാഹചര്യം ഒട്ടുമിക്ക താരങ്ങള്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിരീട നേട്ടം എളുപ്പമായിരിക്കില്ലെന്ന് ഉറപ്പ്. പല പരീക്ഷണങ്ങളും ലോകകപ്പിന് മുന്നോടിയായി ഇന്ത്യ നടത്തുന്നുണ്ട്.
ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനെ പരീക്ഷിച്ചതും സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളിലേക്കും മധ്യനിരയിലേക്കും പരിഗണിക്കുന്നതുമെല്ലാം ഈ പരീക്ഷണങ്ങളുടെ ഭാഗമാണ്. ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യ നിര്‍ണ്ണായക മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രോഹിത് ശര്‍മയെ നാലാം നമ്പറില്‍ കളിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. നാലാം നമ്പര്‍ ഏറെ നാളുകളായി ഇന്ത്യക്ക് തലവേദനയാണ്. കെ എല്‍ രാഹുല്‍, ശ്രേയസ് എന്നിവര്‍ മടങ്ങിയെത്തിയാല്‍ നാലാം നമ്പറിലെ ആശങ്കകള്‍ അവസാനിക്കും.

എന്നാല്‍ പരിക്ക് വേട്ടയാടുന്നതിനാല്‍ ഇരുവരും മടങ്ങിവരാന്‍ വൈകിയേക്കും. ഏഷ്യാ കപ്പിലും ഇരുവരും കളിച്ചേക്കില്ലെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യവും സംശയത്തിലാവും. അതുകൊണ്ടുതന്നെ രോഹിത്തിനെ നാലാം നമ്പറില്‍ കളിപ്പിച്ച് പദ്ധതി മെനയാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ ഈ മാറ്റം പരീക്ഷിച്ചേക്കുമെന്നാണ് വിവരം. രോഹിത്തും ഇത്തരമൊരു മാറ്റത്തിന് സമ്മതം മൂളിയിട്ടുണ്ടെന്നാണ് സൂചന.
രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍/ ശ്രേയസ് അയ്യര്‍ (ഫിറ്റ്‌നസ് ഉണ്ടെങ്കില്‍) ഇങ്ങനെയാണ് നിലവിലെ ഏകദിനത്തിലെ ഇന്ത്യയുടെ ടോപ് ഓഡര്‍ വരുന്നത്. ഇവരെല്ലാം വലം കൈയന്‍മാരാണെന്നതാണ് പ്രശ്‌നം. ആദ്യ നാല് സ്ഥാനങ്ങളില്‍ ഒരു ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ പോലും ഇല്ലാതെ വരുന്നത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവും.
അതുകൊണ്ടാണ് രോഹിത്തിനെ നാലാം നമ്പറിലേക്ക് മാറ്റാനുള്ള പദ്ധതികള്‍ നടക്കുന്നത്. നേരത്തെ നാലാം നമ്പറില്‍ ബാറ്റുചെയ്ത് അനുഭവസമ്പത്തുള്ള താരമാണ് രോഹിത്. 2008-2012 കാലയളവില്‍ രോഹിത് കൂടുതലും കളിച്ചത് നാലാം നമ്പറിലായിരുന്നു. ഏകദിനത്തില്‍ 26 തവണ അദ്ദേഹം നാലാം നമ്പറില്‍ കളിച്ചിട്ടുണ്ട്. 31 ശരാശരിയില്‍ 715 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും നാലാം നമ്പറില്‍ രോഹിത് തിളങ്ങിയിട്ടുണ്ട്. 86 ഇന്നിങ്‌സാണ് മുംബൈക്കൊപ്പം നാലാം നമ്പറില്‍ രോഹിത് കളിച്ചത്. ഇതില്‍ 19 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മധ്യനിരയില്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാനും അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താനും രോഹിത്തിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ നാലാം നമ്പറില്‍ കളിക്കുന്നത് ടീമിന് ഗുണകരമാവുമെന്ന തരത്തിലാണ് നിലവിലെ പദ്ധതികളുള്ളത്.
എന്നാല്‍ ഇത് വലിയ ദുരന്തമായി മാറാനാണ് സാധ്യത. ഓപ്പണിങ്ങില്‍ അതുല്യ റെക്കോഡുള്ള താരമാണ് രോഹിത്. മൂന്ന് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ അത്യുഗ്രന്‍ റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള രോഹിത് നാലാം നമ്പറിലേക്ക് മാറിയാല്‍ ടീം കോമ്പിനേഷനെ അത് കാര്യമായി ബാധിച്ചേക്കും. ഓപ്പണറായി 156 ഏകദിന ഇന്നിങ്‌സ് കളിച്ച ഹിറ്റ്മാന്‍ 7807 റണ്‍സാണ് നേടിയത്. അതും 56ന് മുകളില്‍ ശരാശരിയില്‍. 28 സെഞ്ച്വറിയും 35 ഫിഫ്റ്റിയും അദ്ദേഹം അടിച്ചെടുത്തു.
ഓപ്പണിങ്ങില്‍ ഇത്രയും മികച്ച റെക്കോഡുള്ള താരത്തെ നാലാം നമ്പറില്‍ കളിപ്പിച്ചാല്‍ തിരിച്ചടിയായി മാറിയേക്കും. സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് വളര്‍ത്താന്‍ ടീം മാനേജ്‌മെന്റിന് ധൈര്യമില്ല. സഞ്ജുവിന്റെ പേര് നിലവില്‍ മധ്യനിരയുടെ പരിഗണനയിലില്ല. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആരൊക്കെ മധ്യനിരയില്‍ വേണമെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമായിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications