റാഞ്ചി: ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണിയുടെ 42ാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ധോണിയുടെ ജന്മദിനമായ ജൂലൈ 7ന് വലിയ കട്ടൗട്ടുകളും പാലഭിഷേകവും ഭക്ഷണ വിതരണവുമെല്ലാമായി ആരാധകര്‍ ആഘോഷ പരിപാടികള്‍ കെങ്കേമമാക്കി. എന്നാല്‍ ഇത്തവണയും തന്റെ ജന്മദിനം വളരെ ലളിതമായാണ് ധോണി ആഘോഷിച്ചത്. ഇത്തവണ ഒരു വ്യത്യസ്തതയും അദ്ദേഹം കൊണ്ടുവന്നു.
വീട്ടിലെ വളര്‍ത്തുനായകളോടൊപ്പം കേക്കുമുറിച്ചാണ് ധോണി ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ധോണിയുടെ ഈ വീഡിയോയില്‍ വീട്ടില്‍ വളര്‍ത്തുന്ന അഞ്ച് നായകളുണ്ടായിരുന്നു. ധോണി കേക്കുമുറിച്ച് ഇട്ടുകൊടുത്തപ്പോള്‍ ചാടിക്കടിച്ചെടുക്കുന്ന നായകളെ വീഡിയോയില്‍ കാണാന്‍ സാധിക്കുമായിരുന്നു. ധോണിയുടെ വാഹന പ്രേമം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ധോണിയുടെ നായകനോടുള്ള പ്രേമവും വൈറലാവുകയാണ്.
മുന്തിയ ഇനം നായകളെയാണ് ധോണി വീട്ടില്‍ വളര്‍ത്തുന്നത്. സമയം കിട്ടുമ്പോഴെല്ലാം നായകളോടൊപ്പം ധോണി സമയം ചിലവിടാറുമുണ്ട്. നായകള്‍ക്കായി വലിയൊരു തുക ധോണി മുടക്കുന്നുണ്ട്. വീടിന് പുറത്ത് കൂടൊരുക്കിയാണ് ഈ നായകളെ പാര്‍പ്പിച്ചിരിക്കുന്നത്. ധോണിയുടെ വീട്ടിലെ പ്രധാന നായകളെക്കുറിച്ചും അവയുടെ വില വിവരങ്ങളും പരിശോധിക്കാം.
ബെല്‍ജിയന്‍ മലിനോയിസ് വിഭാഗത്തില്‍ പെട്ട നായ ധോണിയുടെ കൈയിലുണ്ട്. സാം എന്നാണ് ഈ നായക്ക് ധോണി പേരിട്ടിരിക്കുന്നത്. ധോണിക്ക് വളരെ ഇഷ്ടമുള്ള നായകളിലൊന്നാണിത്. ബെല്‍ജിയം കാരനായ ഈ നായ യജമാനനോട് വളരെ അടുപ്പം കാട്ടുന്ന നായ വിഭാഗമാണ്. ബുദ്ധിയുടെ കാര്യത്തിലും ഈ നായകള്‍ മുന്നിലാണ്. ധോണി ഒന്നര ലക്ഷം രൂപ മുടക്കിയാണ് ഈ നായയെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. വിദേശ ഇനമായതിനാല്‍ത്തന്നെ ഈ വിഭാഗത്തില്‍പ്പെട്ട നായകളെ പരിപാലിക്കാന്‍ കഷ്ടപ്പാടാണ്.

ഭക്ഷണവും കാലാവസ്ഥയിലെ മാറ്റങ്ങളുമെല്ലാം ശ്രദ്ധിക്കണം. കൃത്യമായ പരിശോധനകളും മരുന്നുകളും ഈ നായ വിഭാഗത്തിലുള്ളവര്‍ക്ക് ആവശ്യമാണ്. ധോണിയുടെ കൈവശമുള്ള മറ്റൊരു നായ വിഭാഗം വൈറ്റ് ഹസ്‌ക്കീസാണ്. വീട്ടില്‍ ഓമനിച്ച് വളര്‍ത്താന്‍ സാധിക്കുന്ന നായ ഇനമാണിത്. പ്രധാനമായും വീട്ടിലെ കുട്ടികളോട് വലിയ അടുപ്പം കാട്ടുന്ന നായയാണിത്. ഈ വിഭാഗത്തില്‍പ്പെട്ട രണ്ടു നായകള്‍ ധോണിക്കുണ്ട്. ലില്ലി, ഗബ്ബാര്‍ എന്നാണ് ഈ നായകള്‍ക്ക് പേരിട്ടിരിക്കുന്നത്.
സെര്‍ബിയന്‍ ഹസ്‌ക്കിയുടെ ബ്രീഡാണ് ധോണിയുടെ വീട്ടിലുള്ളത്. ഹസ്‌ക്കീസ് ആക്രമണകാരിയായ നായകളല്ല. വീട്ടില്‍ വരുന്നവരോടടക്കം പെട്ടെന്ന് അടുപ്പം കൂടും. മനുഷ്യരോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നായ വിഭാഗമാണിത്. 60,000 രൂപക്കാണ് ധോണി ഈ നായകളെ വാങ്ങിയത്. ധോണിയുടെ മകള്‍ സിവയുടെ ഫേവറേറ്റ് നായകളാണിത്. ഡച്ച് ഷിഫാര്‍ഡ് എന്ന വിഭാഗത്തിലുള്ള നായയും ധോണിയുടെ വീട്ടിലുണ്ട്. സോയ എന്നാണ് ഈ നായക്ക് ധോണി പേരുനല്‍കിയിരിക്കുന്നത്.
നെതര്‍ലന്‍ഡില്‍ നിന്നുള്ള ഈ നായയും വീട്ടുകാരോടൊക്കെ പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവമാണുള്ളത്. ധോണി ഇറക്കുമതി ചെയ്ത ഈ നായക്കും ഒന്നര ലക്ഷത്തിന് മുകളില്‍ വിലയുണ്ട്. ഈ നായക്ക് പ്രത്യേക ഭക്ഷണ രീതിയും പ്രത്യേക കൂടുമെല്ലാമുണ്ട്. വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട നായ വിഭാഗങ്ങളിലൊന്നാണ് ഡച്ച് ഷിഫാര്‍ഡ്. സവിശേഷമായ നായ ഇനങ്ങളെ വാങ്ങാന്‍ ധോണി എപ്പോഴും താല്‍പര്യം കാട്ടാറുണ്ട്.
ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്തിട്ടുള്ള നായകനാണ് എംഎസ് ധോണി. അദ്ദേഹത്തിന്റെ ആസ്തി 1000 കോടി പിന്നിട്ടുവെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. 17 കോടിയുടെ ആഡംഭര വീടാണ് ധോണിക്കുള്ളത്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. നിരവധി ബിസിനസുകളും ധോണിയുടെ പേരിലുണ്ട്. പരസ്യ ചിത്രങ്ങൡും ധോണി സജീവമായി തുടരുന്നുണ്ട്.