ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ ദയനീയ പ്രകടനങ്ങള്‍ വിലയിരുത്തിയ ശേഷം ബിസിസിഐ കടുത്ത നടപടികളിലേക്കു നീങ്ങിയിരിക്കുകയാണ്. അവസാനമായി കളിച്ച രണ്ടു ടെസ്റ്റ് പരമ്പരകളിലും ഇന്ത്യന്‍ ടീമിനു ദയനീയ പരാജയം നേരിട്ടിരുന്നു. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ 0-3നു തൂത്തുവാരപ്പെട്ടതിനു ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയോടു 1-3നും തകര്‍ന്നടിഞ്ഞു. ഈ രണ്ടു പരാജയങ്ങള്‍ ഡബ്ല്യുടിസി ഫൈനല്‍ യോഗ്യതയും ഇന്ത്യക്കു നഷ്ടപ്പെടുത്തിയിരുന്നു.
ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി എത്തിയ ശേഷം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ചില താരങ്ങളുമായി ഗംഭീറിനു പ്രശ്‌നങ്ങളുണ്ടെന്നും ഇതു ടീമിന്റെ പ്രകടനത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നുമാണ് സൂചനകള്‍. അതു മാത്രമല്ല ഇന്ത്യന്‍ ഡ്രസിങ് റൂമിലെ രഹസ്യങ്ങള്‍ ചോരുകയും മാധ്യമങ്ങള്‍ വഴി പുറത്തു വരികയും ചെയ്തതും വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കി.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഉടച്ചു വാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ബിസിസിഐ 10 അച്ചടക്ക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. മുഴുവന്‍ താരങ്ങള്‍ക്കും ഇവ ബാധകവുമാണ്. എന്തൊക്കെയാണ് ഇവയെന്നു നോക്കാം.

ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധം
ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷനു വേണ്ടി മുഴുവന്‍ താരങ്ങളും ഇനി നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേ തീരൂ. ടീം സെലക്ഷനു മാത്രമല്ല ബിസിസിഐയുടെ മുഖ്യ കരാറില്‍ ഇടം പിടിക്കുന്നതിനും ഇനി ഇതു നിര്‍ബന്ധമാണ്.
ആഭ്യന്തര ക്രിക്കറ്റിലെ ആവാസ വ്യവസ്ഥയുമായി കളിക്കാര്‍ ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നു ഈ നയം ഉറപ്പം വരുത്തുകയും ചെയ്യുന്നു. ഈ ഉത്തരവിലെ ഒഴിവാക്കലുകള്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മാത്രമല്ല സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇതു അംഗീകരിക്കുകയും വേണം.
ടീമിനൊപ്പം യാത്ര ചെയ്യണം
ഇനി മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള മുഴുവന്‍ കളിക്കാരും ടീം ബസില്‍ തന്നെ നിര്‍ബന്ധമായും യാത്ര ചെയ്യണം. മല്‍സരങ്ങള്‍ക്കു മാത്രമല്ല പരിശീലന സെഷനുകള്‍ക്കും ഇതു ബാധകമാണ്.
കുടുംബത്തോടൊപ്പം സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നത് ഇനി അംഗീകരിക്കില്ല. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ഇതു അനിവാര്യമായി വന്നാല്‍ അതിനു മുഖ്യ കോച്ച്, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ അംഗീകാരം ആവശ്യമാണ്.
ബാഗേജില്‍ നിയന്ത്രണം
ഇന്ത്യന്‍ താരങ്ങള്‍ക്കു ഇനി ഒപ്പം കൊണ്ടുപോവാവുന്ന ബാഗേജുകളുടെ കാര്യത്തിലും നിയന്ത്രണമേര്‍പ്പെടുത്തി. 30 ദിവസത്തിലധികം നീളുന്ന വിദേശ പര്യടനങ്ങള്‍ക്കായി 5 ലഗേജുകള്‍ (3 സ്യൂട്ട്‌കേസുകള്‍, 2 കിറ്റ് ബാഗുകള്‍) അല്ലെങ്കില്‍ 150 കിഗ്രാം വരെ മാത്രമ അനുവദിക്കുകയുള്ളൂ. സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കാവട്ടെ 2 ലഗേജുകള്‍ (2 വലുത്, 1 ചെറിയ സ്യൂട്ട് കേസ്) അല്ലെങ്കില്‍ 80 കിഗ്രാം വരെ മാത്രമേ അനുവദിക്കൂ.
30ല്‍ താഴെയുള്ള എവേ പര്യടനങ്ങളില്‍ 4 ലഗേജുകള്‍ (2 സ്യൂട്ട്‌കേസ്, 2 കിറ്റ് ബാഗ്) അല്ലെങ്കില്‍ 120 കിഗ്രാം മാത്രമാണ് കൊണ്ടു പോവാന്‍ കഴിയുക. നാട്ടിലെ പരമ്പരകളില്‍ 4 ലഗേജുകള്‍ (2 സ്യൂട്ട് കേസ്, 2 കിറ്റ് ബാഗുകള്‍) അല്ലെങ്കില്‍ 120 കിഗ്രാം വരെയും കൊണ്ടുപോവാം.
സ്റ്റാഫുമാരെ നിയന്ത്രിക്കും
കളിക്കാര്‍ തങ്ങള്‍ക്കൊപ്പം പേഴ്‌സനല്‍ സ്റ്റാഫുമാരെ കൊണ്ടുപോവുന്നതിലും നിയന്ത്രണം വന്നിരിക്കുകയാണ്. പേഴ്‌സനല്‍ മാനേജര്‍മാര്‍, ഷെഫുമാര്‍, അസിസ്റ്റന്റുകള്‍, സെക്യൂരിറ്റി എന്നിവരെല്ലാം ഇതിലുള്‍പ്പെടും. ബിസിസിഐയുടെ അംഗീകാരമില്ലാതെ ഇനി ഇവരെ അനുവദിക്കില്ല.
ബാഗുകള്‍ അയക്കല്‍
ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലേക്കു കളിക്കാര്‍ പ്രത്യേകമായി ഇനി ബാഗുകള്‍ അയക്കുമ്പോള്‍ ഇക്കാര്യം ടീം മാനേജ്‌മെന്റുമായി ഏകോപിപ്പിക്കണം. പ്രത്യേകമായി ഇവ അയക്കുമ്പോള്‍ വരുന്ന ചെലവുകള്‍ അതാത് കളിക്കാരുടെ ഉത്തരവാദിത്വവുമായിരിക്കും.

നേരത്തേ പരിശീലന സെഷന്‍ വിടരുത്
ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനിനിടെ ഇനി കളിക്കാര്‍ക്കു നേരത്തേ ഇവിടെ നിന്നും മടങ്ങാന്‍ അനുമതിയുണ്ടാവില്ല. പരിശീലന സെഷനുകളില്‍ മുഴുവന്‍ സമയവും എല്ലാ കളിക്കാരും തുടരേണ്ടത് പ്രധാനമാണ്. മാത്രമല്ല പരിശീലന വേദികളിലേക്കുള്ള യാത്രകളും അവിടെ നിന്നുള്ള മടക്കവുമെല്ലാം ഒരുമിച്ചായിരിക്കുകയും വേണം.
വ്യക്തിപരായ ഫോട്ടോഷൂട്ടിന് വിലക്ക്
ഒരു പരമ്പരയ്ക്കിടെയോ, വിദേശ പര്യടനത്തിനിടെയോ ഇനി വ്യക്തിപരമായിട്ടുള്ള ഫോട്ടോഷൂട്ടുകള്‍ക്കു താരങ്ങള്‍ക്കു അനുവാദമില്ല.
കുടുംബത്തോടൊപ്പമുള്ള യാത്ര
ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും ഇനി യാത്ര ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി. വിദേശ പര്യടനങ്ങളില്‍ 45 ദിവസത്തിലേറെ ഇന്ത്യയില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുന്ന താരങ്ങള്‍ക്കു ഒരു പരമ്പരയ്ക്കിടെ ഒരു തവണ മാത്രം കുടുംബത്തെ സന്ദര്‍ശിക്കാം. ഇതിനു പരാമവധി രണ്ടാഴ്ച വരെയും സമയം നല്‍കും. ഇതിനുള്ള ചെലവും ബിസിസിഐ തന്നെ വഹിക്കും.
ബിസിസിഐ ചടങ്ങുകള്‍
ബിസിസിഐയുടെ ഒഫീഷ്യല്‍ ഫോട്ടോ ഷൂട്ടുകള്‍, മറ്റു പരിപാടികള്‍ എന്നിവയില്‍ താരങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. കൂടാതെ പ്രൊമോഷണല്‍ ഇവന്റുകളിലും കളിക്കാരുടെ സാന്നിധ്യം പ്രധാനമാണ്.
നാട്ടിലേക്കുള്ള മടക്കം
ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരമ്പരകളുടെ ഭാഗമാവുമ്പോള്‍ കളിക്കാര്‍ക്കു നേരത്തേ നാട്ടിലേക്കു മടങ്ങാന്‍ ഇനി അനുവാദമില്ല. ഒരു നിശ്ചിത പരമ്പരയോ, പര്യടനമോ തീരുന്നതു വരെ മുഴുവന്‍ കളിക്കാരും ടീമിനൊപ്പം തന്നെ തുടരണം. മല്‍സരങ്ങള്‍ (ടെസ്റ്റ്) നേരത്തേ ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ നേരത്തേ സമാപിച്ചാലും ഇതു ബാധകമാണ്.
അതേസമയം, ബിസിസിഐയുടെ ഈ പത്ത് മാര്‍ഗ നിര്‍ദേശങ്ങളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ശക്തമായ ശിക്ഷാ നടപടികളാണ് കളിക്കാരെ കാത്തിരിക്കുന്നതെന്നു ബിസിസിഐ അറിയിച്ചു. ഐപിഎല്ലില്‍ നിന്നും വിലക്കും മാച്ച് ഫീ നഷ്ടവുമെല്ലാം ഈ താരങ്ങളെ കാത്തിരിക്കുന്നതായി ബിസിസിഐ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.