മുംബൈ: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ എന്തുകൊണ്ട് കളിച്ചില്ല എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ബിസിസിഐ. ഏകദിന ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിലേക്കു പരിഗണിക്കുന്നതിനായി ഏകദിന ഫോര്‍മാറ്റിലുള്ള വിജയ് ഹസാരെ ട്രോഫിയില്‍ താരങ്ങള്‍ കളിക്കേണ്ടതും പ്രധാനമായിരുന്നു.
ചാംപ്യന്‍സ് ട്രോഫി ടീമിലേക്കു പരിഗണിക്കപ്പെടുന്ന ഭൂരിഭാഗം കളിക്കാരും വിവിധ ടീമുകള്‍ക്കായി വിജയ് ഹസാരെ ട്രോഫിയില്‍ ഇറങ്ങിയപ്പോള്‍ സഞ്ജുവിനെ മാത്രം കേരളാ ടീമില്‍ കണ്ടില്ല. ഇതിനെ വളരെ ഗൗരവമായിട്ട് തന്നെയാണ് ബിസിസിഐ കാണുന്നത്. സഞ്ജു മനപ്പൂര്‍വ്വം വിട്ടുനിന്നതാണോ, അല്ലെങ്കില്‍ ഇക്കാര്യത്തില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ഭാഗത്താണോ പിഴവ് പറ്റിയതെന്നു ബിസിസിഐ അന്വേഷിക്കും.

കെസിഎയുടെ വിശദീകരണം
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പ്രധാന കാരണമായി കെസിഎ ആദ്യം ചൂണ്ടിക്കാട്ടിയത് വയനാട്ടില്‍ നടന്ന പരിശീലന ക്യാംപില്‍ താരം പങ്കെടുത്തില്ല എന്നതായിരുന്നു. പക്ഷെ സഞ്ജുവിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മറ്റൊരു മറുപടിയാണ് കെസിഎ സെക്രട്ടറി വിനോദ് കുമാര്‍ ദിവസങ്ങള്‍ക്കു മുമ്പ് നല്‍കിയത്.
കേരളാ ടീമിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കില്ലെന്നു സഞ്ജു ഇമെയില്‍ മുഖേന അറിയിച്ചിരുന്നതായും പക്ഷെ ഈ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കിയില്ലെന്നുമായിരുന്നു വിനോദ് കുമാര്‍ പറഞ്ഞത്. അതിനാല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തി കേരളാ ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
എന്നാല്‍ വിദര്‍ഭയുമായുള്ള ആദ്യ മല്‍സരത്തിനു മുമ്പ് കേരളത്തിനായി കളിക്കാന്‍ തയ്യാറാണെന്ന് കെസിഎയെ സഞ്ജു അറിയിച്ചെങ്കിലും ഇതു പരിഗണിക്കപ്പെട്ടില്ല. അപ്പോഴേക്കും കേരളാ സ്‌ക്വാഡിനെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നതായും ഒരാളെ ഒഴിവാക്കി സഞ്ജുവിനെ ഉള്‍പ്പെടുത്തുന്നത് ആ താരത്തോടുള്ള നീതികേടാവുമെന്നും വിനോദ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
ബിസിസിഐക്കു അതൃപ്തി
ചാംപ്യന്‍സ് ട്രോഫി തൊട്ടരികില്‍ നില്‍ക്കെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്നും സഞ്ജു സാംസണ്‍ മാറി നിന്നതില്‍ ബിസിസിഐക്കു കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് അന്വേഷിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുള്ളത്.
ആഭ്യന്ത ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടര്‍മാര്‍ക്കും ബോര്‍ഡിനുമെല്ലാം വളരെയധികം വ്യക്തതയുണ്ട്. അനുമതി തേടാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മാറി നിന്നതിന് കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കു ബിസിസിഐയുടെ മുഖ്യ കരാര്‍ നഷ്ടടമാവുകയും ചെയ്തിട്ടുള്ളതാണ്.
സഞ്ജുവിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അദ്ദേഹം വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചില്ല എന്ന കാര്യത്തില്‍ ബോര്‍ഡിനെയോ, സെലക്ടര്‍മാരെയോ കാരണം അറിയിച്ചിട്ടില്ല. ദുബായില്‍ സഞ്ജു ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ടെന്നതു മാത്രമാണ് അറിയാവുന്ന കാര്യമെന്നും ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

ന്യായമായ കാരണം
വിജയ് ഹസാരെ ട്രോഫിയുടെ സമയത്തു ദുബായില്‍ വച്ച് സഞ്ജു സാംസണ്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. പരിക്കു കാരണമാണോ, അതോ കെസിഎയുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണോ സഞ്ജു ദുബായിലേക്കു പോയതെന്നും വ്യക്തമല്ല. അതു എന്തു തന്നെ ആയാലും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതില്‍ അദ്ദേഹം ന്യായമായ ഒരു കാരണം തന്നെ നല്‍കണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്.
സഞ്ജു എന്തുകൊണ്ട് കളിച്ചില്ല എന്നതിന് ന്യായമായ ഒരു കാരണം സെലക്ടര്‍മാര്‍ക്കു വേണം. അല്ലെങ്കില്‍ ഏകദിന സീസണിലേക്കു അദ്ദേഹത്തെ പരിഗണിക്കുക ബുദ്ധിമുട്ടായിരിക്കും. കെസിഎയുമായി സഞ്ജുവിനു കയ്‌പേറിയ ചരിത്രമുണ്ട്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിന് അദ്ദേഹം ഇതു പരിഹരിക്കേണ്ടത് ആവശ്യമാണ്.
സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമായി അദ്ദേഹത്തിനു തെറ്റിദ്ധാരണയുണ്ടാവാനും അതു കാരണം മല്‍സരം നഷ്ടമാവാനുമിടയില്ല. വിജയ് ഹസാരെ ട്രോഫിക്കു മുമ്പ് സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു കളിച്ചിട്ടുള്ളതാണെന്നും ബിസിസിഐ വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിജയ് ഹസാരെ ട്രോഫി നഷ്ടമായതിന് ന്യായമായ ഒരു കാരണം നല്‍കാനായില്ലെങ്കില്‍ രണ്ടു തിരിച്ചടികളാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ആദ്യത്തേത് ചാംപ്യന്‍സ് ട്രോഫി ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെടുമെന്നതാണ്. മറ്റൊന്ന് ശ്രേയസ്, ഇഷാന്‍ എന്നിവരെപ്പോലെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും സഞ്ജു പുറത്താക്കപ്പെടുകയും ചെയ്‌തേക്കും.