കൊല്‍ക്കത്ത: രാജ്യത്തെ കൊവിഡ് വരിഞ്ഞുമുറുക്കവെ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിന്റുമായ സൗരവ് ഗാംഗുലിയും ക്വാറന്റീനില്‍. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കു കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഗാംഗുലിയോട് ഹോം ക്വാറന്റീനില്‍ പോവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാദ്യമായല്ല ഗാംഗുലിയുട കുടുബത്തെ കൊവിഡ് പിടികൂടുന്നത്. കഴിഞ്ഞ മാസം സ്‌നേഹാശിഷിന്റെ ഭാര്യ, അവുടെ മാതാപിതാക്കള്‍ എന്നിവരുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.

ബുധനാഴ്ച കൊല്‍ക്കത്തയിലെ സ്വകാര്യ ലാബില്‍ പരിശോധനയ്ക്കു വിധേയനായപ്പോഴാണ് സ്‌നേഹാശിഷിനു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗാംഗുലിയുള്‍പ്പെടെ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. മൊമിന്‍പൂരിലായിരുന്നു നേരത്തേ സ്‌നേഹശിഷ് താമസിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിരവധി പേര്‍ക്കു കൊവിഡ് പിടിപെട്ടതോടെ അദ്ദേഹം ഗാംഗുലിയും കുടുബവും താമസിക്കുന്ന ബെഹാലയിലെ പൂര്‍വ്വിക വീട്ടിലേക്കു മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌നേഹാശിഷിന്റെ ഫലം പോസിറ്റീവായതോടെ ഗാംഗുലിയും കുടുംബവും ഭീഷണിയിലാണ്.
സ്‌നേഹാശിഷിനു കുറച്ചു ദിവസമായി പനിയായിരുന്നുവെന്നും തുടര്‍ന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നും ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ ഒഫീഷ്യല്‍ അറിയിച്ചു. പരിശോധനാ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ബെല്ലെ വ്യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണമെന്നും സിഎബി ഒഫീഷ്യല്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് സ്‌നേഹാശിഷിന്റെ പരിശോധനാ ഫലം പുറത്തു വന്നത്. ഇതോടെ ഒരു നിശ്ചിത കാലത്തേക്കു ഗാംഗുലി ഹോം ക്വാറന്റീനിലായിരിക്കുമെന്ന് അടുത്ത സുഹൃത്ത് അറിയിച്ചു.
ജൂലൈ എട്ടിന് കുടുബാംഗങ്ങള്‍ക്കൊപ്പം ഗാംഗുലി തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ഭാര്യക്കും ഭാര്യാ മാതാവിനും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌നേഹാശിഷിനും അസുഖം ബാധിച്ചതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് അദ്ദേഹം തന്നെ രംഗത്തു വരികയായിരുന്നു. പശ്ചിമ ബംഗാളില്‍ ഇതിനകം 32,838 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.