മുംബൈ: ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിന്റെ ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അഭ്യര്‍ഥന ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളിയതായി റിപ്പോര്‍ട്ടുകള്‍. നേരത്തേ തീരുമാനിച്ച പ്രകാരം ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് രണ്ടാഴ്ച തന്നെ ടീം ഇന്ത്യക്കു നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ടി വരും. ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

14 ദിവസമെന്ന ക്വാറന്റീന്‍ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത്രയും നാള്‍ താരങ്ങള്‍ക്കു ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിയുക ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഗാംഗുലി നേരത്തേ ചൂണ്ടാക്കിയത്. എന്നാല്‍ ഗാംഗുലിയുടെ ഈ അഭ്യര്‍ഥന അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രണ്ടാഴ്ച തന്നെ ക്വാറന്റീന്‍ ഉണ്ടാവുമെങ്കിലും ഈ കാലയളവില്‍ താരങ്ങള്‍ പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കുമെന്നും സിഇഒ ഹോക്ക്‌ലി പറഞ്ഞു.
ക്വാറന്റീനില്‍ ഉള്ളപ്പോഴും ടെസ്റ്റ് പരമ്പരയ്ക്കു ഏറ്റവും മികച്ച തയ്യാറെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ടീമിന് എല്ലാ വിധത്തിലുള്ള സൗകര്യങ്ങളുമൊരുക്കും. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഹോക്ക്‌ലി അറിയിച്ചു.
എന്നാല്‍ ക്വാറന്റീനിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനിയും തീരുമാനിച്ചിട്ടില്ല. വേദിക്ക് സമീപത്തു തന്നെയുള്ള ഹോട്ടലുകള്‍ ആയിരിക്കുമോ താരങ്ങളെ താമസിപ്പിക്കുക അല്ലെങ്കില്‍ മറ്റെന്തെങ്കിലും സംവിധാനമാവുമോ ഇന്ത്യന്‍ ടീമിന് തയ്യാറാക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വൈറസ് ബാധ പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഞങ്ങള്‍ക്കു അതിനു സാധിച്ചില്ലെങ്കില്‍ വലിയ അപകടമായിരിക്കും ഉണ്ടാവുകയെന്നും ഹോക്ക്‌ലി പറഞ്ഞു.
കൊവിഡിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള ഇന്ത്യയുടെ മടങ്ങിവരവ് കൂടിയായിരിക്കും ഓസ്‌ട്രേലിയക്കെതിരായ പരമ്പര. ഈ വര്‍ഷം തുടക്കത്തില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിനു ശേഷം ഒരു പരമ്പരയില്‍പ്പോലും ഇന്ത്യ കളിച്ചിട്ടില്ല. 2018-19ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര 2-1നു സ്വന്തമാക്കി വിരാട് കോലിയും സംഘവും ചരിത്രം കുറിച്ചിരുന്നു. ഇത്തവണ ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫി നിലനിര്‍ത്തുകയെന്ന വെല്ലുവിളിയുമായിട്ടാലും ഇന്ത്യ ഓസ്‌ട്രേലിയയില്‍ വിമാനമിറങ്ങുന്നത്.