ധോണിക്ക് എന്തു കൊണ്ട് കരാറില്ല? ഇനിയെന്ത്? ഗംഗുലിയുടെ പ്രതികരണം ഇങ്ങനെ...
ദില്ലി: ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി വിട്ടുനില്‍ക്കുന്ന മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ ബിസിസിഐ തങ്ങളുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കിയിരുന്നു. അടുത്തിടെ പുറത്തുവിട്ട ബിസിസിഐയുടെ പുതിയ കരാര്‍ പട്ടിക ധോണിയുടെ അഭാവം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് അദ്ദേഹത്തിനുണ്ടാവാന്‍ സാധ്യതയില്ലെന്നും ആരാധകര്‍ ഭയപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ധോണിയെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. അതിനു ശേഷമുള്ള പരമ്പരകളില്‍ നിന്നെല്ലാം അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. മുഖ്യ കരാറില്‍ നിന്നും ധോണിയെ ഒഴിവാക്കിയതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

പ്രതികരിക്കാനാവില്ലെന്നു ദാദ
ധോണിയെ എന്തു കൊണ്ട് ബിസിസിഐ മുഖ്യ കരാറില്‍ ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യത്തിനു തനിക്കു ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നു ഗാംഗുലി തുറന്നു പറയുകയായിരുന്നു.
ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നില്‍ക്കവെയാണ് ധോണിക്കു അവസരം ലഭിക്കുന്നത്. ദാദയ്ക്കു കീഴില്‍ അരങ്ങേറിയ ധോണി പിന്നീട് ക്യാപ്റ്റന്‍ സ്ഥാനവും അദ്ദേഹത്തില്‍ നിന്നും ഏറ്റെടുക്കുകയായിരുന്നു.

ലക്ഷ്യം ടി20 ലോകകപ്പ്?
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ധോണി കളിക്കാനിടയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിസിസിഐയുടെ കരാറില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ടി20 ലോകകപ്പില്‍ കളിക്കാന്‍ ധോണിക്കു ഇതു തടസ്സമല്ല. വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് സംഘത്തിലേക്കു ധോണിയെ പരിഗണിക്കുമെന്ന് മുഖ്യ കോച്ച് രവി ശാസ്ത്രി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു.

പരിശീലനം ആരംഭിച്ചു
നീണ്ട ബ്രേക്കിനു ശേഷം ധോണി ക്രിക്കറ്റിലേക്കു മടങ്ങിയെത്താനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിനൊപ്പമാണ് അദ്ദേഹം പരിശീലനം തുടങ്ങിയത്. വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി അതുവഴി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലിലെത്തിയിരുന്നു. തൊട്ടുമുമ്പത്തെ സീസണിലെ ചാംപ്യന്മാര്‍ കൂടിയായിരുന്നു സിഎസ്‌കെ.

ഏകദിനം നിര്‍ത്തിയക്കും
ഏകദിന ക്രിക്കറ്റില്‍ നിന്നും അധികം വൈകാതെ തന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് അടുത്തിടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വെളിപ്പെടുത്തിയിരുന്നു. ടി20യില്‍ മാത്രം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ടി20 ലോകകപ്പില്‍ കളിക്കാനായിരിക്കും ധോണിയുടെ ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി ടെസ്റ്റില്‍ നിന്നും ധോണി നേരത്തേ തന്നെ വിരമിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications