ധോണി വിളികള്‍ ഇനിയും മുഴങ്ങും... പന്തിനോട് ഗാംഗുലി, നല്‍കിയ ഉപദേശം ഇങ്ങനെ
ദില്ലി: ഇതിഹാസ വിക്കറ്റ് കീപ്പറും മുന്‍ നായകനുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലെത്തിയ യുവ താരം റിഷഭ് പന്ത് ഇപ്പോള്‍ സ്വന്തം പ്രകടനം കാരണം കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോവുന്നത്. ബാറ്റിങില്‍ തുടരെ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന പന്തിനെതിരേ ഇതിനകം ആരാധകര്‍ തിരിഞ്ഞു കഴിഞ്ഞു. താരത്തെ ടീമില്‍ നിന്നൊഴിവാക്കി പകരം മറ്റാര്‍ക്കെങ്കിലും അവസരം നല്‍കണമെന്ന മുറവിളി ശക്തമാണ്.
പന്ത് ബാറ്റിങില്‍ മോശം പ്രകടനം നടത്തി ക്രീസ് വിടുമ്പോള്‍ കാണികള്‍ ധോണി, ധോണിയെന്ന് ആര്‍പ്പു വിളിക്കുകയും ചെയ്യുന്നത് മുന്‍ മല്‍സരങ്ങളില്‍ കണ്ടു കഴിഞ്ഞു. ഇതിനിടെ പന്തിനെ ഉപദേശിച്ചിരിക്കുകയാണ് മുന്‍ നായകനും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

പന്ത് സ്വയം കണ്ടു പിടിക്കട്ടെ
പന്ത് കളിക്കുമ്പോള്‍ ആരാധകര്‍ ധോണിയുടെ പേര് വിളിച്ചു പറയുന്നതിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു. പന്തിനെ സംബന്ധിച്ച് ഇതു നല്ലതാണ്. അദ്ദേഹം അതു കേള്‍ക്കട്ടെ. അത് മറികടക്കാനുള്ള വഴി പന്ത് തന്നെ സ്വയം കണ്ടു പിടിക്കുകയാണ് ചെയ്യേണ്ടത്.
പന്ത് തീര്‍ച്ചയായും കടുത്ത സമ്മര്‍ദ്ദത്തില്‍ തന്നെയായിരിക്കും. അതിലൂടെ താരത്തെ കടന്നു പോവാന്‍ അനുവദിക്കണം. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കുകയെന്നതിനുള്ള ഉത്തരം കണ്ടെത്താന്‍ പന്തിനു മാത്രമേ കഴിയൂവെന്നും ദാദ ചൂണ്ടിക്കാട്ടി.

15 വര്‍ഷം വേണ്ടി വരും
അടുത്ത ധോണിയാവുകയെന്നത് പന്തിനെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായ കാര്യം തന്നെയാണ്. ഇനിയൊരു 15 വര്‍ഷം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയാല്‍ മാത്രമേ പന്തിന് ധോണിക്കൊപ്പമെത്താന്‍ സാധിക്കുകയുള്ളൂ. എംഎസ് ധോണിയെപ്പോലുള്ളവരെ എല്ലാ ദിവസവും ലഭിക്കില്ല. ധോണി ഇപ്പോള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കൊപ്പമെത്താന്‍ പന്തിനു ചുരുങ്ങിയത് 15 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഗാംഗുലി വിശദമാക്കി.
ലോകകപ്പിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി അവധിയെടുത്തിരിക്കുകയാണ് ധോണി. അടുത്ത ഐപിഎല്ലിലൂടെ താരം മടങ്ങി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പന്തിനെ പിന്തുണച്ച് കോലി
മോശം ഫോമിലൂടെ കടന്നു പോവുന്ന പന്തിനെ പിന്തുണച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞ ദിവസവും രംഗത്തു വന്നിരുന്നു. ഭയത്തോടെ കളിക്കളത്തില്‍ ഇറങ്ങുന്ന അവസ്ഥയിലേക്കായിരിക്കും ഇനിയും ഒറ്റപ്പെടുത്തിയാല്‍ പന്ത് എത്തിച്ചേരുക. എല്ലാ വിധ പിന്തുണയുമായി ടീം അദ്ദേഹത്തിനൊപ്പമുണ്ടെന്നും കോലി വ്യക്തമാക്കിയിരുന്നു.
പന്ത് ഇപ്പോള്‍ വല്ലാത്ത മാനസിക അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ആരാധകര്‍ ധോണിയുടെ പേര് ഉറക്കെ വിളിക്കുമ്പോള്‍ അത് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications