
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റായ രഞ്ജി ട്രോഫിക്കുമേല്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് കൊവിഡ് മഹാമാരി. രാജ്യത്തു കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു.
കഴിഞ്ഞ സീസണിലെ രഞ്ജി കൊവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെടുന്ന രണ്ടാമത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് രഞ്ജി ട്രോഫി. അടുത്തിടെ ഐ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ പുതിയ സീസണും നീട്ടിവയ്ക്കാന്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.
ബുധനാഴ്ചയായിരുന്നു (ജനുവരി 5) രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കാനിരുന്നത്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കേരളമുള്‍പ്പെടെയുള്ള ടീമുകള്‍. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ടൂര്‍ണമെന്റ് മാറ്റിവയ്ക്കാനുള്ള ബിസിസിഐയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
രഞ്ജി ട്രോഫി മാത്രല്ല രാജ്യത്തു നടക്കുന്ന മറ്റു ആഭ്യന്തര ടൂര്‍ണമെന്റുകളും മാറ്റിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. സികെ നായുഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് എന്നിവരാണ് മാറ്റിവച്ചിരിക്കുന്ന മറ്റു ടൂര്‍ണമെന്റുകള്‍. രഞ്ജി മാത്രമല്ല സികെ നായുഡു ട്രോഫിയും ഈ മാസം തന്നെയാണ് ആരംഭിക്കാനിരുന്നത്. വനിതകളുടെ ടി20 ലീഗാവട്ടെ ഫെബ്രുവരിയിലാണ് തുടങ്ങേണ്ടിയിരുന്നത്.