ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലേറ്റ നാണംകെട്ട തോല്‍വിക്കു ശേഷം ഇന്ത്യന്‍ ടീം മാനേജ്മെന്റുമായി ബിസിസിഐ മാരത്തണ്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ കോച്ച് ഗൗതം ഗംഭീര്‍, സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരെ ആറു മണിക്കൂറോളം നീണ്ട യോഗത്തില്‍ 'നിര്‍ത്തി പൊരിച്ചുവെന്ന' വിവരങ്ങളാണ് പുറത്തുവരുന്നത്. ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെടുകയായിരുന്നു.
സ്വന്തം നാട്ടില്‍ ഇതാദ്യമായിട്ടാണ് ഒരു റെഡ് ബോള്‍ പരമ്പരയില്‍ ഇന്ത്യക്കു സമ്പൂര്‍ണ പരാജയം നേരിട്ടത്. മാത്രമല്ല, 2012നു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതും ഇതാദ്യമാണ്. കിവികള്‍ക്കെതിരായ പരാജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരുന്നു.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി അടുത്തയാഴ്ച ഇന്ത്യന്‍ ടീം യാത്ര ചെയ്യാനിരിക്കെയാണ് ടീം മാനേജ്മെന്റുമായി ബിസിസിഐ അടിയന്തര ചര്‍ച്ച നടത്തിയത്. ബിസിസിഐ പ്രസിഡന്റ് സ്റ്റുവര്‍ട്ട് ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമായിരുന്നു. ഗംഭീറിന്റെയും രോഹിത്തിന്റെയും ഭാവി കൂടി തുലാസിലാക്കുന്നതാണ് ബിസിസിഐയുടെ അടിയന്തര യോഗം. ഓസ്‌ട്രേലിയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഫലമനുസരിച്ചായിരിക്കും ഇരുവരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കുകയെന്നാണ് സൂചനകള്‍.

ഗംഭീറിന്റെ കോച്ചിങ് രീതി
ഇന്ത്യയുടെ പുതിയ പരിശീകലനായി അടുത്തിടെ ചുമതലയേറ്റെടുത്ത ഗൗതം ഗംഭീറിന്‍റെ കോച്ചിങ് ശൈലിയക്കുറിച്ച് ബിസിസിഐയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതായാണ് വിവരം. തന്റെ മുന്‍ഗാമിയായ രാഹുല്‍ ദ്രാവിഡിന്റെ പരിശീലന രീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തമാണ് ഗംഭീറിന്റെ സമീപനം. ഗംഭീറിന്റെ ശൈലിയുമായി പൊരുത്തപ്പെടാന്‍ കളിക്കാര്‍ക്കു കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ മാറ്റം മുന്നോട്ടുള്ള പ്രയാണത്തില്‍ ടീമിനു ഗുണം ചെയ്‌തേക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗംഭീറിന്റെ പരിശീലന ശൈലിയെക്കുറിച്ച് ബിസിസിഐ യോഗത്തില്‍ നേരിട്ടു ചോദ്യങ്ങളുയര്‍ന്നോയെന്ന കാര്യം വ്യക്തമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ തികച്ചും വ്യത്യസ്തമായ പരിശീല രീതിയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനകത്തെ ചിലര്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
ന്യൂസിലാന്‍ഡുമായുള്ള പരമ്പര
ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ ചില ടീം സെലക്ഷനുകളും തീരുമാനങ്ങളുമെല്ലാം ബിസിസിഐ ചോദ്യം ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രത്യേകിച്ചും മൂന്നാം ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ബിസിസിഐ രൂക്ഷമായി വിമര്‍ശിച്ചതായാണ് വിവരം.
ഇന്ത്യന്‍ ടീം അത്തരമൊരു ദുഷ്‌കരായ സാഹചര്യത്തിലൂടെ കടന്നുപോകവെ പ്രീമിയം ഫാസ്റ്റ് ബൗളര്‍ കൂടിയായ ബുംറയെ അവസാന ടെസ്റ്റില്‍ കളിപ്പിക്കാതിരുന്നതിന്റെ കാരണം ബിസിസിഐ ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ പൂനെയിലെ രണ്ടാം ടെസ്റ്റില്‍ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയിട്ടും മുംബൈയിലെ അവസാന ടെസ്റ്റിലും സമാനമായ പിച്ച് തയ്യാറാക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതിനെയും ബിസിസിഐ ചോദ്യം ചെയ്തു.

ടീം സെലക്ഷന്‍
ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ചും ബിസിസിഐ യോഗത്തില്‍ വിമശനങ്ങുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രഞ്ജി ട്രോഫിയില്‍ വേണ്ടത്ര മല്‍സര പരിചയമില്ലാത്ത ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും പേസര്‍ ഹര്‍ഷിത് റാണയെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെയും ബിസിസിഐ ചോദ്യം ചെയ്തതയാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകപക്ഷീയമായല്ല ഇരുവരും ടെസ്റ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നു മാത്രമാണ് ഇതിലൂടെ പറയാന്‍ സാധിക്കുകയെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കുമിടയില്‍ തര്‍ക്കങ്ങളുണ്ടെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്.