ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക കരാര്‍ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ബിസിസിഐ. നേരത്തേ നാലു ഗ്രേഡുകളായി നടപ്പാക്കി പോന്ന ഈ സംവിധാനം മൂന്നാക്കി വെട്ടിച്ചുരുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഇതോടെ നിലവില്‍ തലപ്പത്തുള്ള ഗ്രേഡ് എ പ്ലസെന്നത് അപ്രത്യക്ഷമാവും. പകരം എ, ബി, സി എന്നിങ്ങനെ മൂന്നു കാറ്റഗറികള്‍ മാത്രമേയുണ്ടാവുകയുള്ളൂ.
ഈ വര്‍ഷം പ്രഖ്യാപിക്കാനിരിക്കുന്ന വാര്‍ഷിക കരാര്‍ പുതിയ രീതിയിലുള്ളതായിരിക്കുമെന്നാണ് വിവരം. എ പ്ലസ് കാറ്റഗറി ഒഴിവാക്കി വാര്‍ഷിക കരാര്‍ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നു ബിസിസിഐയ്ക്കു ശുപാര്‍ശ ചെയ്തത് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രോക്കോയ്ക്കു തിരിച്ചടി
ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങള്‍ക്കു പുതിയ രീതിയിലുള്ള വാര്‍ഷിക കരാര്‍ ബിസിസിഐ കൊണ്ടു വരികയാണെങ്കില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുക ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കുമായിരിക്കും. നിലവില്‍ പ്രതിവര്‍ഷം ഏഴു കോടി ശമ്പളമുള്ള എ പ്ലസ് കാറ്റഗറിയിലാണ് ഇരുവരുമുള്ളത്.
എന്നാല്‍ പുതിയ രീതിയിലുള്ള കരാര്‍ സംവിധാനത്തില്‍ ഗ്രേഡ് എയില്‍ രോഹിത്തിനും കോലിക്കും ഇടമുണ്ടാവില്ല. കാരണം കഴിഞ്ഞ വര്‍ഷം ടെസ്റ്റും മതിയാക്കിയതോടെ എകദിനത്തില്‍ മാത്രമേ ഇവര്‍ കളിക്കുള്ളൂ. അതുകൊണ്ടു തന്നെ ഗ്രേഡ് ബിയിലായിരിക്കും പുതിയ വാര്‍ഷിക കരാറില്‍ രോക്കോയുടെ സ്ഥാനം.
മുന്‍ കരാര്‍ പ്രകാരം ഗ്രേഡ് എയിലുള്‍പ്പെട്ട താരങ്ങള്‍ക്കു അഞ്ചു കോടി രൂപയും ബി, സി ഗ്രേഡിലുളളവര്‍ക്ക് മൂന്ന്, ഒരു കോടിയുമായിരുന്നു പ്രതിഫലം. മാച്ച് ഫീ കൂടാതെയാണിത്.
അതേസമയം, പുതിയ രീതിയിലുള്ള കരാര്‍ സംവിധാനത്തില്‍ ഓരോ ഗ്രേഡിലെയും വേതനത്തെ കുറിച്ച് ബിസിസിഐ ഇനിയും തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന യോഗത്തില്‍ ബിസിസിഐ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുകയുള്ളൂ.
സാധാരണയായി ഓരോ വര്‍ഷവും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിട്ടാണ് ബസിസിഐയുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിക്കാറുള്ളത്. 2024-25ലെ അവസാനത്തെ കരാര്‍ പ്രകാരം രോഹിത്, കോലി എന്നിവരെക്കൂടാതെ ഗ്രേഡ് എ പ്ലസിലുണ്ടായിരുന്നത് ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ്.
ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, റിഷഭ് പന്ത്, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ഗ്രേഡ് എയിലെ കളിക്കാര്‍. ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യശ്വസ്വി ജയ്‌സ്വാള്‍ എന്നിവരെല്ലാം ഗ്രേഡ് ബിയിലായിരുന്നു.