IPL 2021: ഒരു ഫ്രാഞ്ചൈസി അവിടെ നിന്നുതന്നെ, മോഹന്‍ലാലും രംഗത്ത് വന്നേക്കും!
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികളെ കൂടി ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ ഈ മാസം അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 24ന് ബിസിസിഐയുടെ വാര്‍ഷിക യോഗം നടക്കുന്നുണ്ട്. ഐപിഎല്‍ വിപുലീകരണം ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
പുതിയ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വാര്‍ഷിക യോഗത്തില്‍ വിവിധ സംസ്ഥാന അസോസിയേഷനുകളുടെ അഭിപ്രായം തേടും. ഭൂരിഭാഗം പേരും അനുകൂലിക്കുകയാണെങ്കില്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികളെക്കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാം.

അഹമ്മദാബാദ് ഉറപ്പാക്കി
രണ്ടു ഫ്രാഞ്ചൈസികളില്‍ ഒന്ന് അഹമ്മദാബാദ് കേന്ദ്രീകരിച്ചായിരിക്കുമെന്ന കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായിട്ടുണ്ടെന്നു ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ ഫ്രാഞ്ചൈസിയുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ലഖ്‌നോ, കാണ്‍പൂര്‍, പൂനെ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
ഗൗതം അദാനിയുടെ കീഴിലുള്ള അദാനി ഗ്രൂപ്പും നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉടമകളായിരുന്ന സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പുമാണ് ഒമ്പതാമത്തെ ഫ്രാഞ്ചൈസിക്കു വേണ്ടി ശക്തമായി രംഗത്തുള്ളത്. രാജ്യത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാഞ്ചൈസിക്കു വേണ്ടി ഇരുഗ്രൂപ്പുകളും തമ്മിലായിരിക്കും പ്രധാന പിടിവലി.

മോഹന്‍ ലാലും രംഗത്ത്?
മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ ലാലും ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസിക്കു വേണ്ടി രംഗത്തു വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലാലിനൊപ്പം കേരളത്തിലെ ഒരു വമ്പന്‍ ബിസിനസ് ഗ്രൂപ്പും ചേര്‍ന്നായിരിക്കും ഫ്രാഞ്ചൈസിക്കു വേണ്ടി നീക്കങ്ങള്‍ നടത്തുകയെന്നു ഇന്‍സൈഡ് സ്‌പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുഎഇ വേദിയായ ഇത്തവണത്തെ ഐപിഎല്ലിന്റെ ഫൈനല്‍ കാണാന്‍ മോഹന്‍ ലാല്‍ ദുബായ് സ്‌റ്റേഡിയത്തിലെത്തിയിരരുന്നു. അന്നു മുതല്‍ തന്നെ ലാല്‍ പുതിയ ഐപിഎല്‍ ടീമിനെ വാങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

മെഗാ താരലേലം
പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിന്റെ ഭാഗമായാല്‍ അടുത്ത സീസണിനു മുമ്പ് മെഗാ താരലേലവും ബിസിസിഐ സംഘടിപ്പിക്കുമെന്നുറപ്പാണ്.
സമയ പരിമിതികളുണ്ടെങ്കിലും എല്ലാവരുടെയും താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും മെഗാ താരലേലം സംഘടിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡിലെ എല്ലാവരുമായി ആശയവിനിമയം നടത്തുമെന്നും അടുത്ത മൂന്ന്-നാല് ആഴ്ചയ്ക്കകം ഔദ്യോഗിക തീരുമാനം എടുക്കാനിടയുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്‌സുള്‍പ്പെടെ ചില ഫ്രാഞ്ചൈസികള്‍ക്കു പുതിയ സീസണിനു മുമ്പ് അഴിച്ചുപണിയാന്‍ മെഗാ ലേലം അനിവാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications