
സിഡ്‌നി: ബിഗ് ബാഷ് ലീഗില്‍ ഞെട്ടിക്കുന്ന ബാറ്റിങ് തകര്‍ച്ച നേരിട്ട് സിഡ്‌നി തണ്ടര്‍. ടി20 ചരിത്രത്തിലെ ഏറ്റവും കുറവ് ടോട്ടലിന് ഓള്‍ഔട്ടാവുന്ന ടീമെന്ന നാണക്കേടാണ് സിഡ്‌സി തണ്ടറിനെ തേടിയെത്തിയിരിക്കുന്നത്.
ബിഗ്ബാഷ് ലീഗിലെ അഞ്ചാം മത്സരത്തില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെയാണ് സിഡ്‌നി തണ്ടര്‍ തകര്‍ന്നടിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു.
മറുപടിക്കിറങ്ങിയ സിഡ്‌നി തണ്ടര്‍ 5.5 ഓവറില്‍ 15 റണ്‍സിനിടെ ഓള്‍ഔട്ടാവുകയായിരുന്നു. സിഡ്‌നി തണ്ടറിന്റെ ഒരു താരത്തിന് പോലും രണ്ടക്കം കാണാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ഏറ്റവും മോശം ടോട്ടല്‍
ടി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലെന്ന നാണംകെട്ട റെക്കോഡിലാണ് സിഡ്‌നി തണ്ടര്‍ പേരുചേര്‍ത്തത്. ജേസന്‍ സന്‍ഗ നയിച്ച സിഡ്‌നി ടീമില്‍ അലെക്‌സ് ഹെയ്ല്‍സ്, റില്ലി റൂസോ, ഡാനിയല്‍ സാംസ് എന്നിവരെല്ലാം ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും തിളങ്ങാനായില്ല.
ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സും മാത്യു ഗ്ലിക്‌സും ഡെക്കിനാണ് പുറത്തായത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് ഹെയ്ല്‍സ്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം റില്ലി റൂസോയും (3) നിരാശപ്പെടുത്തി മടങ്ങി.

ക്യാപ്റ്റന്‍ ജേസന്‍ സന്‍ഗ (0) അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോള്‍ അലക്‌സ് റോസ് (2) ഡാനിയല്‍ സാംസ് (1) എന്നിവരും നിരാശപ്പെടുത്തി. ഒലിവര്‍ ഡേവിസ് (1), ക്രിസ് ഗ്രീന്‍ (0), ഗുരീന്ദര്‍ സദ്ദു (0), ബ്രണ്ടന്‍ ഡോഗറ്റ് (4), ഫസല്‍ഹഖ് ഫറൂഖി (1*) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
ഹെന്റിക്ക് അഞ്ച് വിക്കറ്റ്
സിഡ്‌നിയുടെ നട്ടെല്ലൊടിച്ചത് ഹെന്റിക്ക് ത്രോണ്ടണിന്റെ പ്രകടനമാണ്. 2.5 ഓവറില്‍ 1 മെയ്ഡനടക്കം 3 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ത്രോണ്ടന്‍ നേടിയത്. 1.05 ഇക്കോണമിയിലാണ് ഈ മിന്നല്‍ പ്രകടനം. ടി20 ഫോര്‍മാറ്റില്‍ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും മികച്ച അഞ്ച് വിക്കറ്റ് പ്രകടനമാണിത്.
വെസ് അഗര്‍ നാല് വിക്കറ്റും സ്വന്തമാക്കി. 2 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഗറിന്റെ നാല് വിക്കറ്റ് പ്രകടനം. ഇക്കോണമി 3 മാത്രം. മാത്യു ഷോര്‍ട്ടാണ് ശേഷിക്കുന്ന ഒരു വിക്കറ്റ് നേടിയത്. ഒരോവര്‍ മാത്രം പന്തെറിഞ്ഞ് അഞ്ച് റണ്‍സാണ് താരം വഴങ്ങിയത്.

ക്രിസ് ലിന്‍ ടോപ് സ്‌കോറര്‍
അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ടോപ് സ്‌കോററായത് ക്രിസ് ലിന്നാണ്. 27 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 36 റണ്‍സാണ് ലിന്‍ നേടിയത്. മത്സരത്തിലെ ടോപ് സ്‌കോറര്‍ ലിന്നാണ്.
കോളിന്‍ ഡി ഗ്രാന്റ്‌ഹോമും തിളങ്ങി. 24 പന്തില്‍ 33 റണ്‍സാണ് ഗ്രാന്റ്‌ഹോം നേടിയത്. 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെയാണ് ഗ്രാന്റ്‌ഹോമിന്റെ പ്രകടനം. സിഡ്‌നി തണ്ടറിനായി ഫസല്‍ ഹഖ് ഫറൂഖി മൂന്നും ഗുരീന്ദര്‍ സദ്ദു, ഡാനിയല്‍ സാംസ്, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.