കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍ താരവുമാണ് ബാബര്‍ അസം. വിരാട് കോലിയെക്കാള്‍ കേമനെന്ന് പാകിസ്താന്‍ ആരാധകര്‍ വാഴ്ത്തുന്ന താരമാണ് ബാബര്‍ അസം. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നായകനെന്ന നിലയില്‍ ഫ്‌ളോപ്പ്മാനായതോടെ ബാബറിന്റെ ഈ സ്ഥാനം തെറിച്ചു. ഇപ്പോള്‍ താരമെന്ന നിലയില്‍ ടീമിന് പുറത്തുപോകേണ്ടി വരുന്ന അവസ്ഥയിലാണ് ബാബറുള്ളത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ പാകിസ്താന്‍ സ്വന്തം തട്ടകത്തില്‍ തോറ്റതിന് പിന്നാലെ ബാബറിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഇപ്പോഴിതാ ബാബറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി. ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ബാബറിന്റെ ഫുട് മൂവ്‌മെന്റില്‍ പിഴവുണ്ടെന്നാണ് ബാസിത് അലി പറയുന്നത്. ക്യാച്ചുകളടക്കം പാഴാക്കുന്നു. ഇത്രയും പ്രമുഖനായ ബാറ്റ്‌സ്മാനായിട്ടും ഗുരുതര പിഴവുകള്‍ വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബാസിത് പറയുന്നത്.
പാകിസ്താന്‍ ടീം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിട്ടാണ് ബംഗ്ലാദേശിനോട് തോറ്റതെന്നതാണ് എടുത്തു പറയേണ്ടത്. സ്വന്തം തട്ടകത്തില്‍ പാകിസ്താനോട് തോറ്റതോടെ വലിയ നാണക്കേടാണ് ടീം നേരിട്ടിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ബംഗ്ലാദേശിനെ വിലകുറച്ചുകണ്ടുവെന്നതാണ് വസ്തുത. ആറ് വിക്കറ്റിന് 448 എന്ന നിലയില്‍ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. നാലാം നമ്പറില്‍ കളിച്ച ബാബര്‍ രണ്ട് പന്തുകള്‍ നേരിട്ട് ഡെക്കിനാണ് പുറത്തായത്.
രണ്ടാം ഇന്നിങ്‌സില്‍ 22 റണ്‍സാണ് അദ്ദേഹം നേടിയത്. ടീം വലിയ പ്രതിസന്ധിയെ നേരിട്ടപ്പോള്‍ രക്ഷകനാവാന്‍ ബാബറിന് സാധിക്കാതെ പോയി. സ്വന്തം തട്ടകത്തില്‍ പോലും ബാബറിന് മികവ് കാട്ടാന്‍ സാധിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോലിയോടും സച്ചിനോടുമെല്ലാം പാക് താരങ്ങള്‍ താരതമ്യപ്പെടുത്തുന്ന കളിക്കാരനാണ് ബാബര്‍. കൂടാതെ ഫാബുലസ് ഫോറല്ലെന്നും ഫാബുലസ് അഞ്ചാക്കി ബാബറിനെക്കൂടി ഉള്‍പ്പെടുത്തണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇതിനൊത്ത പ്രകടനം ബാബറില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. പാകിസ്താന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ടി20 ലോകകപ്പില്‍ അരങ്ങേറ്റക്കാരായ അമേരിക്കയോട് പോലും പാകിസ്താന്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായി. പാക് ടീമിലെ ഭിന്നതയാണ് ടീമിന്റെ തകര്‍ച്ചക്ക് കാരണമെന്ന് പറയാം. ബംഗ്ലാദേശിനെതിരായ ടെസ്റ്റിനിടയിലും പാക് ടീമിന്റെ ഐക്യമില്ലായ്മ വെളിവാക്കുന്ന ചില സംഭവങ്ങളുണ്ടായി.
പാകിസ്താന്‍ നായകന്‍ ഷാന്‍ മസൂദ് ഷഹിന്‍ ഷാ അഫ്രീദിയുടെ തോളില്‍ കൈയിട്ടപ്പോള്‍ താരം കൈ തട്ടി മാറ്റിയിരുന്നു. ഇതിന്റെ വീഡിയോ വൈറലാവുകയും ചെയ്തതാണ്. പാകിസ്താന്‍ ടീമിനുള്ള ബാബറിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. ഇവര്‍ രണ്ട് തട്ടിലായി നില്‍ക്കുന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ടി20 ലോകകപ്പിലടക്കം ബാബര്‍ അസം ഇഷ്ടക്കാരെ തിരികി കയറ്റാന്‍ ശ്രമം നടത്തിയെന്ന ആരോപണം ചില താരങ്ങളടക്കം ഉന്നയിച്ചിരുന്നു.
ഷഹിന്‍ ഷാ അഫ്രീദി ബാബറിനെതിരാണ്. പാകിസ്താന്റെ ടി20 നായകസ്ഥാനത്തേക്ക് ഷഹീന്‍ എത്തിയിരുന്നെങ്കിലും പെട്ടെന്ന് തന്നെ മാറ്റപ്പെട്ടു. ഇതിന് കാരണം ബാബറിന്റെ ഇടപെടലുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. പാകിസ്താന്റെ പ്രധാന പേസറാണ് ഷഹീന്‍. താരം മികച്ച ഫോമില്‍ കളിക്കാത്തതും ഉത്തരവാദിത്തം ഏറ്റെടുക്കാത്തതും പാകിസ്താനെ പിന്നോട്ടടിക്കുന്ന കാരണങ്ങളിലൊന്നാണ്. പരിശീലകരെ അംഗീകരിക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.
പരിശീലകന്‍ ജേസന്‍ ഗില്ലസ്പിയുടെ ക്യാപ്റ്റന്‍ ഷാന്‍ മസൂദും തമ്മില്‍ ഡ്രസിങ് റൂമില്‍ വാക്കേറ്റമുണ്ടാവുന്ന വീഡിയോയും പുറത്തായിരുന്നു. ടി20 ലോകകപ്പില്‍ പാകിസ്താന്റെ പരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റനും പാക് താരങ്ങളുടെ അച്ചടക്കമില്ലായ്മയെക്കുറിച്ച് തുറന്ന് പറഞ്ഞതും വലിയ ചര്‍ച്ചയായിരുന്നു. എന്തായാലും പാകിസ്താന്‍ ടീം ഇപ്പോള്‍ വലിയ നാണക്കേടാണ് നേരിടുന്നത്. ബംഗ്ലാദേശിനെതിരേ ശക്തമായി തിരിച്ചുവരാന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയാം.