Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിനു നാണക്കേടായി വീണ്ടും ഉത്തേജക മരുന്ന് വിവാദം, ബംഗ്ലാ യുവ പേസര്‍ക്കു വിലക്ക്

ധാക്ക: കൊവിഡ് കാലത്തും ക്രിക്കറ്റിനു നാണക്കേടായി വീണ്ടും ഉത്തേജക മരുന്ന് വിവാദം. ബംഗ്ലാദേശിന്റെ യുവ പേസ് ബൗളര്‍ കാസി അനീക് ഇസ്ലാമാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്നു താരത്തെ രണ്ടു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തു. നിരോധിത മരുന്നായ മെതാംഫെറ്റാമിനിന്റെ അംശമാണ് കാസിയുടെ ശരീരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 2018ല്‍ ഇന്ത്യ ജേതാക്കളായ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവുമധികം വിക്കറ്റെടുത്ത താരമായിരുന്നു അദ്ദേഹം.

ഇതേ വര്‍ഷം നടന്ന ദേശീയ ക്രിക്കറ്റ് ലീഗിലെ മല്‍സരത്തിനിടെ നടത്തിയ കാസിയുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തന്റെ ഭാഗത്തു നിന്നു തെറ്റ് സംഭവിച്ചതായി 21കാരനായ താരം സമ്മതിച്ചിട്ടുണ്ട്. 2018 നവംബര്‍ ആറിനായിരുന്നു കാസി പരിശോധനയ്ക്കു വിധേയനായത്.

1

കാസിയുടെ കേസ് കണക്കിലെടുത്തപ്പോള്‍ താരത്തിന്റെ പ്രായവും മല്‍സര പരിചയം കുറവാണെന്നതും പരിഗണിച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതിനായി താരം മനപ്പൂര്‍വ്വമല്ല നിരോധിത മരുന്ന് ഉപയോഗിച്ചത്. ആന്റി ഡോപ്പിങ് വിദ്യാഭ്യാസം കുറവാണെന്നതും താന്‍ നിയമലംഘനം നടത്തിയതായി പെട്ടെന്നു തന്നെ സമ്മതിച്ചതും കൂടി പരിഗണിച്ചാണ് കാസിക്കെതിരായ ശിക്ഷ പ്രഖ്യാപിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി എട്ടു മുതല്‍ തന്നെ കാസിയുടെ വിലക്ക് പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയ ശേഷം അത് അംഗീകരിച്ച കാസി വാദം കേള്‍ക്കലുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കിയത് സമയത്തോടൊപ്പം പണവും ലാഭിക്കാന്‍ സഹായിച്ചു. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് കാസിക്കു രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനത്തില്‍ ബിസിബി എത്തിച്ചേര്‍ന്നത്. വളരെ ന്യായമായ തീരുമാനമാണ് കാസിയുടെ കാര്യത്തില്‍ ബിസിബി സ്വീകരിച്ചിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.

നാലു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 2021 ഫെബ്രുവരി ഏഴിന് അര്‍ധരാത്രിയാണ് കാസിയുടെ രണ്ടു വര്‍ഷത്തെ വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്.

Story first published: Monday, July 27, 2020, 16:23 [IST]
Other articles published on Jul 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+