ഐപിഎല്‍: രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ഥിച്ചു, ആരും വാങ്ങിയതുമില്ല... പ്രതികരിച്ച് മുഷ്ഫിഖുര്‍
ധാക്ക: ബംഗ്ലാദേശിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുര്‍ റഹീം ഇത്തവണത്തെ ഐപിഎല്ലിന്റെ ലേലത്തില്‍ തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊരാണ്. ബംഗ്ലാദേശിന്റെ പേസ് സെന്‍സേഷന്‍ മുസ്തഫിസുര്‍ റഹ്മാനെയും കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ലേലത്തിനു വേണ്ടി ആദ്യം രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ നിരയില്‍ മുഷ്ഫിഖുര്‍ ഇല്ലായിരുന്നു. അവസാനമായി ലിസ്റ്റിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ട താരങ്ങളില്‍ ഒരാളായാണ് അദ്ദേഹം ഇതിലുള്‍പ്പെട്ടത്. പക്ഷെ ലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും മുഷ്ഫിഖുറിനെ തഴയുകയും ചെയ്തു. ഇതിനെക്കുറിച്ചു പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം.

താല്‍പ്പര്യമില്ലായിരുന്നു
ഐപിഎല്‍ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ തനിക്കു ആദ്യം താല്‍പ്പര്യമില്ലായിരുന്നുവെന്നു മുഷ്ഫിഖുര്‍ വ്യക്തമാക്കി. എന്നാല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഐപിഎല്‍ അധികൃതര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നു താന്‍ സമ്മതം മൂളുകയായിരുന്നുവെന്നും താരം പറഞ്ഞു.
ലേലത്തില്‍ ടീമിലെത്തുന്നതും തഴയപ്പെടുന്നതുമെല്ലാം സംഭവിക്കാവുന്ന കാര്യമാണ്. ഇക്കാര്യം താന്‍ വലിയ കാര്യമായി എടുക്കുന്നുമില്ല. എങ്കിലും ലേലത്തില്‍ ഉള്‍പ്പെട്ടപ്പോള്‍ ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അതു സംഭവിച്ചില്ല. എങ്കിലും ജീവിതം മുന്നോട്ടുപോവും. താനിപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണ്. ഇപ്പോള്‍ ഇതില്‍ മാത്രമാണ് ശ്രദ്ധയെന്നും മുഷ്ഫിഖുര്‍ വിശദമാക്കി.

നേരത്തേ സംശയമുണ്ടായിരുന്നു
ലേലത്തില്‍ ആരും വാങ്ങിയേക്കില്ലെന്ന സംശയം ഉണ്ടായതു കൊണ്ടു തന്നെയാണ് ആദ്യം രജിസ്റ്റര്‍ ചെയ്യാതിരുന്നത്. പിന്നെയെന്തിന് രജിസ്റ്റര്‍ ചെയ്യണമെന്നും തോന്നി. എന്നാല്‍ ഐപിഎല്‍ അധികൃതര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു തനിക്കു മെയില്‍ അയച്ചു. ഇതോടെ രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചു.
ലേലത്തില്‍ വാങ്ങുകയോ, വാങ്ങാതിരിക്കുയോ ചെയ്യുന്ന കാര്യം തന്റെ നിയന്ത്രണത്തില്‍ വരുന്നതല്ല. തന്നെ സംബന്ധിച്ച് അതൊരു വലിയ കാര്യവുമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ കളിച്ചിട്ടില്ല
ഐപിഎല്ലില്‍ ഇതുവരെ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ചുരുക്കം താരങ്ങളിലൊരാളാണ് മുഷ്ഫിഖുര്‍. ബംഗ്ലാദേശിനെ സംബന്ധിച്ച് മാച്ച് വിന്നര്‍ തന്നെയാണ് അദ്ദേഹം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനം നടത്തിയിട്ടുള്ള അദ്ദേഹത്തിനു ഐപിഎല്ലില്‍ ഇതുവരെ ഒരു ഫ്രാഞ്ചൈസിയും അവസരം നല്‍കിയില്ലെന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കു നഷ്ടമാണ്.
നിലവില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഖുല്‍ന ടൈഗേഴ്‌സിനു വേണ്ടി കളിക്കുകയാണ് മുഷ്ഫിഖുര്‍. സീസണില്‍ ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും ടൈഗേഴ്‌സ് ജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications