ക്വലാലംപൂര്‍: വനിതകളുടെ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ കിരീടഫേവറിറ്റുകളും നിലവിലെ ചാംപ്യന്മാരുമായ ഇന്ത്യക്കു അപ്രതീക്ഷിത തോല്‍വി. ബംഗ്ലാദേശാണ് ഇന്ത്യയെ അട്ടിമറിച്ചത്. മൂന്നാമത്തെ പൂള് മല്‍സരത്തില്‍ ഏഴു വിക്കറ്റിന് ബംഗ്ലാദേശ് ഇന്ത്യയെ തകര്‍ത്തുവിടുകയായിരുന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും ആധികാരിക ജയം സ്വന്തമാക്കിയ ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് ബംഗ്ലാദേശ് നല്‍കിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ബംഗ്ലാദേശ് അട്ടിമറി ജയം നേടുന്നത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ കരുത്തരായ പാകിസ്താനെയും ബംഗ്ലാദേശ് വീഴ്ത്തിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി തികച്ചില്ല. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (42) ഇന്നിങ്സാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. 37 പന്തില്‍ ആറു ബൗണ്ടറികളടങ്ങിയതായിരുന്നു കൗറിന്റെ ഇന്നിങ്സ്. ദീപ്തി ശര്‍മയാണ് (32) മറ്റൊരു പ്രധാന സ്കോറര്‍. ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ് മൂന്നു വിക്കറ്റെടുത്തു.
കടുവകളെ 'തീര്‍ത്തു', ഇനി ഇന്ത്യ? വീണ്ടും റാഷിദ് മാജിക്ക്... അഫ്ഗാന് പരമ്പര, ചരിത്രനേട്ടം
സച്ചിന്, ദ്രാവിഡ്, അഫ്രീഡി... എല്ലാവര്ക്കും പിന്‍ഗാമികള്‍!! ഇതിഹാസങ്ങളുടെ വഴിയെ യുവ നക്ഷത്രങ്ങള്‍
മറുപടി ബാറ്റിങില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. ഫറൂഖ ഹഖിന്റെ (52*) അപരാജിത ഫിഫ്റ്റിയാണ് ബംഗ്ലാദേശിന്റെ ജയം എളുപ്പമാക്കിയത്. 42 റണ്‍സുമായി പുറത്താവാതെ നിന്ന റുമാന അഹമ്മദ് മികച്ച പിന്തുണ നല്കി. നേരത്തേ മൂന്നു വിക്കറ്റെടുത്ത് ബൗളിങിലും തിളങ്ങിയ റുമാനയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.