
മായങ്ക് മാര്‍ക്കണ്ഡെ
മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്‍ കളിച്ച് മികവ് കാട്ടിയ സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയെ 2019ലാണ് ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതോടെ ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് മാര്‍ക്കണ്ഡെ പുറത്തായി. പിന്നീടുള്ള ഐപിഎല്‍ സീസണുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മാര്‍ക്കണ്ഡെക്ക് മുന്നില്‍ വാതില്‍ അടഞ്ഞു. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് അദ്ദേഹം. 24കാരനായ താരത്തിന് തിരിച്ചുവരാന്‍ കരിയറില്‍ സമയമേറെയുണ്ട്.

സുബ്രമണ്യ ബദരിനാഥ്
ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്ന സുബ്രമണ്യ ബദരിനാഥിന് വലിയ ഭാവി ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതീക്ഷിച്ചിരുന്നു. തമിഴ്‌നാട് കാരനായ താരത്തെ വിരാട് കോലിയെ തഴഞ്ഞ് വളര്‍ത്തിക്കൊണ്ടുവരാന്‍ പോലും ധോണി ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വലിയ കരിയര്‍ ബദരിനാഥിന് നേടാനായില്ല. ഇന്ത്യക്കായി ഒരു ടി20 കളിച്ച താരത്തെ പിന്നീട് തഴഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ അരങ്ങേറ്റ ടി20യില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടും പിന്നീട് ഒരവസരം ബദരിനാഥിന് ലഭിച്ചില്ല.

കരണ്‍ ശര്‍മ
ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മയാണ് ഈ പട്ടികയിലെ മറ്റൊരാള്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാനായെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചില്ല. ഒരു ടി20 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. നാലോവര്‍ പന്തെറിഞ്ഞ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്താന്‍ കരുണിനായി. മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും പിന്നീട് ഒരവസരം കരണ്‍ ശര്‍മക്ക് ലഭിച്ചില്ല. ഒരു ടെസ്റ്റില്‍ നിന്ന് നാല് വിക്കറ്റ് നേടിയ കരണിന് രണ്ട് ഏകദിനത്തില്‍ നിന്ന് വിക്കറ്റൊന്നും നേടാനായില്ല.

ശ്രീനാഥ് അരവിന്ദ്
ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം തിളങ്ങിയ ഇടം കൈയന്‍ പേസറാണ് ശ്രീനാഥ് അരവിന്ദ്. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ഒരു ടി20 കളിക്കാനാണ് അവസരം ലഭിച്ചത്. പിന്നീട് ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ശ്രീനാഥ് അരവിന്ദ് വീഴ്ത്തിയത്. 10ന് മുകളില്‍ ഇക്കോണമിയില്‍ പന്തെറിഞ്ഞതോടെ എന്നെന്നേക്കുമായി അരവിന്ദിന് ടീമിലെ സ്ഥാനം നഷ്ടമായി.

റിഷി ധവാന്‍
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടുന്ന ഓള്‍റൗണ്ടറാണ് റിഷി ധവാന്‍. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പം തിളങ്ങുന്ന റിഷി ധവാന്‍ 2016ല്‍ സിംബാബ് വെയ്‌ക്കെതിരെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഒറ്റ മത്സരത്തിലൂടെത്തന്നെ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായി. മത്സരത്തില്‍ ഒരു റണ്‍സും 42 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റുമാണ് റിഷി നേടിയത്.

പവന്‍ നേഗി
ഐപിഎല്ലിലൂടെ തിളങ്ങിയ സ്പിന്‍ ഓള്‍റൗണ്ടറാണ് പവന്‍ നേഗി. 2016ലെ ഏഷ്യാ കപ്പില്‍ യുഎഇക്കെതിരേ അദ്ദേഹത്തിന് അരങ്ങേറാനുള്ള അവസരം ലഭിച്ചു. 16 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. ഭേദപ്പെട്ട പ്രകടനം എന്ന് പറയാമെങ്കിലും യുഎഇക്കെതിരേ ഇതിലും മികച്ച പ്രകടനം നടത്താമായിരുന്നു. ടീമില്‍ നിന്ന് തഴയപ്പെട്ട നേഗിക്ക് പിന്നീടൊരു അവസരം ലഭിച്ചില്ല.


Click it and Unblock the Notifications
