വെറും അഞ്ചു വര്‍ഷം, കോലിക്കൊപ്പം അന്ന് ബാബര്‍ ഉണ്ടാവും!- പാക് ബാറ്റിങ് കോച്ച് യൂനിസ്
കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലിയുമായി ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടുന്ന താരമാണ് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ ആസം. കോലിയുടെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് ബാബറിനെ പല മുന്‍ കളിക്കാരും വിശേഷിപ്പിക്കുന്നത്. അടുത്തിടെ പാക് ഏകദിന ടീമിന്റെ ക്യാപ്റ്റനായി നിയമിക്കപ്പെടുകയും ചെയ്ത ബാബറിന്റെ ബാറ്റിങ് ടെക്‌നിക്കിനെ ലോകം മുഴുവന്‍ പുകഴ്ത്തുകയാണ്.
പാക് ടീമിന്റെ പുതിയ ബാറ്റിങ് കോച്ചായി കഴിഞ്ഞ ദിവസം നിയമിക്കപ്പെട്ട മുന്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ യൂനിസ് ഖാനും തികഞ്ഞ മതിപ്പാണ് ബാബറിനെക്കുറിച്ചുള്ളത്. കോലിയുടെ ലെവലിലേക്ക് അധികം വൈകാതെ അദ്ദേഹമെത്തുമെന്നും യൂനിസ് ചൂണ്ടിക്കാട്ടുന്നു.

ഇതിഹാസ ബാറ്റ്‌സ്മാനായ മാറാനുള്ള എല്ലാ മിടുക്കും ബാബറിനുണ്ടെന്നു യൂനിസ് അഭിപ്രായപ്പെട്ടു. കോലിയുമായി ഇപ്പോള്‍ ബാബറിനെ താരതമ്യം ചെയ്യുന്നത് തനിക്ക് ഇഷ്ടമല്ല. കോലിയെ നോക്കൂ, അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
നിലവിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കോലി തന്നെയാണെന്നതില്‍ ഒരു സംശയവുമില്ല. എല്ലാ ഫോര്‍മാറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും 42കാരനായ യൂനിസ് പറഞ്ഞു.

കോലിയെപ്പോലെ തന്നെ ബാബറും മികച്ച പ്രകടനമാണ് സമീപകാലത്തു മൂന്നു ഫോര്‍മാറ്റിലും കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കോലിയെത്തിയിരിക്കുന്ന പൊസിഷനിലും നേട്ടങ്ങളിലുമെത്താന്‍ ബാബറിനും കഴിയും.
അടുത്ത അഞ്ചു വര്‍ഷം കൊണ്ട് കോലിയുടെ അതേ ലെവലില്‍ ബാബറിനെയും കാണാം. ഇനിയൊരു നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ ശേഷം ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നതാവും കൂടുതല്‍ ഉചിതമെന്നും യൂനിസ് ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏതു പിച്ചിലും ഒരുപോല മികച്ച പ്രകടനമാണ് കോലി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. 31 വയസ്സാവുമ്പോഴേക്കും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികളും 104 ഫിഫ്റ്റികളും അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഏകദിനത്തില്‍ 43 സെഞ്ച്വറികളാണ് കോലിയുടെ സമ്പാദ്യം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ അദ്ദേഹത്തിന് ഇനി ആറു സെഞ്ച്വറികള്‍ കൂടി മതി. മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക താരം കൂടിയാണ് കോലി.
അതേസമയം, ബാബറും കോലിയെപ്പോലെ തന്നെ ലോകത്തിലെ ഏതു പിച്ചിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഏകദിനം, ടി20 എന്നിവയില്‍ 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള അദ്ദേഹത്തിന് ടെസ്റ്റില്‍ 45ന് മുകളിലാണ് ശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications