ഐപിഎല്ലിനു സമാന്തരമായി പാകിസ്താനില്‍ പിഎസ്എല്‍ (PSL) പുരോഗമിക്കവെ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ ബാബര്‍ ആസമിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫ്രാഞ്ചൈസി ഉടമ. പിഎസ്എല്ലില്‍ പെഷാവര്‍ സല്‍മി ടീമിന്റെ നായകന്‍ കൂടിയാണ് ബാബര്‍. ആദ്യ രണ്ടു കളിയിലും അദ്ദേഹം വന്‍ ഫ്‌ളോപ്പായതിനു പിന്നാലെയാണ് പിന്തുണയുമായി മറ്റൊരു ഫ്രാഞ്ചൈസിയായ കറാച്ചി കിങ്‌സിന്റെ ഉടമയായ സല്‍മാന്‍ ഇഖ്ബാല്‍ രംഗത്തു വന്നിരിക്കുന്നത്.
ഈ സീസണിലെ ആദ്യത്തെ കണ്ടു മല്‍സരങ്ങളിലും രണ്ടക്കം പോലും കടക്കാന്‍ ബാബര്‍ക്കായിട്ടില്ല. 1, 0 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയെ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടു കൊണ്ടിരിക്കുകയാണ് ബാബര്‍. ഇതിനിടെയാണ് കോലിയെപ്പോലും അദ്ദേഹം പിന്തള്ളുമെന്നു ടീമടമ പൊക്കിയടിച്ചിരിക്കുന്നത്.

ബാബര്‍ വേറെ ലെവലാവും
പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഇപ്പോള്‍ ബാബര്‍ ആസമിന്റെ പ്രകടനം അത്ര വലിയ കാര്യമാക്കേണ്ടതില്ലെന്നും ഫോമിലേക്കു മടങ്ങിയെത്തിയാല്‍ ഇതിഹാസമായി മാറുമെന്നുമാണ് സല്‍മാന്‍ ഇഖ്ബാല്‍ പറയുന്നത്. എആര്‍വൈ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു കറാച്ചി കിങ്‌സിന്റെ ടീമുടമ.
ഞാന്‍ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. എന്റെ വാക്കുകള്‍ നങ്ങള്‍ കുറിച്ചു വച്ചോളൂ, ബാബര്‍ ആസം വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയാല്‍ വിരാട് കോലിയടക്കം ലോകത്തിലെ ഏതൊരു വമ്പന്‍ താരത്തേക്കാളും വലിയവനായി മാറും. ഗാരി സോബേഴ്‌സ്, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവര്‍ക്കൊപ്പമായിരിക്കും ബാബറിന്റെ സ്ഥാനമെന്നും സല്‍മാന്‍ ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വളരെ മോശം ഫോമിലൂടെ കടന്നുപോവുകയാണ് ബാബര്‍. 2023ലെ ഐസിസി ഏകദിന ലോകകപ്പിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിലുമെല്ലാം അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി തീര്‍ന്നു. കൂടാതെ ഈ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലും ബാബര്‍ നിറം മങ്ങിയിരുന്നു.
എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള അവസാന ഏകദിന പരമ്പരയില്‍ രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. പക്ഷെ അതിനു ശേഷം പിഎസ്എല്ലില്‍ കളിക്കാനെത്തിയപ്പോള്‍ ബാബറിനു വീണ്ടും പിഴച്ചിരിക്കുകയാണ്.
ബാബര്‍ ആസമില്‍ തീര്‍ച്ചയായും ഒരു ക്ലാസ് ഘടകമുണ്ട്. ഒരാളില്‍ ഈ തരത്തില്‍ ക്ലാസുണ്ടെങ്കില്‍ അതു എല്ലായ്‌പ്പോഴുമുണ്ടാവും. നിങ്ങള്‍ക്കു അതു മാറ്റാനും സാധിക്കില്ല. സ്റ്റൈലന്നത് എല്ലായ്‌പ്പോഴുമുള്ളതാണ്. അദ്ദേഹം തിരിച്ചുവരിക തന്നെ ചെയ്യും.

വലിയൊരു പ്രകടനവുമായി ബാബര്‍ ഉറപ്പായും തിരിച്ചുവരവുമെന്നും കറാച്ചി കിങ്‌സ് ഉടമ കൂട്ടിച്ചേര്‍ത്തു. നേരത്തേ കറാച്ചി ടീമിന്റെ ഭാഗമായിരുന്നു ബാബര്‍. അവിടെ നിന്നാണ് അദ്ദേഹം പെഷാവര്‍ സാല്‍മിയിലേക്കു കൂടുമാറിയത്.
പിഎസ്എല്ലില്‍ ബാബര്‍ വന്‍ ദുരന്തമാവുമ്പോള്‍ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം കസറുകയാണ് വിരാട് കോലി. ഈ സീസണില്‍ ഇതിനകം ആറു മല്‍സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 62 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 248 റണ്‍സ് അടിച്ചെുത്തു കഴിഞ്ഞു.
ബാബറുടെ കരിയര്‍
ബാബര്‍ ആസമിന്റെ അന്താരാഷ്ട്ര കരിയറിലേക്കു വന്നാല്‍ ഏകദിനത്തിലാണ് പാകിസ്താനു വേണ്ടി ഏറ്റവും വലിയ റണ്‍വേട്ട നടത്തിയിട്ടുള്ളതെന്നു കണക്കുകള്‍ പറയുന്നു. ഏകദിനത്തില്‍ 131 മല്‍സരങ്ങളില്‍ നിന്നും 19 സെഞ്ച്വറികളും 37 ഫിഫ്റ്റികളുമടക്കം 6235 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
ടി20യില്‍ 128 മല്‍സരങ്ങളില്‍ ബാബര്‍ കളിച്ചുകഴിഞ്ഞു. 4223 റണ്‍സും അദ്ദേഹം അടിച്ചെടുത്തു. മൂന്നു സെഞ്ച്വറികളും 36 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടെസ്റ്റിലാവട്ടെ ബാബര്‍ സ്‌കോര്‍ ചെയ്തത് 4235 റണ്‍സാണ്. 59 മല്‍സരങ്ങളില്‍ നിന്നാണിത്. റെഡ് ബോളില്‍ ഒമ്പതു സെഞ്ച്വറികളും 29 ഫിഫ്റ്റികളും പാക് താരം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.