
ആക്വിബിന്റെ അഭിപ്രായത്തില്‍ കോലിയേക്കാള്‍ കേമന്‍ ബാബറും ബുംറയേക്കാള്‍ കേമന്‍ ഷഹീനുമാണ്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 'ഇപ്പോള്‍ എനിക്ക് തോന്നുന്നു ബാബര്‍ കോലിയേക്കാള്‍ മുന്നിലാണെന്ന്. കോലി ഒരു സമയത്ത് ഫോമിന്റെ ഉന്നതങ്ങളിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. എന്നാല്‍ ബാബര്‍ അങ്ങനെയല്ല. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മുന്നോട്ട് പോകുന്നു'- ആക്വിബ് പറഞ്ഞു. നിലവില്‍ ഏകദിന, ടി20 ബാറ്റിങ് റാങ്കിങ്ങില്‍ ബാബറാണ് തലപ്പത്ത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിരാട് കോലിയില്‍ നിന്ന് മികച്ചൊരു പ്രകടനം കാണാനായിട്ടില്ല. അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി പ്രകടനം പിറന്നിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. ടെസ്റ്റില്‍ കോലിയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശം. ഐപിഎല്ലിലേക്ക് വന്നാലും കോലിക്ക് മികവ് കാട്ടാനാവുന്നില്ല. അതേ സമയം ബാബര്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. സമീപകാലത്തെ കണക്കുകള്‍ നോക്കുമ്പോള്‍ അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് പറയാം.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റ മത്സരമായിരുന്നു ഇത്. 10 വിക്കറ്റിന് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചപ്പോള്‍ നായകസ്ഥാനത്ത് ബാബറായിരുന്നു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്കെത്തിക്കാനും ബാബറിനായിരുന്നു.

ആധുനിക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ തിളങ്ങുന്ന ബുംറയുടെ യോര്‍ക്കറുകള്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമാണ്. എന്നാല്‍ ബുംറയെക്കാള്‍ മികച്ച ബൗളര്‍ പാക് ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണെന്നാണ് ആക്വിബ് പറഞ്ഞത്. 'ഇപ്പോള്‍ ബുംറയെക്കാള്‍ മികച്ചവന്‍ ഷഹീനാണെന്ന് കരുതുന്നു. കാരണം ഷഹീന്‍ വരുമ്പോള്‍ ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലെ താരമായിക്കഴിഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റിലും അവന്‍ ഒരുപോലെ മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയേക്കാള്‍ കേമനാണ് താനെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിക്കാന്‍ ഷഹീനായി'- ആക്വിബ് പറഞ്ഞു.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചപ്പോള്‍ ശ്രദ്ധേയമായത് ഷഹീന്റെ പ്രകടനമായിരുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നീ ഇന്ത്യയുടെ മൂന്ന് വന്മരങ്ങളെയും വീഴ്ത്താന്‍ ഷഹീന് സാധിച്ചിരുന്നു. ഇടം കൈയന്‍ പേസറായ ഷഹീന്‍ മൂന്ന് ഫോര്‍മാറ്റിലും ഇപ്പോള്‍ ഒരുപോലെ തിളങ്ങുന്നു. വിദേശ പര്യടനങ്ങളിലടക്കം അദ്ദേഹം ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ന്യൂബോളില്‍ സ്വിങ് കണ്ടെത്താനും വിക്കറ്റ് വീഴ്ത്താനും ഷഹീന്‍ മിടുക്കനാണ്. എന്നാല്‍ ഡെത്ത് ഓവറിലെ അദ്ദേഹത്തിന്റെ ബൗളിങ് പ്രകടനം പലപ്പോഴും അത്ര മികച്ചതല്ല എന്ന് തന്നെ പറയാം.


Click it and Unblock the Notifications












