Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിമര്‍ശിച്ചവര്‍ കാണൂ, കിങ് ബാബര്‍- മറ്റാര്‍ക്കുമില്ലാത്ത റെക്കോഡ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം സമീപകാലത്തായി വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. 2023ലെ ഏകദിന ലോകകപ്പിലെ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ബാബറിന്റെ നായകനെന്ന നിലയിലെ സീറ്റ് തെറിച്ചു. മോശം ഫോമും താരത്തെ വേട്ടയാടിയെങ്കിലും ഇപ്പോഴിതാ ശക്തമായ തിരിച്ചുവരവ് നടത്തി കൈയടി നേടിയിരിക്കുകയാണ് ബാബര്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ചരിത്ര നേട്ടത്തിലേക്കെത്തിയാണ് ബാബര്‍ ശ്രദ്ധ നേടുന്നത്.

പിഎസ്എല്ലിന്റെ ചരിത്രത്തില്‍ 3000 പ്ലസ് റണ്‍സ് നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് ബാബര്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. അവസാന മത്സരത്തില്‍ 42 പന്തില്‍ 68 റണ്‍സ് നേടിയതോടെയാണ് ചരിത്ര നേട്ടത്തിലേക്ക് ബാബറെത്തിയത്. നാല് ഫോറും സിക്‌സുമാണ് അദ്ദേഹം പറത്തിയത്. 78 ഇന്നിങ്‌സില്‍ നിന്ന് 3003 റണ്‍സാണ് നിലവില്‍ ബാബറിന്റെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഫഖര്‍ സമാന്റെ പേരില്‍ 2387 റണ്‍സാണുള്ളത്.

2135 റണ്‍സോടെ ഷുഹൈബ് മാലിക് മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2007 റണ്‍സോടെ മുഹമ്മദ് റിസ്വാന്‍ നാലാം സ്ഥാനത്താണ്. 1972 റണ്‍സുള്ള കമ്രാന്‍ അക്മലാണ് അഞ്ചാം സ്ഥാനത്ത്. പാകിസ്താന്‍ സൂപ്പര്‍ ലീഗിന്റെ നിലവാരം ഐപിഎല്ലിനെക്കാള്‍ വളരെ താഴെയായതിനാല്‍ പിഎസ്എല്ലിലെ റെക്കോഡുകള്‍ക്കൊന്നും വലിയ വില ലഭിക്കാറില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ വിരാട് കോലിയേക്കാള്‍ കേമനെന്ന് പാക് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരമാണ് ബാബര്‍.

പരിമിത ഓവറില്‍ മികച്ച റെക്കോഡുകള്‍ ബാബറിന് അവകാശപ്പെടാനാവും. എന്നാല്‍ ടെസ്റ്റില്‍ ഇതുവരെ ഒരു ഇരട്ട സെഞ്ച്വറി പ്രകടനം പോലും ബാബര്‍ നടത്തിയിട്ടില്ല. കണക്കുകള്‍ നോക്കുമ്പോള്‍ വിരാട് കോലിയെക്കാള്‍ ഏറെ പിന്നിലാണ് ബാബര്‍. ഐപിഎല്ലിനെക്കാള്‍ ചെറിയ മൈതാനമാണ് പിഎസ്എല്ലിലുള്ളത്. അതുകൊണ്ടുതന്നെ ബൗണ്ടറികളും സിക്‌സുകളും ഐപിഎല്ലിനെക്കാള്‍ കൂടുതലും സൃഷ്ടിക്കപ്പെടും. എന്നാല്‍ ഇതിനെ റെക്കോഡായി പരിഗണിക്കുമ്പോഴെല്ലാം വലിയ പരിഹാസം ഉയരാറുണ്ട്.

babar azam

പാകിസ്താന്‍ സൂപ്പര്‍ താരമെന്ന പദവിയില്‍ നിന്ന് ഇപ്പോള്‍ ബാബര്‍ പിന്നോട്ട് നടക്കുന്നതായാണ് കാണാനാവുന്നത്. നായകസ്ഥാനം കൂടി പോയതോടെ ബാബറിന് വലിയ വില ഇപ്പോള്‍ ഇല്ലെന്ന് പറയാം. ഇനി കോലിയുടെ പേരിനൊപ്പം താരതമ്യപ്പെടുത്താല്‍ തുടര്‍ച്ചയായി ഗംഭീര പ്രകടനങ്ങള്‍ താരം നടത്തേണ്ടിയിരിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ നിരാശപ്പെടുത്തുന്നുവെന്നതാണ് വസ്തുത.

2016ലാണ് താരം പിഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇസ്ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്‌സ് ടീമുകള്‍ക്കായി കളിച്ച താരം 2023ലാണ് സാല്‍മിയിലേക്കെത്തുന്നത്. ഐപിഎല്ലില്‍ താരങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ നാലില്‍ ഒന്ന് പ്രതിഫലം പോലും പിഎസ്എല്‍ സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. വിരാട് കോലിക്കും രോഹിത് ശര്‍മക്കുമെല്ലാം ഒരു ഐപിഎല്‍ സീസണ്‍കൊണ്ട് 16 കോടിയാണ് പ്രതിഫലമായി ലഭിക്കുന്നത്. പിഎസ്എല്ലില്‍ 2 കോടി ലഭിക്കുന്നവര്‍ പോലും വിരളമാണ്.

ബാബര്‍ ആസമിന് പോലും 3 കോടിയോളമാണ് പ്രതിഫലം. താരത്തിന്റെ പിഎസ്എല്‍ കരിയറിലെ 3003 റണ്‍സില്‍ 16 റണ്‍സ് ഇസ്ലാമാബാദ് യുണൈറ്റഡിനൊപ്പം നേടിയതാണ്. കറാച്ചി കിങ്‌സിനൊപ്പം 66 മത്സരം കളിച്ച ബാബര്‍ 23 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 2398 റണ്‍സാണ് നേടിയത്. സാല്‍മിയിലേക്കെത്തിയ ശേഷം 12 മത്സരമാണ് അദ്ദേഹം കളിച്ചത്. 53ന് മുകളില്‍ ശരാശരിയില്‍ 590 റണ്‍സാണ് നേടിയത്. സാല്‍മിക്കൊപ്പം ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ബാബര്‍ നേടിയിട്ടുണ്ട്.

പഴയ മികവ് നഷ്ടപ്പെട്ട ബാബറിന് വരാനിരിക്കുന്ന ടി20 ലോകകപ്പ് വളരെ നിര്‍ണ്ണായകമാണ്. തകര്‍പ്പന്‍ പ്രകടനത്തോടെ തിരിച്ചുവരവ് നടത്താന്‍ ബാബറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം വലിയ ഉയരങ്ങളില്‍ നിന്ന് ബാബറിന് താഴോട്ട് പോകേണ്ടി വരും.

Story first published: Tuesday, February 20, 2024, 11:14 [IST]
Other articles published on Feb 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+