IND vs ENG: അരങ്ങേറ്റം അടിപൊളി- ഇന്ത്യയുടെ ഫൈവ് സ്റ്റാറുകള്‍, സ്ഥാനമുറപ്പിച്ചത് ആരൊക്കെ?
ഇംഗ്ലണ്ടിനെതിരായ ദൈര്‍ഘ്യമേറിയ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ ആഹ്ലാദിക്കാനും ഒപ്പം അഭിമാനിക്കാവും വക നല്‍കുന്നതാണ്. ടെസ്റ്റ്, ടി20, ഏകദിനം തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ലോകത്തിലെ ഏറ്റവും മികച്ച ടീമായ ഇംഗ്ലണ്ടിനെ കൊമ്പുകുത്തിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ടെസ്റ്റ് പരമ്പര 3-1നും ടി20 3-2നും ഏകദിനം 2-1നുമാണ് വിരാട് കോലിയും സംഘവും കൈക്കലാക്കിയത്.
മൂന്നു പരമ്പരകളിലുമായി അഞ്ചു പേരാണ് ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ ഒരാളും ടി20, ഏകദിനം എന്നിവയിര്‍ രണ്ടു പേര്‍ വീതവും ആദ്യമായി ക്യാപ്പണിഞ്ഞു. ഇവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഓരോ താരങ്ങളുടെ പ്രകടനം നമുക്കൊന്നു വിശകലനം ചെയ്യാം.

അക്ഷര്‍ പട്ടേല്‍ (ടെസ്റ്റ്)
ആദ്യം നടന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ എല്ലാ പ്രതീക്ഷകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. പരിക്കു കാരണം ആദ്യ ടെസ്റ്റ് നഷ്ടമായെങ്കിലും തുടര്‍ന്നുള്ള മൂന്നു ടെസ്റ്റുകൡും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അക്ഷറിനു സാധിച്ചു. മൂന്നു ടെസ്റ്റുകളില്‍ നിന്നും 27 വിക്കറ്റുകളാണ് ഇടംകൈയന്‍ സ്പിന്നര്‍ കൊയ്തത്. നാലു അഞ്ചു വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. ഇതോടെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകളെന്ന ദിലിപ് ധോഷിയുടെ റെക്കോര്‍ഡിനൊപ്പവും അക്ഷറെത്തിയിരുന്നു.
അരങ്ങേറ്റത്തില്‍ തന്നെ ഏഴു വിക്കറ്റുമായാണ് അക്ഷര്‍ വരവറിയിച്ചത്. തൊട്ടടുത്ത ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 11 വിക്കറ്റുകള്‍ താരം പോക്കറ്റിലാക്കി.

ഇഷാന്‍ കിഷന്‍ (ടി20)
ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തിലായിരുന്നു ഐപിഎല്ലിലൂടെ ശ്രദ്ധേയനായ ഇഷാന്‍ കിഷന്‍ ഇന്ത്യക്കായി അരങ്ങേറിയത്. കന്നി മല്‍സരത്തില്‍ ഫിഫ്റ്റിയുമായി താരം ആരാധകരെ കൈയിലെടുത്തു. റണ്‍ചേസിന് ഇറങ്ങിയ ഇന്ത്യക്കു വേണ്ടി 32 ബോളില്‍ നാലു സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം 56 റണ്‍സ് താരം നേടി. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇഷാനെ തേടിയെത്തി.
തൊട്ടടുത്ത മല്‍സരത്തിലും ഇഷാന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും നാലു റണ്ണിന് പുറത്തായി. പരിക്കു കാരണം അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചതുമില്ല.

സൂര്യകുമാര്‍ യാദവ് (ടി20)
ഇഷാനോടൊപ്പം തന്നെ രണ്ടാം ടി20യിലൂടെയായിരുന്ന മുംബൈ ഇന്ത്യന്‍സിലെ സഹതാരം കൂടിയായ സൂര്യകുമാര്‍ യാദവും ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. പക്ഷെ ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. തൊട്ടടുത്ത കളിയില്‍ സൂര്യയെ ഇന്ത്യ ഒഴിവാക്കിയത് എല്ലാവരെയും നിരാശരാക്കിയിരുന്നു. നാലാം ടി20യില്‍ സൂര്യയെ ഇന്ത്യ തിരിച്ചുവിളിച്ചു. ഈ അവസരം രണ്ടു കൈയും നീട്ടി താരം സ്വീകരിക്കുകയും ചെയ്തു.
മൂന്നാമനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ സൂര്യ നേരിട്ട ആദ്യബോളില്‍ തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ സിക്‌സറടിച്ചാണ് തുടക്കം അവിസ്മരണീയമാക്കിയത്. 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് സൂര്യ നേടി. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
അവസാന കളിയിലും സൂര്യ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇത്തവണയും താരം സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ചു. 17 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 32 റണ്‍സ് അടിച്ചെടുത്താണ് സൂര്യ പുറത്തായത്. ടി20യിലെ പ്രകടനം അദ്ദേഹത്തിന് ഏകദിന പരമ്പരയിലും ടീമില്‍ ഇടം നേടിക്കൊടുത്തെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.

ക്രുനാല്‍ പാണ്ഡ്യ (ഏകദിനം)
വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കു ആദ്യമായി ഏകദിന ടീമില്‍ ഇടം നേടിക്കൊടുത്തത്. ആദ്യ മല്‍സരത്തില്‍ തന്നെ അദ്ദേഹത്തിന് അരങ്ങേറാന്‍ അവസരം ലഭിക്കുകയും ചെയ്തു. 31 ബോളില്‍ പുറത്താവാതെ 58 റണ്‍സെടുത്ത് ക്രുനാല്‍ അരങ്ങേറ്റത്തില്‍ കസറി. കളിച്ച മൂന്നു ഇന്നിങ്‌സുകളിലായി 95 റണ്‍സാണ് അദ്ദേഹം നേടിയത്.
പക്ഷെ ബൗളിങില്‍ ക്രുനാലിന് ഒരു ഇംപാക്ടുമുണ്ടാക്കാനായില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. രവീന്ദ്ര ജഡേജ മടങ്ങിയെത്തിയാല്‍ ക്രൂനാലിന് സ്ഥാനം നഷ്ടമാവുമെന്നുറപ്പാണ്.

പ്രസിദ്ധ് കൃഷ്ണ (ഏകദിനം)
ക്രുനാലിനൊപ്പം തന്നെ ആദ്യ ഏകദിനത്തിലൂടെ അരങ്ങേറിയ താരമാണ് കര്‍ണാടകയില്‍ നിന്നുള്ള പേസര്‍ പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി ശ്രദ്ധയമായ പ്രകടനം നടത്തിയിട്ടുള്ള പ്രസിദ്ധ് അരങ്ങേറ്റത്തില്‍ തിളങ്ങി. തോല്‍ക്കുമെന്നു കരുതിയ മല്‍സരത്തില്‍ ടീമിനു നാടകീയ വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനും അദ്ദേഹത്തിനു സാധിച്ചു. 54 റണ്‍സിന് നാലു വിക്കറ്റുകള്‍ പേസര്‍ നേടി. ഇതോടെ ഏകദിനത്തില്‍ ഇന്ത്യക്കായി അരങ്ങേറ്റ മല്‍സരത്തില്‍ നാലു വിക്കറ്റെടുത്ത ആദ്യ ബൗളറെന്ന നേട്ടവും പ്രസിദ്ധിനെ തേടിയെത്തി.
പക്ഷെ തുടര്‍ന്നുള്ള രണ്ടു കളികളിലും താരത്തിന് ഈ താളം നിലനിര്‍ത്താനായില്ല. രണ്ടാം ഏകദിനത്തില്‍ രണ്ടു വിക്കറ്റെടുത്ത പ്രസിദ്ധിന് മൂന്നാം ഏകദിനത്തില്‍ വിക്കറ്റൊന്നും ലഭിച്ചതുമില്ല. എങ്കിലും ഉയരം കൊണ്ടും മികച്ച ബൗളിങ് ആക്ഷന്‍ കൊണ്ടും സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവര്‍ പ്രസിദ്ധ് മികച്ച ഭാവിയുള്ള താരമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications