രോഹിത്തിന് കീഴില്‍ അരങ്ങേറ്റം, ഇപ്പോള്‍ പൊടിപോലുമില്ല! മൂന്ന് ഇന്ത്യക്കാരിതാ
മുംബൈ: വിരാട് കോലി സീറ്റൊഴിഞ്ഞ് നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മയെത്തിയപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നു. മുംബൈ ഇന്ത്യന്‍സിന് അഞ്ച് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത്. അദ്ദേഹം ഇന്ത്യയുടെ നായകനായപ്പോള്‍ ഐസിസി കിരീടത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലിലെ നായകമികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരം നായകനായ ശേഷം രോഹിത് കാട്ടിയില്ല.
രോഹിത് ശര്‍മക്ക് കീഴില്‍ സഞ്ജു സാംസണടക്കം പല യുവതാരങ്ങളും കൂടുതല്‍ അവസരം പ്രതീക്ഷിച്ചിരുന്നു. രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായും എത്തിയതോടെ യുവതാരങ്ങളാണ് കൂടുതല്‍ സന്തോഷിച്ചത്. പക്ഷെ ഈ കൂട്ടുകെട്ടിന് കീഴില്‍ പ്രതീക്ഷിച്ച നിലവാരം ഇന്ത്യന്‍ ടീം കാട്ടിയില്ലെന്നതാണ് വസ്തുത. എന്നാല്‍ ചില താരങ്ങള്‍ക്ക് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചു. പക്ഷെ ഇവരില്‍ പലരും നിരാശപ്പെടുത്തി.
ഇത്തരത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ അരങ്ങേറ്റം നടത്തുകയും പക്ഷെ ഇപ്പോള്‍ അഡ്രസില്ലാതെയാവുകയും ചെയ്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഹര്‍ഷല്‍ പട്ടേലാണ്. ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു ഹര്‍ഷല്‍. മീഡിയം പേസര്‍ ഇന്ത്യക്കായി രോഹിത് ക്യാപ്റ്റനായ ശേഷമാണ് അരങ്ങേറുന്നത്. ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് നേട്ടത്തിന്റെ കരുത്തിലാണ് ഹര്‍ഷലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്.
ആദ്യ മത്സരങ്ങളിലെല്ലാം തരക്കേടില്ലാതെ പന്തെറിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് ഹര്‍ഷല്‍ തല്ലുകൊള്ളി ബൗളറായി മാറി. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുമ്പോഴും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത ബൗളറാണ് അദ്ദേഹം. ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഹര്‍ഷല്‍. ഇനിയൊരു തിരിച്ചുവരവും പ്രയാസം. ഹര്‍ഷലിന് പകരമെത്തിയ അര്‍ഷദീപ് സിങ് മികവുകാട്ടുകയും ചെയ്തതോടെ ടി20യിലെ ഹര്‍ഷലിന്റെ തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിത്തീര്‍ന്നിരിക്കുകയാണ്.

ഇന്ത്യക്കായി 25 ടി20യാണ് ഹര്‍ഷല്‍ പട്ടേല്‍ കളിച്ചത്. 29 വിക്കറ്റ് നേടിയപ്പോള്‍ ഇക്കോണമി റേറ്റ് 9ന് മുകളിലാണ്. 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 92 ഐപിഎല്ലില്‍ നിന്നായി 111 വിക്കറ്റും അദ്ദേഹം നേടി. 8.59 ആണ് ഇദ്ദേഹത്തിന്റെ ഐപിഎല്ലിലെ ഇക്കോണമി. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുവീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
രണ്ടാമത്തെ താരം വെങ്കടേഷ് അയ്യരാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും മീഡിയം പേസറുമായ വെങ്കടേഷ് അയ്യരും രോഹിത്തിന് കീഴിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിന് പകരം ഇന്ത്യ ടി20യിലും ഏകദിനത്തിലും വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച താരമാണ് വെങ്കടേഷ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വെങ്കടേഷിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്.
ഐപിഎല്ലില്‍ ഓപ്പണറായിരുന്ന താരത്തെ ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിച്ചപ്പോള്‍ പരീക്ഷണം പാളി. സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചില്ലെന്നുമാത്രമല്ല പന്തുകൊണ്ട് യാതൊരു ഗുണവുമില്ലാത്തവനായി. ഇതോടെ തഴയപ്പെട്ട വെങ്കടേഷിന് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്. അവസാന ഐപിഎല്ലില്‍ സെഞ്ച്വറി നേടിയെങ്കിലും തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ വെങ്കടേഷ് പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ മടങ്ങിവരവ് കടുപ്പം.
ഇന്ത്യക്കായി രണ്ട് ഏകദിനം കളിച്ച് 24 റണ്‍സ് നേടിയപ്പോള്‍ 9 ടി20യില്‍ നിന്ന് 133 റണ്‍സും അഞ്ച് വിക്കറ്റും നേടി. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 8.18 ആണ് ഇക്കോണമി. 36 ഐപിഎല്‍ മത്സരം കളിച്ച് 956 റണ്‍സും മൂന്ന് വിക്കറ്റും അദ്ദേഹം സ്വന്തമാക്കി. അവസാന സീസണിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു വെങ്കടേഷ്.
മൂന്നാമത്തെ താരം ആവേശ് ഖാനാണ്. ഐപിഎല്ലില്‍ മികവുകാട്ടിയെത്തിയ വലം കൈയന്‍ പേസറാണ് ആവേശ് ഖാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം മികവുകാട്ടിയ ആവേശ് ഇന്ത്യന്‍ ടീമിലേക്കെത്തിയ ശേഷം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. തല്ലുകൊള്ളിയായതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടു. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ആവേശുള്ളത്. ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക ആവേശിന് പ്രയാസമായിരിക്കും.
അഞ്ച് ഏകദിനത്തില്‍ നിന്ന് മൂന്നുവിക്കറ്റും 15 ടി20യില്‍ നിന്ന് 13 വിക്കറ്റുമാണ് ആവേശിന്റെ സമ്പാദ്യം. 47 ടി20യില്‍ നിന്ന് 55 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. പ്രായം 26 മാത്രമാണെന്നതിനാല്‍ ആവേശ് തിരിച്ചുവരവ് നടത്തിയാലും അത്ഭുതപ്പെടാനാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications