
റിച്ചാര്‍ഡ്‌സന്റെ പകരക്കാരന്‍
ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നു പിന്‍മാറുന്നതായി അറിയിച്ചിരുന്നു. ഭാര്യയുടെ ആദ്യ പ്രസവം കാരണം തനിക്കു ഐപിഎല്ലില്‍ കളിക്കാനാവില്ലെന്നു താരം അറിയിക്കുകയായിരുന്നുവെന്നാണ് ആര്‍സിബി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഇതേ തുടര്‍ന്നാണ് പകരക്കാരനായി ഓസീസിന്റെ തന്നെ മറ്റൊരു താരമായ സാംപയെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. ആര്‍സിബി നിറത്തില്‍ ത്രില്ലടിച്ചാണ് ഞങ്ങള്‍ ആദം സാംപയെ സ്വാഗതം ചെയ്യുന്നത്. കെയ്ന്‍ റിച്ചാര്‍ഡ്‌സനു പകരമാണിത്. ബോള്‍ഡായി കളിക്കാം ആദം സാംപ എന്നായിരുന്നു ട്വിറ്ററില്‍ താരത്തെ ഫോട്ടോയ്‌ക്കൊപ്പം ആര്‍സിബി കുറിച്ചത്.

സാംപയുടെ കന്നി ഐപിഎല്‍ അല്ല
സാംപയെ സംബന്ധിച്ച് ഐപിഎല്ലില്‍ ഇതു കന്നി സീസണ്‍ അല്ല. 2017ലെ ടൂര്‍ണമെന്റില്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത റൈസിങ് പൂനെ ജയന്റ്‌സിനായി താരം കളിച്ചിരുന്നു. അന്നു ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ സാംപ കാഴ്ചവച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ 19 റണ്‍സിനു സാംപ ആറു വിക്കറ്റുകളുമായി കസറിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.
എന്നാല്‍ കഴിഞ്ഞ മൂന്നു സീസണുകളിലെ ഐപിഎല്ലിലും സാംപയെ ലേലത്തില്‍ വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. ബൗളിങ് എല്ലാ സീസണിലും വീക്ക്‌നെസായ ആര്‍സിബിക്കു സാംപയുടെ സാന്നിധ്യം തീര്‍ച്ചയായും മുതല്‍ക്കൂട്ടാവുമെന്നുറപ്പാണ്.

അനുകൂലമായ സാഹചര്യങ്ങള്‍
സാംപയെ സംബന്ധിച്ച് കൂടുതല്‍ അനുകൂലമായ സാഹചര്യമാണ് ഈ സീസണിലെ ഐപിഎല്ലിലുള്ളത്. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളില്‍ താരത്തിന്റെ പ്രകടനം ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിച്ചേക്കും.
നിലവില്‍ ആര്‍സിബി ടീമിലുള്ള സ്പിന്നര്‍മാര്‍ യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മോയിന്‍ അലി എന്നിവരാണ്. ചഹലിനൊപ്പം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി സാംപയെ ആര്‍സിബി കളിപ്പിക്കാനാണ് കൂടുതല്‍ സാധ്യത.

കോലി- സാംപ പോര്
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിക്കെതിരേ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബൗളര്‍ സാംപയാണ്. ഏഴു തവണയാണ് കോലിയെ ഓസീസ് സ്പിന്നര്‍ പുറത്താക്കിയിട്ടുള്ളത്. ഇവയില്‍ അഞ്ചെണ്ണം ഏകദിനത്തില്‍ ആയിരുന്നെങ്കില്‍ രണ്ടെണ്ണം ട്വി20യിലുമായിരുന്നു.
ഏറ്റവും അവസാനമായി ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ ഏകദിന പരമ്പര കളിച്ചപ്പോഴും കോലിയെ ഏറ്റവുമധികം വെള്ളം കുടിപ്പിച്ചത് സംപയായിരുന്നു. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ നായകനെ പുറത്താക്കിയ സാംപ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ഏകദിനത്തിലും കോലിയെ പവലിയനിലേക്കു മടക്കിയിരുന്നു.


Click it and Unblock the Notifications










