ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടങ്ങള്‍ എല്ലായ്‌പ്പോും തീപാറിക്കാറുണ്ട്. ലോക ക്രിക്കറ്റില്‍ എല്ലാ കാലത്തും ഇന്ത്യയെ ഭയപ്പെടുത്തുകയും വെല്ലുവിളികള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള എതിരാളികളാണ് കംഗാുപ്പട. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ കൂടുതല്‍ കരയിച്ചിട്ടുള്ളതും അവര്‍ തന്നെയാണ്. ലോകകപ്പിന്റെ ഫൈനലിലുള്‍പ്പെടെ ഒന്നിലേറെ തവണ ഇന്ത്യയുടെ വില്ലനായി ഓസ്‌ട്രേലിയ മാറിയിട്ടുണ്ട്.
കളിക്കളത്തില്‍ അല്‍പ്പം പോലും വിട്ടുകൊടുക്കാത്ത എതിരാളികളാണെങ്കിലും പുറത്ത് ഇരുടീമിലെയും താരങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദവും ബഹുമാനവുമാണുള്ളത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്നും ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്കു ഒരാളെ തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചാല്‍ ആരെയാവും ഉള്‍പ്പെടുത്തുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചില മുന്‍നിര കളിക്കാര്‍.

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററമുമായ സ്റ്റീവ് സ്മിത്തുള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. പ്രൈം വീഡിയോ ഓസ്‌ട്രേലിയയോടാണ് ഓസീസ് താരങ്ങള്‍ മനസ്സ് തുറന്നത്. സ്മിത്തിനെക്കൂടാതെ പേസര്‍മാരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ബാറ്റര്‍മാരായ മാര്‍നസ് ലബ്യുഷെയ്ന്‍, ഉസ്മാന്‍ ഖ്വാജ, സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലയണ്‍, വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരി എന്നിവരാണ് തങ്ങള്‍ക്കു ഇഷ്ടപ്പെട്ട ഒരു ഇന്ത്യന്‍ താരത്തെ ചൂണ്ടിക്കാണിച്ചത്.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളുമായ രോഹിത് ശര്‍മയെ ഓസീസ് ടീമില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി ഇവരില്‍ ഒരാള്‍ പോലും പറഞ്ഞില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
ഏഴു ഓസ്‌ട്രേലിയന്‍ കളിക്കാരില്‍ നാലു പേരും തങ്ങളുടെ ടീമിലേക്കു തിരഞ്ഞെടുത്തയാള്‍ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നു കാണാം. ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തന്റെ താരമൂല്യത്തിനു ഒട്ടും തന്നെ കുറവ് വന്നിട്ടില്ലെന്നാണ് സച്ചിന്‍ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നത്.
സച്ചിന്‍ കഴിഞ്ഞാല്‍ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായി ചൂണ്ടിക്കാണിക്കപ്പെടുന്ന വിരാട് കോലിക്കാണ് ഡിമാന്റ്. രണ്ടു ഓസീസ് താരങ്ങളാണ് കോലിയെ ടീമിലേക്കു കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ശേഷിച്ച ഒരു ഓസീസ് താരം തിരഞ്ഞെടുത്തത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെയാണ്.
സ്മിത്ത്, സ്റ്റാര്‍ക്ക്, ലബ്യുഷെയ്ന്‍, ഖ്വാജ എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ നിന്നും തങ്ങള്‍ ആഗ്രഹിക്കുന്നയാള്‍ സച്ചിനാണെന്നു വെളിപ്പെടുത്തിയത്. എന്നാല്‍ ലയണും ക്യാരിയും തങ്ങളുടെ ടീമിലേക്കു കൊണ്ടുവന്നയാള്‍ കോലിയാണ്. ഫാസ്റ്റ് ബൗളര്‍ ഹേസല്‍വുഡാണ് ബുറയെ തന്റെ ടീമിലേക്കു നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സച്ചിന്‍. ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ജാസണ്‍ ഗില്ലെസ്പി, ബ്രെറ്റ് ലീ തുടങ്ങി ഓസ്‌ട്രേലിയയുടെ സുവര്‍ണ തലമുറയിലെ ബൗളര്‍മാരെയെല്ലാം വളരെ അനായാസം കൈകാര്യം ചെയ്താണ് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്. ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായിരുന്ന വോണിന്റെ ഉറക്കം കെടുത്തിയ ഒരേയൊരു ബാറ്ററും സച്ചിന്‍ തന്നെയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം ഏറ്റവുമധികം റണ്‍സ് ടെസ്റ്റില്‍ വാരിക്കൂട്ടിയത് ഓസ്‌ട്രേലിയക്കെതിരേയാണെന്നു കണക്കുകള്‍ പറയുന്നു. 1991 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ ഓസീസിനെതിരേ സച്ചിന്റെ സമ്പാദ്യം 3630 റണ്‍സാണ്. 39 ടെസ്റ്റുകളില്‍ നിന്നാണിത്.
ഏകദിനത്തിലാവട്ടെ ശ്രീലങ്ക (3113 റണ്‍സ്) കഴിഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ റണ്ണെടുത്തതും ഓസീസിനെതിരേ തന്നെയാണ്. 71 മല്‍സരങ്ങളില്‍ നിന്നും സച്ചിന്‍ സ്‌കോര്‍ ചെയ്തത് 3077 റണ്‍സാണ്. ഒമ്പതു സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.